ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്. നിലമ്പൂർ - ചില ഓർമകൾ

2020 ഡിസംബർ ഒന്നാം തീയതി തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഉമ്മൻ ചാണ്ടി നിലമ്പൂരിലെത്തിയപ്പോൾ ലേഖകനോടൊപ്പമെടുത്ത സെൽഫി  (ഫയൽ ചിത്രം)

താഴേക്ക് വീണ തലമുടിച്ചുരുൾ അലസമായി മാടിയൊതുക്കി ചടുലമായി നടന്ന് സംസാരിക്കുന്ന ആ പഴയ ചെറുപ്പക്കാരനിൽ കാലം വലിയ മാറ്റം വരുത്തിയിരുന്നു. ഞാൻ മെല്ലെ അദ്ദേഹത്തിന്റെ അരികെ ചെന്ന് സുഖവിവരങ്ങൾ അന്വേഷിച്ച കൂട്ടത്തിൽ 1980 ലെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പോർമ പങ്കുവെക്കാൻ തുനിഞ്ഞെങ്കിലും ആര്യാടന്റെ വിയോഗ ദുഃഖം ആ മുഖത്ത് മുറ്റിനിന്നിരുന്നതിനാൽ മൗനമായിരുന്നു മറുപടി. പക്ഷേ അപ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ നിന്ന് മുഖത്തേക്ക് വിടർന്നെത്തിയ ആ ചെറുപുഞ്ചിരി മറക്കാനാവില്ല. മലയാളി മനസ്സ് കീഴടക്കിയ ജനകീയ നേതാവിനെ ആദ്യമായും കണ്ടതും അവസാനമായി കണ്ടതും ഒരേ സ്ഥലത്ത് വെച്ച് തന്നെയായി എന്നുള്ളതും എന്റെ ജീവിതത്തിലെ ആകസ്മിക സംഭവമായി.
 

 


1980 ൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള എ കോൺഗ്രസ് ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന അവസരത്തിലാണ് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നത്. 
1980 ൽ ലോക്‌സഭ - നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് ഒരേ ദിവസമായിരുന്നു നടന്നത്. അന്ന് ആര്യാടൻ മുഹമ്മദ് മുസ്‌ലിം ലീഗിലെ ജി.എം. ബനാത്ത്‌വാലക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടപ്പോൾ അന്നത്തെ ഇടതുമുന്നണിയിൽ എ കോൺഗ്രസിനെ ഉൾപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ആര്യാടനെ എം.എൽ.എ അല്ലാതിരുന്നിട്ടും സി.പി.എമ്മിന്റെ നിർബന്ധ പ്രകാരം തൊഴിൽ വനം വകുപ്പുകളുടെ ചുമതല നൽകി മന്ത്രിയാക്കിയതിന്റെ പശ്ചാത്തലത്തിൽ നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 1980 ൽ നിലമ്പൂർ മണ്ഡലത്തിൽ നിന്ന് ഇടതുമുന്നണിയുടെ ലേബലിൽ മത്സരിച്ച് വിജയിച്ച സി. ഹരിദാസ് രാജിവെക്കുകയും ആ ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മന്ത്രിയായ ആര്യാടൻ മുഹമ്മദ് മത്സരിക്കുകയും അദ്ദേഹത്തിന്റെ പ്രമുഖ എതിരാളിയായി യു.ഡി.എഫിലെ ഐ കോൺഗ്രസ് സ്ഥാനാർത്ഥിയായി മുല്ലപ്പള്ളി രാമചന്ദ്രൻ മത്സര രംഗത്ത് വരികയും ചെയ്തു. ഇതോടെ രംഗം ചൂടുപിടിച്ചു. ആേേവശം തരംഗമായി വീശി.  ഇരുമുന്നണിയിൽപെട്ട നേതാക്കളുടെയും ഒരു ഘോഷയാത്ര തന്നെയായിരുന്നു മണ്ഡലത്തിലുടനീളം. അന്ന് ഇടതുമുന്നണിയുടെ ഭാഗമായിരുന്നു അഖിലേന്ത്യാ ലീഗ്. അവരോടൊപ്പമായിരുന്ന ഞാൻ മണ്ഡലത്തിനുടനീളം പ്രവർത്തിച്ചു. അന്നത്തെ എ കോൺഗ്രസിന്റെ നേതാക്കളായിരുന്ന ഉമ്മൻ ചാണ്ടി,  എം.എം. ഹസൻ തുടങ്ങിയവരുമായും അടുത്ത് ബന്ധപ്പെടാനുള്ള അവസരവുമായി എനിക്കത്. അഖിലേന്ത്യാ ലീഗിനെ പ്രതിനിധീകരിച്ച് മണ്ഡലത്തിലെ പ്രാദേശിക വേദികളിൽ ഒരു ചെറിയ പ്രസംഗകനും പ്രവർത്തകനുമായിരുന്നു ഞാൻ. അന്ന് എല്ലാ സ്റ്റേജുകളിലും ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം സജീവമായിരുന്നു. രാത്രി സമയങ്ങളിൽ യോഗങ്ങളും പ്രകടനങ്ങളും കഴിഞ്ഞ് തെരഞ്ഞെടുപ്പ് ഓഫീസിൽ അന്നത്തെ വിലയിരുത്തലിന് എല്ലാവരും കൂടി നേതാക്കളടക്കം ആര്യാടന്റെ വീട്ടിൽ ഒരുമിച്ചുകൂടി ഭൂരിപക്ഷത്തെപ്പറ്റിയും ഒരോ പഞ്ചായത്തിലെ ലീഡുകളും വിലയിരുത്തുമ്പോൾ ഇതെല്ലാം വീക്ഷിക്കുന്നതിലും അഭിപ്രായം പറയുന്നവരിലും മുൻപന്തിയിലുണ്ടായിരുന്നു ഉമ്മൻ ചാണ്ടി. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മിക്ക ദിവസങ്ങളിലും ഒരു ഘടക കക്ഷിയുടെ പ്രതിനിധി എന്ന നിലക്ക് ആര്യാടന്റെ വീട്ടിൽ ഞാൻ വരുന്നത് ഉമ്മൻ ചാണ്ടി ശ്രദ്ധിക്കുമായിരുന്നു. ഒരു ദിവസം എന്നെ അടുത്തിരുത്തി വ്യക്തിപരമായ കുറെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്റെ ജോലി, കുടുംബ പശ്ചാത്തലം ഇതെല്ലാം ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് അദ്ദേഹം അന്വേഷിച്ചിരുന്നത്. എല്ലാം ഇപ്പോഴും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.  
ആ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ 17,841 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിന് വിജയിക്കുകയും ആ വിജയാഘോഷത്തിൽ പങ്കെടുക്കാൻ ഉമ്മൻ ചാണ്ടിയെത്തുകയും ചെയ്തു. അപ്പോഴും തമ്മിൽ കാണാനും സൗഹാർദം പങ്കുവെക്കാനും കഴിഞ്ഞിരുന്നു. പിന്നീട് പല സമ്മേളന വേദികളിലും ജനസമ്പർക്ക പരിപാടികളിലും മറ്റും പ്രിയപ്പെട്ട ആ നേതാവിനെ കാണാറുണ്ടങ്കിലും തിരക്കൊഴിഞ്ഞ നേരം അദ്ദേഹത്തിനില്ലാത്തതുകൊണ്ട് നേരിൽ സംസാരിക്കാനുള്ള ശ്രമം വിജയിക്കാറില്ലായിരുന്നു. 
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അദ്ദേഹം നിലമ്പൂർ ചന്തക്കുന്നിൽ യു.ഡി.എഫ് സമ്മേളത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വീണ്ടും കണ്ടു. സ്റ്റേജിലേക്ക് ആയിരക്കണക്കിന് യു.ഡി.എഫ് പ്രവർത്തകർ അദ്ദേഹത്തെ ആനയിച്ചു കൊണ്ടുവരുമ്പോൾ തിരക്കൊന്നും ഗൗനിക്കാതെ തിക്കിത്തിരക്കി ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി കൈകൊടുത്ത് അൽപനേരം കുശലം പറയാനും ഒപ്പമൊരു ഫോട്ടോ എടുക്കാനും കഴിഞ്ഞതും ആ ഫോട്ടോ തന്നെ മാധ്യമങ്ങൾ പകർത്തി വാർത്തയാക്കി കൊടുത്തതും തിരക്കിനിടയിലും ഉമ്മൻ ചാണ്ടിയെന്ന വലിയ മനുഷ്യൻ കാണിച്ച സ്‌നേഹ വാൽസല്യത്തിന്റെ ആഴവും ഇപ്പോഴൊരു ദുþഃഖകരമായ ഓർമയുമായി. 
അദ്ദേഹത്തെ അവസാനമായി കാണാൻ കഴിഞ്ഞതും 1980 ൽ ആദ്യമായി അദ്ദേഹത്തെ കണ്ട ആര്യാടന്റെ വീട്ടിൽ വെച്ച് തന്നെയായിരുന്നു എന്നതും എന്റെ സാമൂഹിക ജീവിതത്തിൽ സംഭവിച്ച ഒരു നിമിത്തമായിരിക്കാം. ഇക്കഴിഞ്ഞ അവധിക്ക് നാട്ടിലുള്ള സമയത്താണ് ആര്യാടൻ മുഹമ്മദിന്റെ നിര്യാണം - 2022 സെപ്റ്റംബർ 25 ന.് അദ്ദേഹത്തിന്റെ ജനാസ പോയി ഒന്നു കണ്ടെങ്കിലും രാത്രി ഒന്നു കൂടി കാണണം എന്ന് തോന്നി വീട്ടിൽ നിന്ന് ആര്യാടന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ എന്റെ അടുത്ത സ്‌നേഹിതനും ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷനുമായ ഇസ്മയിൽ മൂത്തേടം നേതാവിന്റെ ജനാസ കാണാൻ പോകുന്നതുകൊണ്ട് അദ്ദേഹത്തിന്റ കൂടെയായതുകൊണ്ടും ക്യൂവിൽ നിൽക്കാതെ തന്നെ ആര്യാടന്റെ മൃതദേഹം വീണ്ടും കാണാൻ സാധിച്ചു. തിരക്ക് കാരണം നേതാക്കന്മാർ വിശ്രമിക്കുന്ന റൂമിലേക്ക് ഞങ്ങളെ കടത്തിവിടുകയും അവിടെ എല്ലാ പാർട്ടിയിലും പെട്ട നേതാക്കന്മാരുടെയിടയിൽ വളരെ ക്ഷീണിതനായി ഇരിക്കുന്ന ഉമ്മൻ ചാണ്ടിയെ കാണേണ്ടി വരികയും ചെയ്തു. അപ്പോൾ മനസ്സിലോർത്തത് 1980 ൽ ഇതേ വീട്ടിൽ വെച്ച് കണ്ട ഉമ്മൻ ചാണ്ടിയുടെ യൗവന തീക്ഷ്ണമായ മുഖമാണ്.
താഴേക്ക് വീണ തലമുടിച്ചുരുൾ അലസമായി മാടിയൊതുക്കി ചടുലമായി നടന്ന് സംസാരിക്കുന്ന ആ പഴയ ചെറുപ്പക്കാരനിൽ കാലം വലിയ മാറ്റം വരുത്തിയിരുന്നു. ഞാൻ മെല്ലെ അദ്ദേഹത്തിന്റെ അരികെ ചെന്ന് സുഖവിവരങ്ങൾ അന്വേഷിച്ച കൂട്ടത്തിൽ 1980 ലെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പോർമ പങ്കുവെക്കാൻ തുനിഞ്ഞെങ്കിലും ആര്യാടന്റെ വിയോഗ ദുഃഖം ആ മുഖത്ത് മുറ്റിനിന്നിരുന്നതിനാൽ മൗനമായിരുന്നു മറുപടി. പക്ഷേ അപ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ നിന്ന് മുഖത്തേക്ക് വിടർന്നെത്തിയ ആ ചെറുപുഞ്ചിരി മറക്കാനാവില്ല. മലയാളി മനസ്സ് കീഴടക്കിയ ജനകീയ നേതാവിനെ ആദ്യമായും കണ്ടതും അവസാനമായി കണ്ടതും ഒരേ സ്ഥലത്ത് വെച്ച് തന്നെയായി എന്നുള്ളതും എന്റെ ജീവിതത്തിലെ ആകസ്മിക സംഭവമായി.
 

(കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റാണ് ലേഖകൻ) 

Latest News