Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽനിന്ന് പറന്നുയർന്ന ഒമാൻ വിമാനം ആകാശത്ത് മൂന്നേകാൽ മണിക്കൂർ ചുറ്റിപ്പറന്നത് എന്തിന്

ഇന്നു(ജൂലൈ 25, ചൊവ്വ) രാവിലെ മസ്‌കറ്റിലേക്ക് പോകാൻ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ഒമാൻ എയറിന്റെ ബോയിങ് 737-91എം(ഇആർ) വിമാനം, എ4ഒ-ബിവൈ, ഫ്ളൈറ്റ് നമ്പർ ഒഎംഎ298 സാങ്കേതികത്തകരാർ മൂലം കരിപ്പൂരിൽ തന്നെ തിരിച്ചിറക്കിയത് ചാനലുകൾ പതിവുപോലെ കുറേനേരത്തേക്ക് ഊതിപ്പെരുപ്പിച്ച ചെറിയൊരു സംഭവം (ഇൻസിഡന്റ്) ആയിരുന്നെങ്കിലും, ഒരു കാര്യം അല്പമൊരു ആശയക്കുഴപ്പം- ദുരൂഹത എന്ന് വേണമെങ്കിൽ പെരുപ്പിച്ചു പറയാം- ഉണ്ടാക്കുന്നതായിരുന്നു-
കരിപ്പൂരിൽ നിന്ന് പറന്നുയർന്നയുടൻ വിമാനത്തിന്റെ വെതർ റഡാറിന്റെ പ്രവർത്തനത്തിൽ തകരാറുണ്ടെന്ന് കണ്ടതിനാലാണ് മസ്‌ക്കറ്റിലേക്ക് പോകേണ്ടെന്ന് പൈലറ്റുമാർ തീരുമാനിച്ചതെന്നാണ് എല്ലാ വാർത്തകളിലും. പറക്കൽപ്പാതയിലെ കുഴപ്പക്കാരായ മഴമേഘങ്ങളും ടർബുലൻസും കാലേക്കൂട്ടി കണ്ട് ഒഴിഞ്ഞുമാറിപ്പറക്കാൻ പൈലറ്റുമാരെ സഹായിക്കുന്ന റഡാർ കേടായാൽ തിരിച്ചിറങ്ങുന്നതു തന്നെയാണ് നല്ലത്- പ്രത്യേകിച്ച് ഈ മഴക്കാലത്ത്. 
എന്നാൽ, ഇറങ്ങും മുമ്പ് മൂന്നു മണിക്കൂർ 17 മിനിറ്റ് ആകാശത്ത് ചുറ്റിപ്പറന്നു നിന്നത് എന്തിനാണ്?
മസ്‌ക്കറ്റ് വരെയയുള്ള 2325 കിലോമീറ്റർ പറക്കാനുള്ളതും പിന്നെ, സുരക്ഷയ്ക്കായി കൂടുതൽ അടിക്കുന്നതും ചേർത്ത് പതിനഞ്ചു ടണ്ണിലേറെ ഇന്ധനവുമായി പറന്നുയർന്ന വിമാനം ആ ഭാരവുമായി തിരിച്ചിറങ്ങുന്നതു അപകടകരമായതിനാൽ, ഇന്ധനം കത്തിച്ചു കളഞ്ഞ് ഭാരം കുറയ്ക്കാൻ ചുറ്റിപ്പറക്കുക തന്നെ വേണം. ഇന്ധനം ഒഴുക്കിക്കളയാൻ സംവിധാനമില്ലാത്ത ഈ വിമാനത്തിന് മറ്റ് പോംവഴികളൊന്നുമില്ലന്നതും സത്യമാണ്. 
എന്നാൽ, എന്തിനായിരുന്നു, ഈ മൂന്നു മണിക്കൂർ 17 മിനിറ്റ്?
കോഴിക്കോടു നിന്ന് മസ്‌ക്കറ്റുവരെയുള്ള സാധാരണ പറക്കൽ സമയം മൂന്നുമണിക്കൂറോ അതിൽ അഞ്ചോ ആറോ മിനിറ്റ് കുറവോ ആണ് എന്നോർക്കുക. പതിനഞ്ചു ടണ്ണോളം ഇന്ധനം കത്തിച്ചു തീർക്കാനെടുക്കുന്ന സമയവുമാണ് അത്.
പറന്നുയർന്ന് 20-25 മിനിറ്റാകുമ്പോൾ തന്നെ 30,000-35,000 അടിപ്പൊക്കത്തിലെത്തുകയും പിന്നെ ഒമാൻ അടുക്കുവോളം ആ ദുരത്തിൽ തന്നെ പറക്കുകയും ചെയ്യുമ്പോഴാണ് ഇത്രയും ഇന്ധനം ചെലവാകുന്നതെന്നും ഓർക്കണം.
ഇന്നു രാവിലെ മുതൽ നട്ടുച്ചവരെ കോഴിക്കോടിനും വയനാടിനും കർണാടകയ്ക്കും മീതേ ഒഎംഎ298 ചുറ്റിക്കറങ്ങിക്കൊണ്ടിരുന്ന ശരാശരിപ്പൊക്കം 10,000 അടിയായിരുന്നു. വായുവിന്റെ സാന്ദ്രത- അല്ലെങ്കിൽ പ്രതിരോധം- കൂടിയ ഈ താഴ്ന്ന നിരപ്പിൽ സ്വാഭാവികമായും കൂടുതൽ ഇന്ധനം ചെലവാകും. മൂന്നു മണിക്കൂർ കൊണ്ട് മസ്‌കറ്റുവരെ പറന്നെത്തുമ്പോൾ കത്തിച്ചുതീർക്കുന്നത്രയും ഇന്ധനം തീരാൻ ഈ പൊക്കത്തിൽ രണ്ടുമണിക്കൂർ പോലും ചുറ്റിപ്പറക്കേണ്ടതില്ല. 
പിന്നെ, ഒമാൻ എയറിന്റെ ഈ ബോയിങ് വിമാനം ഒന്നേകാൽ മണിക്കൂർ കൂടി പറന്നതെന്തിനായിരുന്നു?
വെതർ റഡാറിന്റെ തകരാർ ഒഴികെ മറ്റൊരു കുഴപ്പവും വിമാനത്തിനില്ലായിരുന്നു എന്ന ഔദ്യോഗിക വിശദീകരണം കേൾക്കുമ്പോൾ മറ്റൊരു കാര്യം കൂടി ചോദിക്കാതിരിക്കുന്നതെങ്ങിനെ-
മഴക്കാലത്ത് മേഘങ്ങളും ചുഴികളുമൊക്കെ ഒഴിവാക്കിപ്പറക്കാൻ സഹായിക്കുന്ന ഉപകരണം കേടായാൽ, ഏതു നിമിഷവും പെരുമഴയെത്താവുന്ന സ്ഥലത്ത് പിന്നെയും ആകാശത്ത് ചുറ്റിപ്പറ്റി നിൽക്കുന്നതാണോ സുരക്ഷിതം അതോ കഴിയുന്നത്രവേഗം താഴെയിറങ്ങുന്നതോ?
വെതർ റഡാറിനപ്പറ്റി അല്പം-
വിമാനത്തിന്റെ മുന്നിൽ, മൂക്കിനുള്ളിൽ, ഘടിപ്പിച്ചിട്ടുള്ള റഡാർ ആന്റിനയിൽ നിന്നുള്ള വൈദ്യുതകാന്തിക തരംഗങ്ങളാണ് (മൈക്രോവേവ്) വിമാന പാതയിലെ കാലാവസ്ഥ തിരിച്ചറിയാൻ സഹായിക്കുന്നത്. മഴത്തുള്ളികളിലോ ഹിമകണങ്ങളിലോ നീരാവിക്കൂട്ടത്തിലോ തട്ടിച്ചിതറി തിരികെയെത്തുന്ന തരംഗങ്ങളെ വിശകലനം ചെയ്ത്, മുന്നിലുള്ള വസ്തു ഏതു തരത്തിലുള്ളതാണെന്ന് മനസിലാക്കി, കോക്പിറ്റിലെ ഡിസ്പ്ലേയിൽ അത് ബഹുവർണ ചിത്രമായി കാട്ടിക്കൊടുക്കുകയാണ് വെതർ റഡാർ ചെയ്യുന്നത്. മുന്നിലുള്ള മഴമേഘങ്ങളെയും മർദ്ദവ്യതിയാനമുള്ള മേഖലകളുമെല്ലാം ഒഴിഞ്ഞുമാറിപ്പറക്കുന്നത് അങ്ങിനെയാണ്. 
അമേരിക്കയിലെ ഐവ ആസ്ഥാനമായ റോക്ക്വെൽ കോളിൻസ് എന്ന ബഹുരാഷ്ട്ര കമ്പനി നിർമിച്ച ഏറ്റവും ആധുനികമായ മൾട്ടിസ്‌കാൻ ത്രെട്ട്ട്രാക്ക് വെതർ റഡാറുകളാണ് ഒമാൻ എയറിന്റെ എല്ലാ വിമാനങ്ങളിലും സ്ഥാ്പിച്ചിട്ടുള്ളത്
ബോയിങ് ഡ്രീംലൈനറുകളിൽ സ്ഥാപിച്ച റഡാറുകൾ പൈലറ്റുമാർക്ക് ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്ന ഡിസ്പ്ലേയാണ് കാട്ടിക്കൊടുക്കുന്നത് എ്ന്ന അടുത്തകാലത്തെ ഒരു പരാതിയൊഴിച്ചാൽ, വിപണിയിലുള്ള ഏറ്റവും മികച്ചതെന്നു പറയാവുന്ന വെതർ റഡാറുകളാണ് ഈ കമ്പനിയുടേത്.
ഇന്ന് തിരിച്ചിറങ്ങിയ വിമാനത്തെപ്പറ്റി ചെറിയൊരു കാര്യം കൂടി-
എട്ടുകൊല്ലം മാത്രം പഴക്കമുള്ള (നിർമിച്ചത് 2015 മാർച്ചിൽ) ഈ വിമാനം ഒമാൻ എയർ വിറ്റുകഴിഞ്ഞതാണ്. ഒപ്പം ഇതേ പഴക്കമുള്ള വേറെ നാല് ബോയിങ്ങ് 737-91എം (ഇആർ) വിമാനങ്ങളും കൂടി വാങ്ങിയത് അമേരിക്കയിലെ അൾട്രാ ലോ-കോസ്റ്റ് വിമാനക്കമ്പനി സൺ കൺട്രി എയർലൈൻസ്. നിലവിൽ ഉടമസ്ഥർ സൺ കൺട്രിയാണെങ്കിലും 2025 നവംബർ വരെ പാട്ട വ്യവസ്ഥയിൽ ഒമാൻ എയറിനു തന്നെ പറത്താമെന്നാണ് വ്യവസ്ഥ.

Latest News