തിരുവനന്തപുരം- ഓഗസ്റ്റില്‍ വൈദ്യുതി സര്‍ച്ചാര്‍ജായി നല്‍കേണ്ടത് യൂണിറ്റിന് 19 പൈസ. ജൂലായില്‍ 18 പൈസയാണ് ഈടാക്കിയിരുന്നത്. വൈദ്യുതി ബോര്‍ഡ് സര്‍ച്ചാര്‍ജില്‍ ഒരു പൈസ കൂട്ടിയതുകൊണ്ടാണ് വര്‍ധന. ഓഗസ്റ്റില്‍ യൂണിറ്റിന് 10 പൈസ സര്‍ച്ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതിബോര്‍ഡ് ചൊവ്വാഴ്ച വിജ്ഞാപനമിറക്കി. റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ച ഒമ്പതുപൈസ സര്‍ച്ചാര്‍ജ് നിലവിലുണ്ട്. ഇതും രണ്ടും ചേര്‍ന്നാണ് 19 പൈസ. ജൂലായില്‍ ബോര്‍ഡ് ഈടാക്കിയത് ഒമ്പത് പൈസയായിരുന്നു.
മാസംതോറും സ്വമേധയാ സര്‍ച്ചാര്‍ജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ച് കഴിഞ്ഞ മൂന്നുമാസമായി ബോര്‍ഡ് സര്‍ച്ചാര്‍ജ് ഈടാക്കുന്നുണ്ട്. റെഗുലേറ്ററി കമ്മിഷന്‍ അനുവദിച്ച ഒമ്പതുപൈസ സര്‍ച്ചാര്‍ജ് ഒക്ടോബര്‍വരെ തുടരും. അതിനുശേഷം ഇത് പുനഃപരിശോധിക്കും.
ഇന്ധനവില കൂടുന്നതുകാരണം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെലവിലുണ്ടാവുന്ന വര്‍ധനയാണ് സര്‍ച്ചാര്‍ജായി ജനങ്ങളില്‍നിന്ന് ഈടാക്കുന്നത്. ഇത്തരത്തില്‍ ജൂണില്‍ അധികം ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കാനാണ് ബോര്‍ഡ് 10 പൈസ ചുമത്തുന്നത്.
വൈദ്യുതിനിരക്ക് കൂട്ടുന്നതിനെതിരേ വ്യാവസായിക ഉപഭോക്താക്കളുടെ സംഘടനയായ എച്ച്.ടി. ആന്‍ഡ് ഇ.എച്ച്.ടി. ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചിരുന്നു. വാദം വ്യാഴാഴ്ചയും തുടരും. ഈ കേസിലെ വിധിക്ക് വിധേയമായി റെഗുലേറ്ററി കമ്മിഷന്‍ നിരക്കുവര്‍ധന പ്രഖ്യാപിക്കും.