Sorry, you need to enable JavaScript to visit this website.

സാമ്പത്തിക, നയതന്ത്ര രംഗത്തെ സൗദിയുടെ കുതിപ്പ്

ലോകത്തിന്റെ ഏതു കോണിൽനിന്നുള്ളവർക്കും സൗദിയിൽ എത്താൻ കഴിയുംവിധം വിസ നടപടികൾ എളുപ്പമാക്കിയതിനു പിന്നാലെ ലോകത്തിലെ ഏതു നേതാക്കളെയും ഇരുകൈയും നീട്ടി സ്വീകരിച്ച് പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിലും സൗദി മാതൃകയാവുകയാണ്. ലോകത്ത് സമാധനമാണ്, സംഘർഷമല്ല പ്രധാനമെന്നും  അതോടൊപ്പം ജനങ്ങൾക്കു ക്ഷേമം ഉറപ്പു വരുത്തുംവിധം എല്ലായിടത്തും വികസനം സാധ്യമാക്കുകയും ശുദ്ധമായ അന്തരീക്ഷം സംജാതമാക്കുകയും വേണമെന്ന സൗദിയുടെ കാഴ്ചപ്പാടിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

സാമ്പത്തിക, വികസന മേഖലകൾക്കൊപ്പം നയതന്ത്ര രംഗത്തും സൗദി അറേബ്യ വൻകുതിപ്പാണ് നടത്തുന്നത്. ലോകത്തിന്റെ ഏതു കോണിൽനിന്നുള്ളവർക്കും സൗദിയിൽ എത്താൻ കഴിയും വിധം വിസ നടപടികൾ എളുപ്പമാക്കിയതിനു പിന്നാലെ ലോകത്തിലെ ഏതു നേതാക്കളെയും ഇരുകൈയും നീട്ടി സ്വീകരിച്ച് പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിലും സൗദി മാതൃകയാവുകയാണ്. ലോകത്ത് സമാധനമാണ്, സംഘർഷമല്ല പ്രധാനമെന്നും  അതോടൊപ്പം ജനങ്ങൾക്കു ക്ഷേമം ഉറപ്പു വരുത്തും വിധം എല്ലായിടത്തും വികസനം സാധ്യമാക്കുകയും ശുദ്ധമായ അന്തരീക്ഷം സംജാതമാക്കുകയും വേണമെന്ന സൗദിയുടെ കാഴ്ചപ്പാടിന് വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കാതെ സാമ്പത്തിക വളർച്ച സാധ്യമാക്കാനാവുമെന്നും സൗദി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതിനു തെളിവാണ് ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക വളർച്ച കൈവരിക്കാൻ സൗദി അറേബ്യക്ക് സാധിച്ചത്. 2015 മുതൽ 2022 വരെയുള്ള ഏഴു വർഷക്കാലയളവിൽ സൗദി അറേബ്യ 66 ശതമാനം സാമ്പത്തിക വളർച്ചയാണ് കൈവരിച്ചത്. ഇതു ലോക റെക്കോർഡാണ്.  ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വളർച്ചയായാണ് ഇതിനെ വിലയിരുത്തുന്നത്.  കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവിഷ്‌കരിച്ച സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതിയാണ് സൗദി അറേബ്യയെ അതിനു പ്രാപ്തമാക്കിയത്.  
2015 ൽ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനം 669.5 ബില്യൺ ഡോളറായിരുന്നത് കഴിഞ്ഞ വർഷം  1.11 ട്രില്യൺ ഡോളറായാണ് ഉയർന്നത്. പരിഷ്‌കരണങ്ങളും വൻകിട പദ്ധതികളും നടപ്പാക്കുന്നത് വേഗത്തിലാക്കിയതോടെ പതിനൊന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചയാണ് കഴിഞ്ഞ വർഷം സൗദി അറേബ്യ രേഖപ്പെടുത്തിയത്. സാമ്പത്തിക വളർച്ചയിൽ മുന്നിട്ടു നിന്നിരുന്ന ചൈനയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണ് സൗദിയുടെ കുതിപ്പ്. രണ്ടാം സ്ഥാനത്തുള്ള റഷ്യ ഏഴു വർഷത്തിനിടെ 64 ശതമാനം വളർച്ച നേടിയപ്പോൾ ചൈനക്ക്  62 ശതമാനം വളർച്ചയാണ് കൈവരിക്കാനായത്. നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക്  61 ശതമാനം വളർച്ച നേടാനായിട്ടുണ്ട്. അതേസമയം ലേകത്തിലെ വൻ ശക്തികളെന്ന് അവകാശപ്പെട്ടിരുന്ന പല രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ച ആശാവഹമായ രീതിയിലായിരുന്നില്ല. 53 ശതമാനം സാമ്പത്തിക വളർച്ചയുമായി അഞ്ചാം സ്ഥാനത്ത് ഇന്തോനേഷ്യയെത്തിയപ്പോൾ അമേരിക്ക 40 ശതമാനം വളർച്ചയുമായി ആറാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ജപ്പാനാകട്ടെ ഇക്കാലയളവിൽ 4.8 ശതമാനം സാമ്പത്തിക ശോഷണമാണ് നേരിട്ടത്. സാമ്പത്തിക വളർച്ചക്കായി സൗദി സ്വീകരിച്ച സാമ്പത്തിക പരിഷ്‌കരണങ്ങൾ ഫലവത്തായിരുന്നുവെന്നാണ് ഇതു കാണിക്കുന്നത്. 

ഉച്ചകോടികൾ സംഘടിപ്പിക്കുന്നതിലും രാജ്യത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനും ആഗോള സമാധാനത്തിനുമായി ലോക രാജ്യങ്ങളുമായി സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിലും സൗദി അറേബ്യ അതിവേഗം ബഹുദൂരം മുന്നിലാണെന്നു വേണം പറയാൻ. കാലാകാലങ്ങളായി ശത്രുതയിലായിരുന്ന  ഇറാനുമായും യെമനിലെ ഹൂത്തികളുമായും വരെ സൗഹൃദമുണ്ടാക്കുന്നതിനും നയതന്ത്ര ബന്ധങ്ങളുണ്ടാക്കുന്നതിനും ചർച്ചകളിലൂടെ സൗദിക്കു കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. അറബ് ലീഗിലേക്ക് സിറിയയെ തിരിച്ചു കൊണ്ടുവരാനും മധ്യേഷയിലെ രാജ്യങ്ങളുടെ കൂട്ടായ്മക്കു നേതൃത്വം വഹിക്കാനും സൗദിക്കു കഴിഞ്ഞത് നയതന്ത്ര തലത്തിലെ രാജ്യത്തിന്റെ തന്ത്രപരമായ നീക്കങ്ങളും ആർജവവുമാണ് കാണിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കാലം സൗദി ഒട്ടേറെ വൻ ഉച്ചകോടികൾക്കാണ് സാക്ഷ്യം വഹിച്ചത്. നാലു ദിവസത്തിനിടെ രാജ്യം ആതിഥ്യം വഹിച്ചത് നാലു ഉന്നതതല ഉച്ചകോടികൾക്കാണ്. സൗദി-ജപ്പാൻ, സൗദി-തുർക്കി ഉച്ചകോടികൾക്കു തൊട്ടു പിന്നാലെയാണ് പതിനൊന്നാമത് ഗൾഫ് സഹകരണ കൗൺസിലിനും ജി.സി.സി-മധ്യേഷൻ ഉച്ചകോടിക്കും ജിദ്ദ വേദിയായത്. ജിദ്ദ അൽസലാം കൊട്ടാരത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിഡയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തമ്മിൽ നടന്ന ചർച്ചയിലും കൂടിക്കാഴ്ചയിലും 26 കരാറുകളാണ് ഒപ്പുവെച്ചത്. ഊർജ, നിക്ഷേപ, വാണിജ്യ, വ്യവസായ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തി വികസനം സാധ്യമാക്കുന്നതിനെക്കുറിച്ചായിരുന്നു  ഇരുവരുടെയും കൂടിക്കാഴ്ചയിൽ പ്രധാനമായും വിശകലനം ചെയ്യപ്പെട്ടത്. ഇതിന്റെ ഫലമായി കോടിക്കണക്കിനു റിയാലിന്റെ പദ്ധതികൾ വിഭാവനം ചെയ്തുകൊണ്ടുള്ള ധാരണാപത്രങ്ങളാണ് പിറന്നത്.
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ സൗദി സന്ദർശനവും തുടർന്നു സൗദി കിരീടാവകാശിയുമായി നടത്തിയ ചർച്ചകളും സൗദി-തുർക്കി ബന്ധത്തിന്റെ പുതിയ അധ്യായമാണ് തുറന്നത്.  തുർക്കിയിൽ നിന്ന് ഡ്രോണുകൾ വാങ്ങാനുള്ള കരാർ അടക്കം പ്രതിരോധ, ഊർജ മേഖലകളിൽ  വൻ സഹകരണം ലക്ഷ്യമിട്ട് അഞ്ചു കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. തുർക്കിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ പ്രതിരോധ കരാർ എന്നാണ് സൗദിയുമായുള്ള കരാറിനെ പ്രസിഡന്റ് ഉർദുഗാൻ വിശേഷിപ്പിച്ചത്. സൗദി പ്രതിരോധ മന്ത്രാലയവും തുർക്കിയിലെ പ്രതിരോധ വ്യവസായ കമ്പനിയായ ബൈകാറും തമ്മിലാണ് കരാർ. പ്രതിരോധ, സൈനിക മേഖലകളിൽ സൗദി അറേബ്യയും തുർക്കിയും തമ്മിലുള്ള സഹകരണത്തിന്റെ പാരമ്യമാണ് പ്രതിരോധ കരാറിലൂടെ ഉണ്ടായിട്ടുള്ളതെന്ന് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും വിശേഷിപ്പിച്ചു.

രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങൾ കടുതൽ ശക്തമാക്കാനുള്ള ധാരണയോടെയാണ് ഗൾഫ്  മധ്യേഷ്യൻ രാജ്യങ്ങളുടെ ഉച്ചകോടിയും ജിദ്ദയിൽ പര്യവസാനിച്ചത്. സുരക്ഷയ്ക്കു പുറമെ പുനരുപയോഗ ഊർജ, ഗ്രീൻ എനർജി മേഖലയിൽ സഹകരണം ശക്തമാക്കാനും വാണിജ്യ, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും പരസ്പര വ്യാപാരം വർധിപ്പിക്കാനും ഉച്ചകോടിയിൽ ധാരണയായി. ഇതോടൊപ്പം വിതരണ ശൃംഖല, ഗതാഗതം, ആശയവിനിമയം, ഭക്ഷ്യസുരക്ഷ, ഊർജ സുരക്ഷ, ജലസുരക്ഷ തുടങ്ങിയവരുടെ ഏകോപനവും ലക്ഷ്യമിടുന്നു. മധ്യേഷൻ ഗൾഫ് മേഖലയെ സംഘർഷ രഹിതമാക്കി പരസ്പര ശാക്തീകരണത്തിന് നാന്ദി കുറിക്കുന്നതു കൂടിയായിരുന്നു മധ്യേഷൻ ഗൾഫ് ഉച്ചകോടി. ഗൾഫ് രാജ്യങ്ങളുടെ പ്രമുഖ നേതാക്കളെല്ലാവരും ഒത്തുകൂടിയ ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയും ഗൾഫ് രാജ്യങ്ങളുടെ പരസ്പര സഹകരണം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. അതിനു തൊട്ടു മുൻപായിരുന്നു അമേരിക്കൻ പ്രസിഡന്റ് പങ്കെടുത്ത ജിദ്ദ സുരക്ഷാ, വികസന ഉച്ചകോടിക്കും അറബ്-ഗൾഫ്, ചൈന ഉച്ചകോടിക്കും സൗദി അറബ്യ സാക്ഷ്യം വഹിച്ചത്.

ലോക സമാധാനത്തിനും ശാന്തിക്കുമായി പരിശ്രമിക്കാനും സമാധാനത്തിന്റെയും സുരക്ഷയുടെയും വികസനത്തിന്റെയും കേന്ദ്രമാക്കി രാജ്യത്തെ മാറ്റാനുമാണ് സൗദിയുടെ ശ്രമം. ഇക്കാര്യത്തിൽ തങ്ങൾക്കൊപ്പം സഹകരിക്കാൻ താൽപര്യമുള്ളവരെയെല്ലാം കൂടെ കൂട്ടുകയെന്നതാണ് സൗദിയുടെ ലക്ഷ്യം. ഓരോ രാജ്യത്തിന്റെയും വിഭവങ്ങളും ഊർജവും സമ്പത്തുമെല്ലാം സംഘർഷങ്ങൾക്കും പരസ്പരം വിദ്വേഷത്തിനുമായി ചെലവഴിക്കാനുള്ളതല്ലെന്നും അവ ജന ക്ഷേമത്തിനായി പ്രയോജനപ്പെടുത്താനുള്ളതാണെന്നുമുള്ള സന്ദേശമാണ് സൗദി ലോകത്തിനു നൽകുന്നത്.  

 

Latest News