Sorry, you need to enable JavaScript to visit this website.

അല്‍ഖസീം ഭീകരാക്രമണം: ഐ.എസ് ഉത്തരവാദിത്തമേറ്റു

റിയാദ് - കഴിഞ്ഞ ഞായറാഴ്ച അല്‍ഖസീം ബുറൈദയില്‍ അല്‍തര്‍ഫിയ ജയിലിനു സമീപം ചെക്ക് പോയന്റ് ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഐ.എസ് ഏറ്റെടുത്തു. കാറിലെത്തിയ മൂന്നംഗ സംഘം നടത്തിയ വെടിവെപ്പില്‍ സുരക്ഷാ ഭടനും ബംഗ്ലാദേശുകാരനും കൊല്ലപ്പെട്ടിരുന്നു.  ഭീകരാക്രമണ പദ്ധതി സുരക്ഷാ സൈനികര്‍ പരാജയപ്പെടുത്തുകയായിരുന്നു. ഭീകരര്‍ സഞ്ചരിച്ച കാര്‍ ചെക്ക് പോയന്റില്‍ വെച്ച് തടഞ്ഞുനിര്‍ത്തിയതോടെയാണ് സംഘം സുരക്ഷാ സൈനികര്‍ക്കു നേരെ നിറയൊഴിച്ചത്. സുരക്ഷാ ഭടന്മാര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെടുകയും ഒരു ഭീകരന്‍ പരിക്കുകളോടെ പിടിയിലാവുകയും ചെയ്തു.
ഭീകര വിരുദ്ധ പോരാട്ടത്തിനിടെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത് ബുറൈദ അല്‍തര്‍ഫിയ ജയിലില്‍ അടച്ചവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് 2011 ല്‍ നടത്തിയ നിയമ വിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുത്തവരാണോ ഭീകരാക്രമണം നടത്തിയതെന്ന് സംശയിക്കുന്നുണ്ട്. അല്‍ഖാഇദ ആശയങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായിരുന്നു ഭീകരരെ ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയത്. ജയിലിനു മുന്നില്‍ പ്രകടനം നടത്തിയ മൂന്നു അല്‍ഖാഇദ ഭീകരരെ നാലു വര്‍ഷം മുമ്പ് പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. ഇവര്‍ക്ക് രണ്ടു മുതല്‍ നാലു വര്‍ഷം വരെ തടവാണ് കോടതി വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശ യാത്ര നടത്തുന്നതില്‍നിന്ന് ഇവര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

 

 

Latest News