Sorry, you need to enable JavaScript to visit this website.

അങ്ങിനെയൊരു മകൾ ഇനിയില്ല, അവളെ മരിച്ചതായി കണക്കാക്കുന്നു-പാക്കിസ്ഥാനിലേക്ക് പോയ യുവതിയുടെ അച്ഛൻ

ഗ്വാളിയോർ- പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്ക് പോയി അവിടെ തന്റെ ഫെയ്സ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ച വിവാഹിതയായ ഇന്ത്യൻ യുവതി അഞ്ജുവിനെ ഇനി മുതൽ മരിച്ചതായാണ് കണക്കാക്കുന്നതെന്ന് യുവതിയുടെ പിതാവ്. തന്റെ രണ്ട് കുട്ടികളുടെ ഭാവി അവൾ നശിപ്പിച്ചുവെന്ന് മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ബൗന ഗ്രാമത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അവളുടെ പിതാവ് ഗയാ പ്രസാദ് തോമസ് പറഞ്ഞു.
രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അവൾ ഓടിപ്പോയി.മക്കളെ കുറിച്ച് പോലും അവൾ ചിന്തിച്ചില്ല. ഇത് ചെയ്യണമെങ്കിൽ, അവൾ ആദ്യം തന്റെ ഭർത്താവിനെ വിവാഹമോചനം ചെയ്യണമായിരുന്നു. അവൾ മരിച്ചതായാണ് ഞങ്ങൾ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മകൾ ഇസ്ലാം മതം സ്വീകരിച്ചോ എന്ന ചോദ്യത്തിന്, ഇതുമായി ബന്ധപ്പെട്ട് തനിക്ക് ഒരു വിവരവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

'അവളുടെ മക്കൾക്ക്, ഭർത്താവിന് എന്ത് സംഭവിക്കും? അവളുടെ മക്കളെ - 13 വയസ്സുള്ള പെൺകുട്ടിയെയും അഞ്ച് വയസ്സുള്ള ആൺകുട്ടിയെയും ആരാണ് പരിപാലിക്കുക? അവൾ തന്റെ കുട്ടികളുടെയും ഭർത്താവിന്റെയും ഭാവി നശിപ്പിച്ചു. അവളുടെ കുട്ടികളെ ആരാണ് പരിപാലിക്കുക.. ഞങ്ങൾ അത് ചെയ്യേണ്ടിവരും- തോമസ് പറഞ്ഞു. അവളെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാരിനോട് അപേക്ഷിക്കുമോ എന്ന ചോദ്യത്തിന്, താൻ അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു മറുപടി. 
ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്എഫ്) ഒരു പ്രധാന യൂണിറ്റ് നിലയുറപ്പിച്ചിരിക്കുന്ന തെക്കൻപൂർ പട്ടണത്തിന് സമീപമാണ് തന്റെ ഗ്രാമം എന്നതിനാൽ കൂടുതൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടാകുമോ എന്ന ചോദ്യത്തിനോട്, ഞങ്ങളോട് ആരും അത്തരത്തിലുള്ള ഒരു പ്രശ്നവും ഉന്നയിച്ചിട്ടില്ല. മാധ്യമങ്ങൾ മാത്രമാണ് ഈ ചോദ്യം ഉന്നയിക്കുന്നതെന്നുമായിരുന്നു മറുപടി. എന്റെ കുട്ടികൾക്ക് ക്രിമിനൽ പ്രവണതകളൊന്നുമില്ല. വിഷയത്തിൽ ഏത് അന്വേഷണത്തിനും ഞാൻ തയ്യാറാണ്,' അദ്ദേഹം പറഞ്ഞു.
പാകിസ്താനിലേക്ക് കാമുകനെ അന്വേഷിച്ച് യാത്ര ചെയ്ത ഇന്ത്യൻ യുവതി ഇസ്്ലാം സ്വീകരിച്ച് കാമുകനെ വിവാഹം ചെയ്ത വിവരം ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. യു.പി സ്വദേശിയായ, മധ്യപ്രദേശിൽ താമസിക്കുന്ന അഞ്ജുവാണ് പാക് സ്വദേശി നസ്റുല്ലയെ വിവാഹം ചെയ്തത്. രണ്ടു കുട്ടികളുടെ അമ്മയായ അഞ്ജു ഒരു മാസം മുമ്പാണ് പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്യാനാണ് ഇവർ യാത്ര ചെയ്തത്. 34 കാരിയായ അഞ്ജു തന്റെ 29 കാരനായ പാകിസ്ഥാൻ സുഹൃത്ത് നസ്‌റുല്ലയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ജില്ലാ സെഷൻസ് ജഡ്ജിയുടെ പ്രാദേശിക കോടതിയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. നസ്‌റുല്ലയുടെയും അഞ്ജുവിന്റെയും വിവാഹം ഇന്ന് നടന്നു. അവർ ഇസ്്ലാം മതം സ്വീകരിച്ചതിന് ശേഷം നിക്കാഹ് നടത്തിയെന്ന് അപ്പർ ദിർ ജില്ലയിലെ മൊഹറാർ സിറ്റി പോലീസ് സ്റ്റേഷനിലെ മുതിർന്ന ഓഫീസർ മുഹമ്മദ് വഹാബ് പറഞ്ഞു. നസ്‌റുല്ലയുടെ കുടുംബാംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരും ദിർബാലയിലെ ജില്ലാ കോടതിയിൽ ഹാജരായതെന്ന് പോലീസ് പറഞ്ഞു. മലകണ്ട് ഡിവിഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ നസീർ മെഹ്‌മൂദ് സത്തി അഞ്ജുവിന്റെയും നസ്‌റുല്ലയുടെയും നിക്കാഹ് സ്ഥിരീകരിച്ചു, ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷമാണ് ഇന്ത്യൻ യുവതിക്ക് ഫാത്തിമ എന്ന് പേരിട്ടതെന്ന് പറഞ്ഞു. പോലീസ് സുരക്ഷയിൽ ഇന്ത്യൻ യുവതിയെ കോടതിയിൽ നിന്ന് വീട്ടിലേക്ക് മാറ്റിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുവരും കനത്ത സുരക്ഷയിൽ കാഴ്ചകൾ കാണാനായി പോയിരുന്നു. ദിർ അപ്പർ ജില്ലയെ ചിത്രാൽ ജില്ലയുമായി ബന്ധിപ്പിക്കുന്ന ലവാരി തുരങ്കം അവർ സന്ദർശിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള അവരുടെ സന്ദർശനത്തിന്റെ ചിത്രങ്ങളും ഇവർ പങ്കുവെച്ചു. പച്ചപ്പ് നിറഞ്ഞ ഒരു പൂന്തോട്ടത്തിൽ ഇരുവരും കൈകോർത്ത് നിൽക്കുന്ന ചിത്രവും പുറത്തുവന്നു. ഉത്തർപ്രദേശിലെ കയ്‌ലോർ ഗ്രാമത്തിൽ ജനിച്ച് രാജസ്ഥാനിലെ അൽവാർ ജില്ലയിൽ താമസിച്ചിരുന്ന അഞ്ജു, താൻ പാക്കിസ്ഥാനിൽ സുരക്ഷിതയാണെന്ന് പറയുന്ന ഒരു ഹ്രസ്വ വീഡിയോ പങ്കുവെച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
നിയമപരമായും ആസൂത്രണത്തോടെയും ഇവിടെ എത്തിയ എല്ലാവർക്കും ഈ സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.  ഞാൻ ഇവിടെ സുരക്ഷിതയാണ്. എന്റെ ബന്ധുക്കളെയും കുട്ടികളെയും ഉപദ്രവിക്കരുതെന്ന് എല്ലാ മാധ്യമപ്രവർത്തകരോടും ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും അഞ്ജു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. രാജസ്ഥാനിൽ താമസിക്കുന്ന അരവിന്ദിനെയാണ് അഞ്ജു വിവാഹം കഴിച്ചത്. ഇവർക്ക് 15 വയസ്സുള്ള ഒരു മകളും ആറ് വയസ്സുള്ള ഒരു മകനുമുണ്ട്. ഇന്ത്യയിൽ നിന്ന് വാഗാ-അട്ടാരി അതിർത്തി വഴി നിയമപരമായാണ് അഞ്ജു പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തത്. 


 

Latest News