ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്

ഇസ്ലാമാബാദ്- പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പി. ടി. ഐ ചെയര്‍മാനുമായ ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ജൂലൈ 25ന് തന്നെ ഹാജരാക്കാന്‍ ഇസ്ലാമാബാദ് പോലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തതായി പാക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

കോടതിയലക്ഷ്യ കേസിലാണ് ഇമ്രാന്‍ ഖാനെതിരെ വാറണ്ട് പുറപ്പെടുവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഇമ്രാന്‍ഖാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ഇലക്ടറല്‍ വാച്ച്‌ഡോഗിനുമെതിരെ നിഷേധാത്മക ഭാഷ ഉപയോഗിച്ചതിനാണ് നടപടി.

നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത് രണ്ട് നേതാക്കളെയും ഹാജരാക്കാനാണ് ഉത്തരവ്. ജനുവരി 16, മാര്‍ച്ച് 2 തുടങ്ങിയ തിയ്യതികളില്‍ നോട്ടീസ് നല്‍കുകയും ജാമ്യം ലഭിക്കാവുന്ന വാറന്റുകള്‍ പുറപ്പെടുവിക്കുകയും ചെയ്തിതിരുന്നു. എന്നിട്ടും ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാകുന്നത് അവഗണിച്ചു. 

ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും മറ്റൊരു കോടതി കേസും മെഡിക്കല്‍ അപ്പോയിന്‍മെന്റുമുണ്ടെന്ന് അസദ് ഉമറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് വാറണ്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതു മുതല്‍ ഇമ്രാന്‍ ഖാന്‍ വിവിധ കോടതികളില്‍ നിരവധി നിയമ കേസുകളുമായി ബന്ധപ്പെട്ട് നില്‍ക്കുകയാണ്.

ജൂലായ് 11-ന് നടന്ന വാദത്തിന് സമന്‍സ് അയച്ചിട്ടും  കമ്മീഷനു മുന്നില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാനും ഫവാദ് ചൗധരിക്കും ഇസിപി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Latest News