ടെക്‌സാസ് - യു.എസിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി ശരത് കോപ്പുവിന്റെ കൊലപാതകിയെന്നു സംശയിക്കുന്നയാൾ വെടിയേറ്റു മരിച്ചു. കൻസാസിൽ പോലീസിന്റെ വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്. ശരത് കോപ്പുവിന്റെ മരണശേഷം ഇയാൾക്കു വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പോലീസ്. അതിനിടെ ഇന്നലെ ഇയാൾ പോലീസിന്റെ മുന്നിൽ വന്നു പെട്ടു. പിടികൂടാനായി പോലീസ് മുന്നോട്ട് നീങ്ങിയതോടെ ഇയാൾ വെടിവച്ചു. തുടർന്ന് പൊലിസും തിരിച്ച് വെടിവെക്കുകയായിരുന്നു. മൂന്നു പോലീസുകാർക്ക് വെടിവെപ്പിൽ പരുക്കേറ്റിട്ടുണ്ട്. ജൂലൈ ആറിനാണ് ശരത് കൊല്ലപ്പെടുന്നത്. യു.എസിലെ മിസൗറികനാസ് യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥിയായിരുന്നു. ശരത് പഠനത്തോടൊപ്പം സമീപത്തെ റസ്റ്റോറന്റിൽ ജോലി ചെയ്യുകയുമായിരുന്നു. റസ്റ്റോറന്റിലെത്തിയ അജ്ഞാതൻ ശരത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. റസ്റ്റോറന്റിൽ മോഷണത്തിനെത്തിയതാണ് അക്രമിയെന്നായിരുന്നു പോലീസിന്റെ നിഗമനം. അക്രമിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ശരതിന് വെടിയേറ്റത്. വെടിവെപ്പ് നടത്തിയയാളുടെ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടിരുന്നു. തെലങ്കാനയിലെ വാറങ്കലാണ് ശരത്തിന്റെ സ്വദേശം. എൻജിനിയറിങ് ബിരുദധാരിയായ ശരത് ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ചാണ് അമേരിക്കയിലേക്ക് ഉപരിപഠനത്തിന് പോയത്.