Sorry, you need to enable JavaScript to visit this website.

കോയമ്പത്തൂരില്‍ കമല്‍ഹാസന്‍ മത്സരിച്ചേക്കുമെന്ന് സൂചന

ചെന്നൈ- നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ മത്സരിച്ചേക്കും. ഡി. എം. കെ മുന്നണിയുടെ ഭാഗമായാണ് അദ്ദേഹം മത്സര രംഗത്തുണ്ടാവുകയെന്നാണ് സൂചനകള്‍. 

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി സ്ഥാനാര്‍ഥി വനതി ശ്രീനിവാസനോട് 1,728 വോട്ടിനാണ് കമല്‍ ഹാസന്‍ പരാജയപ്പെട്ടത്. എന്നാല്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നാണ് ഡി. എം. കെയുടെ വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് കമലിന് കോയമ്പത്തൂര്‍ സീറ്റ് നല്‍കാന്‍ ആലോചിക്കുന്നത്. 

സൗത്ത് കോയമ്പത്തൂരില്‍ മക്കലോടു മയ്യം എന്ന ഭവന സന്ദര്‍ശന പരിപാടിക്ക് നേരത്തെ തന്നെ കമല്‍ഹാസന്‍ തുടക്കം കുറിച്ചിരുന്നു. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും നേതാക്കള്‍ വാര്‍ഡ്- പഞ്ചായത്ത് തലങ്ങളില്‍ ജനങ്ങളെ നേരില്‍ കാണാനാണ് പാര്‍ട്ടി തീരുമാനം. അതതു മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ അവഗണിച്ച ജനകീയ പ്രശ്‌നങ്ങള്‍ മനസിലാക്കി അവ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഉദ്ദേശ്യം. 

ഇതിനായി എല്ലാ വാര്‍ഡ് സെക്രട്ടറിമാര്‍ക്കും 25 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയും നല്‍കിയിട്ടുണ്ട്. ഗൂഗ്ള്‍ ഫോം ഉപയോഗിച്ചായിരിക്കും വിവരങ്ങള്‍ ശേഖരിക്കുക.

ഡി. എം. കെ നേതാവ് കനിമൊഴിയോട് ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ട ബസ് കണ്ടക്ടറെ എതിര്‍ത്തതിന് ജോലി നഷ്ടമായ വനിതാ ഡ്രൈവര്‍ ശര്‍മിളയ്ക്ക് കമല്‍ഹാസന്‍ കാര്‍ വാങ്ങിക്കൊടുത്തിരുന്നു. ഈ കാര്‍ ടാക്‌സിയായി ഓടിക്കുകയാണ് ശര്‍മിളയിപ്പോള്‍. ഈ സംഭവം പ്രദേശത്ത് കമലിന്റെ ജനപ്രീതിയില്‍ വലിയ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. 

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ കമല്‍ഹാസന്‍ പങ്കെടുത്തിരുന്നു.

Latest News