മലപ്പുറത്തെ അനുസ്മരണത്തിൽ അപ്രതീക്ഷിത അതിഥി; ഉമ്മൻചാണ്ടിയുടെ വഴിയിലൂടെ നടക്കണമെന്ന് രാഹുൽഗാന്ധി

മലപ്പുറം - ഉമ്മൻചാണ്ടിയുടെ വഴിയിലൂടെ സഞ്ചരിക്കാൻ പൊതുപ്രവർത്തകർ തയ്യാറാകണമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ നിന്നാണ് ഉയർന്നുവരേണ്ടതെന്നും ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് ഇടയിൽ നിന്ന് ഉയർന്നുവന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ അപ്രതീക്ഷിത അതിഥിയായി എത്തിയതായിരുന്നു രാഹുൽ ഗാന്ധി. കോട്ടക്കലിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അനുസ്മരണ യോഗം നടക്കുന്നിടത്തേക്ക് രാഹുൽ ഗാന്ധി എത്തി പ്രവർത്തകരുടെ വികാരത്തോടൊപ്പം ചേർന്നത്.
 പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പ്രസംഗിക്കുന്നതിനിടെയാണ് രാഹുൽ വേദിയിലേക്ക് എത്തിയത്. അതുവരെ മലയാളത്തിൽ സംസാരിച്ചിരുന്ന കുഞ്ഞാലിക്കുട്ടി രാഹുൽ എത്തിയതോടെ പ്രസംഗം ഇംഗ്ലീഷിലാക്കി. വേദിയിലേക്ക് എത്തിയ രാഹുൽ, ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
 'ഭാരത് ജോഡോ യാത്ര കേരളത്തിൽ എത്തിയപ്പോൾ അസുഖ ബാധിതനായിട്ടും ഉമ്മൻ ചാണ്ടി എന്റെ കൂടെ നടക്കണമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മനസ്സിലാക്കി, യാത്രയ്ക്കിടെ ഞാൻ വന്ന് കണ്ടോളാമെന്നു പറഞ്ഞെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ഭാരത് ജോഡോ യാത്രയിൽ വരേണ്ടതില്ലെന്നു പറഞ്ഞ് തടഞ്ഞിട്ടും അദ്ദേഹം പിന്മാറാൻ തയ്യാറാവാതിരുന്നതോടെ കൂടെ നടക്കാൻ താൻ സമ്മതിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൈ പിടിച്ചു ഞാൻ നടന്നു. ഉമ്മൻ ചാണ്ടിയെ കുറിച്ച് ഒരു മോശം വാക്ക് പോലും ഞാൻ ഇതുവരെ കേട്ടിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ വഴിയിലൂടെ എല്ലാവരും സഞ്ചരിക്കണം. അദ്ദേഹം എനിക്ക് വഴി കാട്ടിയായിരുന്നു. ഉമ്മൻ ചാണ്ടിയിലൂടെ കേരളത്തിലെ ജനങ്ങളെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചുവെന്നും' രാഹുൽ പറഞ്ഞു.
 അനുസ്മരണ സമ്മേളനം എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാർ തുടങ്ങി വിവിധി രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും മറ്റും പങ്കെടുത്തു.

Latest News