കൊച്ചി- എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷന് സമീപം എസ്. ആര്‍. എം റോഡിലുള്ള ലോഡ്ജില്‍ നിന്നും തമിഴ്‌നാട്ടുകാരായ രണ്ട് യുവാക്കളടക്കം നാലുപേര്‍ എം. ഡി. എം. എയുമായി പിടിയിലായി. ഇവരില്‍ നിന്ന് 57.72 ഗ്രാം എം. ഡി. എം. എ കണ്ടെടുത്തു.
തിരുവനന്തപുരം ബാലരാമപുരം വടക്കേവിള എസ്. എസ്. ഭവനില്‍ യാസിന്‍ (22), ഇടുക്കി പീരുമേട്, ചെമ്പാരിയില്‍ വീട്ടില്‍ പ്രഭാത് (22), തമിഴ്‌നാട് ചെന്നൈ മുത്യാല്‍പേട്ട നന്നിയപ്പന്‍ സ്ട്രീറ്റ് രാംകുമാര്‍. പി (24), ദിണ്ഡിഗല്‍ ബത്ത്‌ലഗുണ്ട് കണവൈപ്പട്ടി 2/611 ഓംശക്തി കോവില്‍ സ്ട്രീറ്റ് മുഹമ്മദ് ഫാസില്‍ (19) എന്നിവരാണ് പിടിയിലായത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്റെ നിര്‍ദേശപ്രകാരം നര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. എ. അബ്ദുല്‍ സലാമിന്റെ മേല്‍നോട്ടത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫും എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഡല്‍ഹിയില്‍ നിന്ന് വാങ്ങുന്ന എം. ഡി. എം. എ എറണാകുളം, ഇടുക്കി ജില്ലകളില്‍ വിതരണം ചെയ്യുന്ന മുഖ്യകണ്ണികളില്‍പ്പെട്ടവരാണ് അറസ്റ്റിലായവര്‍. യാസിന് ബാലരാമപുരം, പീരുമേട്, ദിണ്ഡിഗല്‍ എന്നിവിടങ്ങളില്‍ ബൈക്ക് മോഷണത്തിന് കേസ് നിലവിലുണ്ട്.
പ്രഭാതിന് കട്ടപ്പനയില്‍ മൊബൈല്‍ മോഷണത്തിന് രണ്ട് കേസും അടിമാലി, പാല, ദിണ്ഡിഗല്‍ എന്നിവിടങ്ങളില്‍ ബൈക്ക് മോഷണക്കേസും ദിണ്ഡിഗലില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ സ്‌നാച്ചിംങ്ങ് കേസും നിലവിലുണ്ട്.
അന്വേഷണ സംഘത്തില്‍ എറണാകുളം നോര്‍ത്ത് ഇന്‍സ്പക്ടര്‍ കെ ജി പ്രതാപചന്ദ്രന്‍, എസ് ഐമാരായ രതീഷ് ടി. എസ്, ദര്‍ശക്. ആര്‍, ശ്രീകുമാര്‍, എ. എസ്. ഐ. ധീരജ്, സി. പി. ഒമാരായ ജയ, സുനില്‍.കെ. എസ് എന്നിവരും ഉണ്ടായിരുന്നു.