പ്രധാനമന്ത്രിയുടെ റാലിക്കിടെ പന്തല്‍ തകര്‍ന്നു വീണ് 76 പേര്‍ക്ക് പരിക്ക്

മിഡ്‌നാപൂര്‍- പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിക്കുന്നതിനിടെ പന്തലിന്റെ ഒരു ഭാഗം തകര്‍ന്ന് 76 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ 20 സ്ത്രീകളും ഉള്‍പ്പെടും. മോഡിയുടെ പ്രസംഗം പുരോഗമിക്കുന്നതിനിടെ പന്തലിന്റെ ഒരു ഭാഗം ആള്‍ക്കുട്ടത്തിനു മുകളില്‍ പതിക്കുകയായിരുന്നു. പരിഭ്രാന്തരായ ജനക്കൂട്ടം നാലുപാടും ഓടിയതു മൂലമുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. പന്തല്‍ നാട്ടിയ ഇരുമ്പു കാലുകളും മരങ്ങളും ഷീറ്റും ഒന്നടങ്കം നിലം പൊത്തുകയായിരുന്നു. കനത്ത മഴയും ആളുകള്‍ തൂണില്‍ കയറിയതുമാണ് അപകടമുണ്ടാക്കിയത്.

പ്രസംഗം നിര്‍ത്തി മോഡി ജനങ്ങളോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടു. സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥരുടെ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കി. പരിക്കേറ്റവരെ ആംബുലന്‍സുകളിലും മോട്ടോര്‍സൈക്കിളുകളിലുമായാണ് ആശുപത്രികളിലെത്തിച്ചത്. പിന്നീട് പ്രധാനമന്ത്രിയും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. സംഭവം വലിയ സുരക്ഷാ വീഴ്ചയാണെന്നും ഇതു പരിശോധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
 

Latest News