Sorry, you need to enable JavaScript to visit this website.

ദമാമിൽ കാണാതായ മലയാളിയെ കണ്ടെത്തി

അനിഴ് വത്സലൻ

ദമാം - പത്തു ദിവസത്തിലധികമായി ദമാമിൽ നിന്നും കാണാതായ മലയാളിയെ, നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ ശ്രമഫലമായി കണ്ടെത്തി. സൗദി പൗരന്റെ വീട്ടിൽ അതിക്രമിച്ചു കയറി എന്ന പരാതിയെ തുടർന്ന് ദഹ്‌റാനിലെ ഒരു പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു പത്തനംതിട്ട ജില്ലയിലെ എടത്തിട്ട സ്വദേശിയായ അനിഴ് വത്സലൻ. ജാമ്യത്തിൽ പുറത്തിറക്കിയ ഇയാളെ ഉടനെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് ഈയാൾ ജോലി ചെയ്തിരുന്ന കമ്പനി അധികൃതരും സാമൂഹിക പ്രവർത്തകരും.
ദിവസങ്ങൾക്കുമുമ്പ് ദമാമിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും യുവാവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കമ്പനി അധികൃതരും സുഹൃത്തുക്കളും പല സ്ഥലത്തും അന്വേഷിച്ചു. പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഫോട്ടോ സഹിതം പ്രചാരണവുമുണ്ടായിട്ടും ഫലമുണ്ടായില്ല. ഇതിനിടയിൽ അനിഴ് വത്സലന്റെ നാട്ടിലെ ബന്ധുക്കൾ നവയുഗം കുടുംബവേദി പ്രസിഡന്റ് സുമി ശ്രീലാലിനെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. സുമി ശ്രീലാൽ നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറിന് ഈ വിവരം കൈമാറിയതിനെത്തുടർന്ന്, അനിഴ് വത്സലനെ കണ്ടെത്താനായി അദ്ദേഹം മുന്നിട്ടിറങ്ങി.

അനിഴിന്റെ കമ്പനി സന്ദർശിച്ച ഷിബുകുമാറിന് കമ്പനി അധികൃതർ, അനിഴിനെപ്പറ്റിയുള്ള വിവരങ്ങൾ കൈമാറുകയും, എല്ലാ പിന്തുണയും നൽകുകയും ചെയ്തു. അനിഴ് മാനസികാസ്വാസ്ഥ്യം ഉള്ള വ്യക്തിയായിരുന്നു എന്നതിനാൽ അദ്ദേഹത്തിന് എന്തെങ്കിലും അപകടം പറ്റിയിരിക്കുമോ എന്ന ഭയത്തിലായിരുന്നു അവർ. അതേ കമ്പനിയിൽ ജോലി ചെയ്യുന്ന അനിഴിന്റെ സുഹൃത്തായ അഖിൽ എന്ന മലയാളിയും ഷിബുകുമാറിനൊപ്പം അന്വേഷണത്തിൽ പങ്കു ചേർന്നു. ദമാമിലെ വിവിധ ആശുപത്രികൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ, ജയിലുകൾ, പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെല്ലാം  കയറിയിറങ്ങിയ ഷിബു കുമാർ, ഒടുവിൽ ദഹ്‌റാനിലെ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന അനിഴ് വത്സലനെ കണ്ടെത്തി.
മാനസികനില തകരാറിലായപ്പോൾ, ഒരു സൗദി ഭവനത്തിൽ അതിക്രമിച്ചു കയറി ശല്യം ഉണ്ടാക്കിയതിന് ആ വീട്ടുകാർ പരാതിപ്പെട്ടതനുസരിച്ചു പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഷിബുകുമാർ കമ്പനി അധികൃതരുടെ സഹായത്തോടെ അനിഴിനെ ജാമ്യത്തിൽ ഇറക്കി തിരികെ കമ്പനിയിൽ എത്തിച്ചു. ആനുകൂല്യങ്ങൾ നൽകി അനിഴ് വത്സലനെ ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനത്തിലാണ് കമ്പനി അധികൃതർ. അതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.

Latest News