Sorry, you need to enable JavaScript to visit this website.

സൗദിയിൽ ബിനാമി ബിസിനസ്: ശിക്ഷകളിൽ നിന്ന് ഒഴിവാക്കാൻ ഏഴു കാര്യങ്ങൾ ശ്രദ്ധിക്കുക

ജിദ്ദ - ബിനാമി ബിസിനസ് കേസ് പ്രതികളെ കോടതികൾക്ക് ശിക്ഷകളിൽനിന്ന് ഒഴിവാക്കാവുന്നതാണെന്നും ഇതിന് ഏഴു വ്യവസ്ഥകൾ ബാധകമാണെന്നും ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം വ്യക്തമാക്കി. ബിനാമി ബിസിനസിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുന്ന സമയത്ത് കുറ്റം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നതാണ് വ്യവസ്ഥകളിൽ ഒന്നാമത്തെത്. ബന്ധപ്പെട്ട വകുപ്പുകൾ കണ്ടെത്തുന്നതിനു മുമ്പായി താൻ ബിനാമി ബിസിനസ് കുറ്റകൃത്യം നടത്തിയതായും ബിനാമി ബിസിനസിലെ പാർട്ണർമാരും അല്ലാത്തവരുമായ കുറ്റവാളികളെ കുറിച്ചും വാണിജ്യ മന്ത്രാലയത്തെ അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 
ബിനാമി ബിസിനസിനെ കുറിച്ച് സ്വയം പരാതി നൽകാൻ മുന്നോട്ടുവരുന്നതിനു മുമ്പ് മറ്റു കുറ്റവാളികൾ ആരും തന്നെ ഇതേ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിരിക്കരുത്. പരാതി നൽകുന്ന ദിവസം മുതൽ കേസിൽ അന്വേഷണം പൂർത്തിയാകുന്നതു വരെ വാണിജ്യ മന്ത്രാലയവുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിക്കണമെന്നും വ്യവസ്ഥയുണ്ട്. 
കുറ്റകൃത്യം തെളിയിക്കാൻ സഹായിക്കുന്ന തെളിവോ വിവരങ്ങളോ പരാതിക്കാരൻ സമർപ്പിക്കണം. കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവോ വിവരങ്ങളോ മറച്ചുവെക്കാനോ നശിപ്പിക്കാനോ അവയിൽ കൃത്രിമം നടത്താനോ പാടില്ല. കുറ്റകൃത്യങ്ങളിൽ പങ്കുള്ള മറ്റു പ്രതികളുടെ നിയമ വിരുദ്ധ വരുമാനം കണ്ടെത്താനോ ഈ വരുമാനം നിയന്ത്രിക്കുന്നതിൽ നിന്ന് അവരെ തടയാനോ പരാതി സഹായിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതെല്ലാം പൂർണമാണെങ്കിലാണ് ബിനാമി വിരുദ്ധ നിയമം അനുസരിച്ച ശിക്ഷകളിൽ നിന്ന് പ്രതികളെ കോടതികൾ ഒഴിവാക്കുക. 
സൗദിയിൽ ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. കൂടാതെ നിയമ വിരുദ്ധ സമ്പാദ്യം കോടതി വിധിയിലൂടെ കണ്ടുകെട്ടാനും നിയമം അനുശാസിക്കുന്നു. സ്ഥാപനം അടച്ചുപൂട്ടൽ, ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കൽ, വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് കുറ്റക്കാരായ സൗദി പൗരന്മാർക്ക് വിലക്കേർപ്പെടുത്തൽ, നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും ഈടാക്കൽ, കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തൽ, പുതിയ വിസകളിൽ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇവർക്ക് വിലക്കേർപ്പെടുത്തൽ എന്നീ ശിക്ഷകളും നിയമ ലംഘകർക്ക് ലഭിക്കും.

Latest News