ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് ഹോട്ടലിലെത്തിയ  യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി

ഗുരുഗ്രാം- ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളും ഇയാളുടെ സുഹൃത്തും കൂട്ടബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. ഹരിയാണയിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലില്‍വെച്ച് ബോധരഹിതയാക്കിയശേഷമാണ് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ ആരോപണം. ജൂണ്‍ 29-നായിരുന്നു സംഭവം.
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടയാള്‍ ക്ഷണിച്ചതനുസരിച്ചാണ് യുവതി ഹോട്ടലില്‍ എത്തിയത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളും അയാളുടെ സുഹൃത്തും ഹോട്ടലിലുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും ഭക്ഷണം നല്‍കി. എന്നാല്‍, ഭക്ഷണം കഴിച്ചതിന് പിന്നാലെ താന്‍ ബോധരഹിതയായെന്നും ഈ സമയത്താണ് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പിന്നീട് ബോധം വീണ്ടെടുത്തപ്പോള്‍ പീഡനം ചെറുക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് പ്രതികള്‍ നേരത്തെ പകര്‍ത്തിയ വീഡിയോ വൈറലാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.യുവതിയുടെ പരാതിയില്‍ കേസെടുത്തതായും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഗുരുഗ്രാം സെക്ടര്‍ 50 പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ മാലിക് അറിയിച്ചു.

Latest News