കുഞ്ഞിനെയുമെടുത്ത് ഗര്‍ഭിണി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കതിരെ കേസ്

കല്‍പ്പറ്റ - വയനാട് വെണ്ണിയോട് കുഞ്ഞിനെയുമെടുത്ത് ഗര്‍ഭിണിയായ യുവതി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃ കുടുംബത്തിനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം  തുടങ്ങിയ കുറ്റങ്ങളാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ചുമത്തിയത്. പാത്തിക്കല്‍ ഓംപ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് മെയ് 13 ന് അഞ്ചുവയസുള്ള മകള്‍ ദക്ഷയുമായി പുഴയില്‍ ചാടി മരിച്ചത്. ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന്‍ ഋഷഭരാജന്‍, അമ്മ ബ്രാഹ്‌മിലി എന്നിവര്‍ക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
യുവതിയെ തുടര്‍ച്ചയായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും ഇതില്‍ മാനസികമായി തളര്‍ന്നാണ് ദര്‍ശന കുഞ്ഞിനെയുമെടുത്ത് പുഴയില്‍ ചാടിയതെന്നും ദര്‍ശനയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശും ഇയാളുടെ അച്ഛന്‍ ഋഷഭരാജനുമാണ് ദര്‍ശനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതെന്നാണ് ആരോപണം. ദര്‍ശനയെ രണ്ട് തവണ ഓംപ്രകാശ് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിച്ചതായും നാല് മാസം ഗര്‍ഭിണിയായിരിക്കെ വീണ്ടും ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിയും മുമ്പ് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണാഭരണം ഭര്‍ത്താവിന്റെ അച്ഛന്‍ കാപ്പിക്കച്ചവടത്തിന് വേണ്ടി ചോദിച്ചപ്പോള്‍ നല്‍കാത്തതു മുതല്‍ പീഡനം തുടങ്ങിയെന്നും ദര്‍ശനയെ ഇരുവരും മര്‍ദിക്കാറുണ്ടെന്നും ദര്‍ശനയുടെ കുടുംബം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ അച്ഛന്‍ ദര്‍ശനയെ അസഭ്യം പറയുന്നതും ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുന്നതുമായ റിക്കാര്‍ഡ് ചെയ്ത സംഭാഷണം വീട്ടുകാര്‍ പുറത്തുവിട്ടിരുന്നു.

 

Latest News