Sorry, you need to enable JavaScript to visit this website.

സ്‌നേഹച്ചൂടിലേക്ക് ചാമ്പ്യന്മാർ

ലോകകപ്പുമായി എത്തിയ ഫ്രാൻസ് ടീമിന് പാരിസിൽ ലഭിച്ച വരവേൽപ്.
ചാമ്പ്യന്മാരെ വരവേൽക്കാൻ ഷാംസ് എലിസിയിൽ തടിച്ചുകൂടിയ ആയിരങ്ങൾക്കു മുകളിൽ ദേശീയ നിറങ്ങൾ സൃഷ്ടിക്കുന്ന ജെറ്റുകൾ.

പാരിസ് - ഫ്രാൻസിന്റെ ചാമ്പ്യൻ നിര പാരിസിന്റെ ആഘോഷത്തിലേക്ക് വിമാനമിറങ്ങി. സ്‌നേഹച്ചൂടിൽ ഇളകിമറിഞ്ഞ ജനക്കൂട്ടം ടീമിന് ഊഷ്മളമായ വരവേൽപ് നൽകി. ക്രൊയേഷ്യയെ 4-2 ന് ഫൈനലിൽ തോൽപിച്ച ശേഷം ഉറങ്ങാതെ വിജയമാഘോഷിച്ച കളിക്കാർ മറ്റൊരു ആഹ്ലാദരാവിലേക്കാണ് വന്നിറങ്ങിയത്. 
മോസ്‌കോയിൽ ഫൈനൽ വിസിൽ മുഴങ്ങിയ ശേഷം പാരിസിലെ ആഘോഷകേന്ദ്രമായ ഷാംസ് എലിസിയിൽ ആരവം നിലച്ചിട്ടില്ല. ഈഫൽ ഗോപുരം ദേശീയ നിറങ്ങളിൽ അലങ്കരിച്ചിരുന്നു. 
ചാൾസ് ഡിഗോൾ വിമാനത്താവളത്തിൽ കളിക്കാരുമായി ഇറങ്ങിയ വിമാനത്തിന് ഫയർ ബ്രിഗേഡ് വെള്ളം ചീറ്റി ഗാഡ് ഓഫ് ഓണർ നൽകി. കപ്പ് കൈയിലേന്തി ക്യാപ്റ്റൻ ഹ്യൂഗൊ ലോറീസും ഒപ്പം കോച്ച് ദീദിയർ ദെഷോമുമാണ് ആദ്യം ഇറങ്ങിയത്. 
എല്ലാ ദേശീയ ആഘോഷങ്ങളുടെയും വേദിയായ ഷാംസ് എലിസിയിൽ ഇന്നലെ രാവിലെ മുതൽ ആരാധകരുടെ ഒഴുക്കാരംഭിച്ചിരുന്നു. ദേശീയവികാരം അലയടിക്കുന്ന, അതേസമയം വ്യതിരിക്തതകളെ ബഹുമാനിക്കുന്ന, ഐക്യത്തോടൊപ്പം ഭിന്നതകളെ അംഗീകരിക്കുന്ന, തീവ്രദേശീയവാദി ആവാതെ രാജ്യത്തെ സ്‌നേഹിക്കുന്ന ഫ്രഞ്ച് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഈ ടീമിന് സാധിച്ചുവെന്ന് പ്രമുഖ ജേണലിസ്റ്റ് ലോറന്റ് ജോഫ്‌റിൻ അഭിപ്രായപ്പെട്ടു. 


പരേഡിനു ശേഷം കളിക്കാരെ എലിസി കൊട്ടാരത്തിൽ പ്രസിഡന്റ് ഇമ്മാനുവേൽ മാക്‌റോൺ സ്വീകരിച്ചു. കീലിയൻ എംബാപ്പെ വളർന്ന പാരിസിന്റെ പ്രാന്തപ്രദേശമായ ബോണ്ടിയിൽ നിന്നുൾപ്പെടെ ആയിരത്തോളം യുവ കളിക്കാരും സ്വീകരണത്തിൽ സന്നിഹിതരായിരുന്നു. കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ കളിക്കാരെ പ്രസിഡന്റ് അഭിസംബോധന ചെയ്തു. തുടർന്ന് ഡി.ജെ സ്‌നെയ്ക്കിന്റെ സംഗീതപരിപാടി അരങ്ങേറി. രാജ്യത്തിന് അർപ്പിച്ച അതുല്യ സേവനങ്ങളുടെ പേരിൽ എല്ലാ കളിക്കാർക്കും ലീജിയൻ ഓഫ് ഓണർ ബഹുമതി സമ്മാനിക്കുമെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി തീവണ്ടി സ്റ്റേഷനുകൾക്ക് താൽക്കാലികമായി കളിക്കാരുടെ പേര് നൽകി. വിക്ടർ ഹ്യൂഗൊ സ്റ്റേഷൻ വിക്ടർ ഹ്യൂഗൊ ലോറീസ് സ്റ്റേഷനായി. 

 

Latest News