Sorry, you need to enable JavaScript to visit this website.

പ്രവാസി ചിട്ടി: ചെന്നിത്തല അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നു- ധനമന്ത്രി 

തിരുവനന്തപുരം- നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ച് കെ.എസ്.എഫ്.ഇ ആരംഭിക്കുന്ന പ്രവാസി ചിട്ടിയെക്കുറിച്ച് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുതകൾ മനസ്സിലാക്കാതെയാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. അടിസ്ഥാനരഹിതമായ വിവാദങ്ങളുണ്ടാകുന്നത് ചിട്ടിയിൽ ചേരാനിരിക്കുന്ന പ്രവാസികളിൽ അനാവശ്യ ആശങ്ക  സൃഷ്ടിക്കാനേ ഉപകരിക്കൂ. കെ.എസ്.എഫ്.ഇ ആരംഭിക്കുന്ന എല്ലാത്തരം ചിട്ടികളും പോലെതന്നെ ചിട്ടി നടത്തിപ്പിന് ആവശ്യമായ എല്ലാ നിബന്ധനകളും പാലിച്ചാണ് പ്രവാസി ചിട്ടിയും തുടങ്ങുന്നത്. അതിനാവശ്യമായ നിയമപരമായ എല്ലാ അനുവാദങ്ങളും ലഭ്യമാക്കിയിട്ടുമുണ്ട്. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും  മുൻ ധനകാര്യ മന്ത്രി കെ.എം. മാണിയും  ഉന്നയിക്കുന്ന ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ല.   
ചിട്ടിയുടെ സെക്യൂരിറ്റിക്ക് ബാങ്ക് ഗാരണ്ടി വേണമെന്ന നിബന്ധനയാണ് കിഫ്ബിയിൽ നിക്ഷേപിക്കുന്നതിന് എതിരായി ചൂണ്ടിക്കാട്ടുന്നത്.  ചിട്ടിത്തുകക്ക് ലഭ്യമാക്കാവുന്ന മൂന്നു തരത്തിലുള്ള സെക്യൂരിറ്റികളിൽ ഒന്നുമാത്രമാണ് ബാങ്ക് ഗാരണ്ടി. സർക്കാർ സെക്യൂരിറ്റിയും ഇന്ത്യൻ ട്രസ്റ്റ് ആക്ട് അനുസരിച്ചുള്ള സെക്യൂരിറ്റിയുമാണ് മറ്റു രണ്ടെണ്ണം. ഇതിൽ ട്രസ്റ്റ് ആക്ട് അനുസരിച്ചുള്ളതാണ് കിഫ്ബി വഴി പ്രവാസിച്ചിട്ടിക്ക് ലഭ്യമാക്കുന്ന സെക്യൂരിറ്റി. 
ചിട്ടി നിയമത്തിന്റെ സെക്ഷൻ 14 (1)(സി) പ്രകാരവും 20(1)(സി) പ്രകാരവുമാണ് അംഗീകൃത സെക്യൂരിറ്റികളിൽ ചിട്ടിപ്പണം നിക്ഷേപിക്കാൻ വ്യവസ്ഥയുള്ളത്. അംഗീകൃത സെക്യൂരിറ്റികളിലെ മുതലിനും പലിശക്കും 1882 ലെ ഇൻഡ്യൻ ട്രസ്റ്റ് നിയമത്തിന്റെ 20 ാം വകുപ്പ് പ്രകാരം സംസ്ഥാന സർക്കാരുകൾ റദ്ദാക്കാനാകാത്ത ഗ്യാരണ്ടി നൽകുന്നുണ്ട്. 2016 ലെ കിഫ്ബി നിയമപ്രകാരം കിഫ്ബി ബോണ്ടുകൾക്കും സർക്കാർ നൂറുശതമാനം ഗാരണ്ടി നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ ചിട്ടിത്തുക കിഫ്ബിയിൽ ബോണ്ടായി നിക്ഷേപിക്കുന്നത് പൂർണമായും നിയമവിധേയമായിട്ടുള്ളതും സുരക്ഷിതവുമാണ്.
ചിട്ടിയുടെ സെക്യൂരിറ്റി തുക സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കുന്നതിനാവശ്യമായ നിയമ ഭേദഗതി വരുത്തിയത് മുൻ ധനകാര്യ മന്ത്രിയായിരുന്ന കെ.എം. മാണിയാണ്. ഈ ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്. എന്നാൽ എല്ലാ കിഫ്ബി ബോണ്ടുകൾക്കും നൂറു ശതമാനം സർക്കാർ ഗാരണ്ടി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവാസി ചിട്ടിയുടെ സെക്യൂരിറ്റി തുക കിഫ്ബിയിൽ നിക്ഷേപിക്കുന്നതിന് ഇത്തരത്തിൽ ഒരു ഉത്തരവു പോലും ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരുത്തണമെങ്കിൽ ആരുമായും ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.


 

Latest News