ന്യൂദല്‍ഹി- എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ സഞ്ജയ് മിശ്രയുടെ കാലാവധി സുപ്രിം കോടതി വീണ്ടും നീട്ടി നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തില്‍ ദേശീയ താത്പര്യം മുന്‍ നിര്‍ത്തിയാണ് സുപ്രിം കോടതി നടപടി. ഇനി അപേക്ഷയുമായി വരരുതെന്നും ഒരിക്കല്‍ കൂടി കാലാവധി നീട്ടി നല്‍കില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.
എഫ്. എ. ടി. എഫ് റിവ്യൂ കണക്കിലെടുത്താണ് ഇപ്പോള്‍ സുപ്രിം കോടതി തീരുമാനം. സെപ്തംബര്‍ 15ന് എസ്. കെ. മിശ്ര സ്ഥാനമൊഴിയണമെന്നും സുപ്രിം കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
മിശ്രയുടെ കാലാവധി ഈ മാസം 31ന് അവസാനിക്കുമെന്നും ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ ഇ. ഡി ഡയറക്ടറെ നിയമിക്കണമെന്നും 11നാണ് സുപ്രിം കോടതി ഉത്തരവിട്ടത്. മിശ്രയുടെ കാലാവധി തുടര്‍ച്ചയായി നീട്ടിനല്‍കുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
2018ല്‍ ഇ. ഡിയുടെ തലപ്പത്തെത്തിയ മിശ്രയ്ക്ക് പിന്നീട് പലതവണയായി കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹരജിയിലാണു സര്‍ക്കാരിനെതിരെ സുപ്രിം കോടതി വിധി പ്രഖ്യാപിച്ചത്.
ഭീകരപ്രവര്‍ത്തനത്തിനു പണം സമാഹരിക്കുന്നതും ഭീകരര്‍ നടത്തുന്ന കള്ളപ്പണ ഇടപാടുകളും തടയാനുള്ള എഫ്. എ. ടി. എഫിന്റെ യോഗം നടക്കാനിരിക്കെ മിശ്രയെ നീക്കുന്നത് രാജ്യതാത്പര്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ വാദിച്ചത്. വര്‍ഷങ്ങളായി ഈ വിഷയം നിരന്തരം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനാണു മിശ്ര. അദ്ദേഹത്തിന് ഈ വിഷയത്തില്‍ ആഴത്തിലുള്ള അറിവും മുന്‍ യോഗങ്ങളില്‍ പങ്കെടുത്തതിന്റെ പരിചയസമ്പത്തുമുണ്ടെന്നും ഇപ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥനെ അയയ്‌ക്കേണ്ടിവരുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കോടതി മിശ്രയ്ക്ക് സമയം നീട്ടി നല്‍കിയത്.