ന്യൂദൽഹി- മൂന്നാം തവണ താൻ അധികാരത്തിലേറിയാൽ രാജ്യം അഭൂതപൂർവമായ വളർച്ച കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോകത്തെ മികച്ച മൂന്നു രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ മാറ്റുമെന്നും മോഡി പറഞ്ഞു. ദൽഹിയിലെ നവീകരിച്ച പ്രഗതി മൈതാനത്തിന്റെ ഉദ്ഘാടന വേളയിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ ഏറ്റവും റെയിൽവേ പാലം, ഏറ്റവും നീളം കൂടിയ തുരങ്കം, ഏറ്റവും ഉയർന്ന ഗതാഗത യോഗ്യമായ റോഡ്, ഏറ്റവും വലിയ സ്റ്റേഡിയം, ഏറ്റവും വലിയ പ്രതിമ, അതെല്ലാം ഇന്ത്യയിലാണ്. സാമ്പത്തിക വളർച്ച രാജ്യത്തിന്റെ അഭിലാഷങ്ങൾക്കൊത്ത് ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞങ്ങളുടെ ആദ്യ ടേമിൽ, സമ്പദ്വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. എന്റെ രണ്ടാം ടേമിൽ, ഇത് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി. മൂന്നാം ടേമിൽ ഇന്ത്യ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളുടെ കൂട്ടത്തിൽ നിൽക്കും. ഇത് മോഡിയുടെ ഉറപ്പാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ 40,000 കിലോമീറ്റർ റെയിൽ പാതകൾ വൈദ്യുതീകരിച്ചു. ഇപ്പോൾ ഓരോ മാസവും ആറു കിലോമീറ്റർ മെട്രോ ലൈൻ പൂർത്തിയാക്കുന്നു. നാലു ലക്ഷം കിലോമീറ്റർ ഗ്രാമ റോഡുകൾ നിർമ്മിച്ചു. 2014ൽ ഡൽഹി വിമാനത്താവളത്തിന്റെ ശേഷി പ്രതിവർഷം 5 കോടിയായിരുന്നു. ഇപ്പോൾ അത് 7.5 കോടിയായി. വിമാനത്താവളങ്ങളുടെ എണ്ണം 150 ആയി-മോഡി പറഞ്ഞു.






