വയോധികനെ തുണിയില്ലാതെ തനിക്കൊപ്പം നിര്‍ത്തി അശ്ലീല ഫോട്ടോയെടുത്ത് പണം തട്ടി, നടിയും സുഹൃത്തും അറസ്റ്റില്‍

പത്തനംതിട്ട - വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റില്‍. സിരിയല്‍ നടിയായ പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി ( 32 ), സുഹൃത്ത് പരവൂര്‍ കലയ്ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്. 75 വയസ്സുകാരനായ കേരള സര്‍വ്വകലാശാലാ മുന്‍ ജീവനക്കാരനെയാണ് ഇവര്‍ ഹണിട്രാപ്പില്‍ പെടുത്തിയത്.  വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ ഇയാളെ പരിചയപ്പെടുന്നത്. ഇയാള്‍ നിത്യയ്ക്ക് വീട് വാടകക്കെടുത്ത് നല്‍കുകയും ചെയ്തു.  ഇതോടെ  ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തിപ്പെട്ടു. വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി. ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം നിത്യയ്‌ക്കൊപ്പം നിര്‍ത്തി അശ്ലീല ഫോട്ടോയെടുത്തുവെന്നാണ് പോലീസ് പറയുന്നത്. ദൃശ്യം പുറത്തുവിടാതിരിക്കണമെങ്കില്‍ 25 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു നിത്യയുടെയും സുഹൃത്തിന്റെയും ആവശ്യം. ഇയാളില്‍ നിന്ന് 11 ലക്ഷം രൂപ ഇവര്‍ ഭീഷണിപ്പെടുത്തി വാങ്ങുകയും ചെയ്തു. കൂടുതല്‍ കെണിയില്‍ പെടുകയാണെന്ന് മനസ്സിലായതോടെ വയോധികന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസിന്റെ നിര്‍ദേശ പ്രകാരം ബാക്കി പണം തരാമെന്ന വ്യാജേന നിത്യയേയും കൂട്ടാളിയേയും 75 കാരന്‍ പട്ടത്തെ ഫ്ളാറ്റിലേക്ക്  വിളിച്ചു വരുത്തി. ഇവിടെ കാത്ത് നിന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

 

Latest News