മരംമുറിയുടെ പേരില്‍ കേരളത്തില്‍ ടിവി ചാനല്‍ യുദ്ധം, ചാനല്‍ മേധാവികള്‍ പരസ്പരം ഏറ്റുമുട്ടലില്‍

കോഴിക്കോട് - മുട്ടില്‍ മരം മുറിക്കേസിന്റെ പേരില്‍ കേരളത്തില്‍ ടിവി ചാനലുകളുടെ പോര്. റിപ്പോര്‍ട്ടര്‍ ടിവിയും മറ്റു ചാനലുകളും തമ്മിലാണ് ഇക്കാര്യത്തില്‍ പരസ്പരം ഏറ്റുമുട്ടലുകള്‍ നടക്കുന്നത്. മുട്ടില്‍ മരംമുറിക്കേസില്‍ പ്രതിസ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ ആഗസ്റ്റിനെതിരെയാണ് മറ്റ് ചാനലുകള്‍ രംഗത്ത് വന്നത്. അഗസ്റ്റില്‍ സഹോദരങ്ങളാണ് കേസിലെ പ്രതികള്‍. തങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍ക്കെതിരെയുള്ള നീക്കത്തെ തടയിടാന്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ ശ്രേയാംസ് കുമാറിനെതിരെയടക്കം വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍.
വയനാട്ടിലെ മരം മുറിക്ക് പിന്നില്‍ അഗസ്റ്റിന്‍ സഹോദരങ്ങളാണെന്നതിനെക്കുറിച്ചുള്ള വിശദമായ വാര്‍ത്ത മാതൃഭൂമി ന്യൂസ് ചാനല്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.  ഇതിന് പിന്നാലെ മരം മുറിക്കേസ് ശ്രേയാംസ് കുമാറിന്റെ ഗൂഢാലോചനയെന്ന് പറഞ്ഞ് ആന്റോ അഗസ്റ്റിനും റിപ്പോര്‍ട്ടര്‍ ടിവിയും രംഗത്തെത്തി. ശ്രേയാംസ് കുമാര്‍ കഴിഞ്ഞ 25 വര്‍ഷമായി വയനാട്ടില്‍ നിന്ന് മരം മുറിച്ച് കടത്തുന്നുണ്ടെന്നും എന്നാല്‍ ശ്രേയാംസ് കുമാറിന്റെ അനധികൃത മരംമുറിയില്‍ അന്വേഷണം നടക്കുന്നില്ലെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചുള്ള വിശദമായ വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിടുകയും ചെയ്തു. 
മരംമുറി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും തങ്ങള്‍ക്കെതിരെ ഗൂഢലക്ഷ്യത്തോടെ കള്ളക്കേസ് എടുത്തെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. ശ്രേയാംസ് കുമാര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് രക്ഷപ്പെടുന്നത്. വയനാട്ടില്‍ എംവി ശ്രേയാംസ് കുമാര്‍ വനം, ആദിവാസി ഭൂമി കയ്യേറിയിട്ടുണ്ടെന്നും മറ്റ് ബിസിനസുകാരെ ഇല്ലാതാക്കാനാണ് ശ്രേയാംസ് കുമാര്‍ ശ്രമിക്കുന്നതെന്നും ആന്റോ അഗസ്റ്റിന്‍ ആരോപിച്ചിരുന്നു.
പട്ടയഭൂമിയില്‍ നിന്ന് പ്രത്യേക മരങ്ങള്‍ മുറിക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചതിന് ശേഷവും വയനാട്ടില്‍ മരംമുറി നടന്നെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പുറത്തു വിട്ടുകൊണ്ടാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ മാതൃഭൂമി എം ഡിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. 

 

Latest News