Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാർക്‌സിസം: പുതിയ പാഠങ്ങൾ

അമ്പലങ്ങളിലുള്ള ഭരണപരവും ധനപരവും രാഷ്ട്രീയവുമായ താൽപര്യം മറ്റു ദേവാലയങ്ങളിൽ ചെലവാകില്ല. ശങ്കിച്ചും പേടിച്ചും മുസ്‌ലിംകളെ മാർക്‌സിസ്റ്റാക്കാൻ ഇടക്കും തലക്കും ശ്രമം നടന്നിട്ടില്ലെന്നല്ല. ഒരിക്കൽ ലീഗിന്റെ പച്ച നിറത്തിൽ മാർക്‌സിസം വിതരണം ചെയ്യാൻ ഇടയായി.  ഒരു ലീഗ് കഷ്ണത്തെ കൂട്ടിനു കിട്ടുകയും ചെയ്തു. 'ചക്കരമത്തൻ' എന്ന ഒരു മൂന്നാം കിട നാടകമെഴുതി കേശവദേവ് അതിനെ പരിഹസിച്ചു. 


പന്തീരാങ്കാവിൽനിന്ന് കടപ്പുറത്തേക്കുള്ള ബസിൽ എപ്പോഴും തിരക്കായിരുന്നു. അങ്ങനെയൊരു ദിവസം ഞങ്ങൾ, എം എൻ കുറുപ്പും ഞാനും നടക്കാൻ തീരുമാനിച്ചു.  ദേശാഭിമാനി വാരികയുടെ ചുമതലക്കാരനായിരുന്നു കുറുപ്പ്. രാഷ്ട്രീയവും സാഹിത്യവും അദ്ദേഹത്തിന് ഒരുപോലെ വശമായിരുന്നു. മാർക്‌സിസത്തിന്റെ സങ്കീർണതകൾ അദ്ദേഹം സാഹിത്യത്തിന്റെ വർണഭംഗിയോടെ അവതരിപ്പിച്ചു. 
അന്നൊരു ദിവസം നടക്കുന്നതിനിടയിൽ പാർട്ടി ആപ്പീസും അമ്പലവും തമ്മിലുള്ള ബന്ധമായി സംസാര വിഷയം.  വിശേഷിച്ചൊരു ബന്ധവുമില്ല, ശത്രുതയാണ് ബന്ധം എന്നു തന്നെ പറയാം. അതായിരുന്നു സഖാക്കൾ കേട്ടുശീലിച്ച വാദം.  അതിനു കരുത്ത് കൂട്ടും വണ്ണം മാർക്‌സിന്റെ മൊഴി വീണ്ടും വീണ്ടും ആവർത്തിക്കപ്പെട്ടു: മതം മനുഷ്യന്റെ കറുപ്പ് ആകുന്നു. വർജിക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്യണമെന്ന് ആചാര്യൻ അനുശാസിച്ച ഒന്നിനോട് അനുയായികൾക്ക് ചേർച്ച ഉണ്ടാകാൻ വയ്യല്ലോ. 
കുറുപ്പ് അന്ന് സൂചിപ്പിച്ചത് ആ നിരുദ്ധ ബന്ധമോ ബന്ധവൈകല്യമോ ആയിരുന്നു.  കേരളത്തിന്റെ പല ഭാഗങ്ങളിലും ദേവാലയങ്ങളിലെ ഉത്സവങ്ങളുമായി ചെറുപ്പക്കാരായ സഖാക്കൾ ബന്ധപ്പെടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.  അതിനെ പാർട്ടി വിരുദ്ധമായ നിലപാടായി വ്യാഖ്യാനിക്കാൻ പറ്റുമായിരുന്നില്ല. കൗമാര പ്രേമം പോലെ, വിനോദയാത്ര പോലെ, ഒരു വഴിമാറ്റം, തൊഴിലില്ലാത്ത നേരത്തെ ഒരു രസം.  കാലം ചെല്ലുമ്പോൾ അതൊക്കെ ഒതുങ്ങുകയും തൊഴിലും അതിന്റെ സംഘർഷങ്ങളും അനുഭവിക്കാൻ തുടങ്ങുമ്പോൾ മാർക്‌സിസം മനസ്സിലായിക്കൊള്ളുമെന്നുമായിരുന്നു അനുമാനം. അല്ലാതെ, പിള്ളേരെ കർശനമായി ഗുണദോഷിക്കേണ്ട കാര്യമില്ല.  
പക്ഷേ നടന്നത് അന്നൊന്നും കരുതാത്ത കാര്യമായിരുന്നു. അമ്പലക്കാര്യങ്ങളും മതചിന്തകളും കമ്യൂണിസ്റ്റുകാരെ കൂടുതൽ കൂടുതൽ ഉൾക്കൊള്ളാൻ തുടങ്ങി. തെരഞ്ഞെടുക്കപ്പെട്ട തീർഥയാത്രകളിലും ചടങ്ങുകളിലും അധികാര സ്ഥാനങ്ങളിലും അവർ വെമ്പലോടെ കയറിക്കൂടി.  എൺപതുകളിൽ പാർട്ടി സമ്മേളനങ്ങൾക്കായുള്ള പ്രമാണങ്ങളിൽ അക്കാര്യം ഒട്ടൊരു സംഭ്രമത്തോടെ പരാമർശിച്ചിട്ടുള്ളതായി കാണാം. മാർക്‌സിസത്തിലൂടെയുള്ള മുന്നേറ്റം വഴി മാറിപ്പോവുകയാണോ? 
അല്ല എന്നു വാശിയോടെ സഖാക്കളുടെ നേതൃത്വം പലപ്പോഴും വാദിക്കും. അന്നേ വരെ കേട്ടു പഠിച്ചതൊക്കെയും തെറ്റെന്നും വൈരുധ്യാധിഷ്ഠിതത്തിന്റെ ആദിമൂലം പിഴച്ചുവെന്നും സമ്മതിക്കുമ്പോൾ വിമ്മിട്ടം തോന്നുന്നത് സ്വാഭാവികമാകുന്നു. പിന്നെ, നാളിതുവരെ വർജ്ജിച്ചുനിർത്തിയിരുന്ന ആധ്യാത്മികതയെ, മതത്തെ, സ്വാധീനിക്കാനോ സ്വാംശീകരിക്കാനോ ശ്രമിച്ചാൽ മാർക്‌സിസത്തിന്റെ ഭാഗം ചേരുന്ന ആളുകളുടെ എണ്ണം കൂടുമെന്നും കണക്കാക്കാം. മതവും മാർക്‌സിസവും ചാലിച്ചെടുത്താൽ കിട്ടുന്നതിന്റെ ഗുണമൊന്നു വേറെ ആയിരിക്കുമെന്നും കരുതാം.  
അവിടെയും ഒരു അക്കിടി പറ്റുന്നു.  അമ്പലങ്ങളും അവയുമായി ബന്ധപ്പെട്ട ആചാരങ്ങളും പാർട്ടി പരിപാടിയിലെ മന്ത്രോച്ചാരണമാകുമ്പോൾ, പഴയ വിശ്വാസങ്ങൾ അയയുന്നുവോ അതോ പാർട്ടി പരിപാടിയിൽ മതത്തിന്റെ വെള്ളം കോരി ഒഴിക്കുന്നുവോ?  ആ ചോദ്യത്തിനുള്ള ഉത്തരം അസുഖകരമാകും. അതിലുമേറെ അസുഖകരമാകും അമ്പലങ്ങളെ 'മാർക്‌സിസീ'കരിക്കാനുള്ള ഉദ്യമം ഏറെ ഫലിച്ചില്ലെന്നു മാത്രമല്ല, ഈ കോലാഹലമൊക്കെ അമ്പലങ്ങളുടെ ഗോപുര നടയിൽ നിലച്ചുപോകുന്നവയാണ് മിക്കപ്പോഴും.  അമ്പലങ്ങളിലുള്ള ഭരണപരവും ധനപരവും രാഷ്ട്രീയവുമായ താൽപര്യം മറ്റു ദേവാലയങ്ങളിൽ ചെലവാകില്ല. ശങ്കിച്ചും പേടിച്ചും മുസ്‌ലിംകളെ മാർക്‌സിസ്റ്റാക്കാൻ ഇടക്കും തലക്കും ശ്രമം നടന്നിട്ടില്ലെന്നല്ല. ഒരിക്കൽ ലീഗിന്റെ പച്ച നിറത്തിൽ മാർക്‌സിസം വിതരണം ചെയ്യാൻ ഇടയായി.  ഒരു ലീഗ് കഷ്ണത്തെ കൂട്ടിനു കിട്ടുകയും ചെയ്തു. 'ചക്കരമത്തൻ' എന്ന ഒരു മൂന്നാം കിട നാടകമെഴുതി കേശവദേവ് അതിനെ പരിഹസിച്ചു. 
പിന്നീടൊരിക്കൽ ഉൽപതിഷ്ണുവും ചരിത്രപണ്ഡിതനുമായ ഇർഫാൻ ഹബീബിനെ മുന്നിൽ നിർത്തി ലീഗിനെതിരെ വിമർശിച്ചും മുന്നേറാൻ നോക്കി.  ആ നിലപാട് ഏറെക്കാലം ഉറച്ചില്ല. എന്നു തന്നെയല്ല അതു കൊള്ളില്ലെന്ന് അർഥമാക്കിക്കൊണ്ട് ഇ കെ നായനാർ സാരസ്യം വിളമ്പി: അതൊക്കെ നമ്പൂതിരിപ്പാടിന്റെ നാക്കു പിഴ ആയിരുന്നുപോലും.  മതത്തിന്റെ ആനുകൂല്യത്തിനു വേണ്ടിയുള്ള ക്രയവിക്രയത്തിൽ കടുത്ത, ക്രിമിനൽ നിലപാടുകാരെയും അവസരമുണ്ടായാൽ കൂട്ടിനു കൂട്ടാം എന്ന നില വന്നു. വിമോചന ദൈവശാസ്ത്രം പടരാൻ തുടങ്ങിയപ്പോൾ ആ വഴിക്കും വളരാം എന്നൊരു വിശ്വാസം പിറന്നു.  ആ ചിന്താഗതിയുടെ ആചാര്യനായ കൊളംബിയൻ പുരോഹിതൻ ഹെൽഡർ കാമാറയുടെ വചനം പ്രശസ്തമായി: വിശക്കുന്നവനു ഞാൻ ഭക്ഷണം കൊടുക്കുമ്പോൾ ആളുകൾ എന്നെ പുണ്യവാളൻ എന്നു വിളിക്കുന്നു; വിശക്കുന്നവന് എന്തുകൊണ്ട് ഭക്ഷണം കിട്ടുന്നില്ലെന്നു ഞാൻ ചോദിക്കുമ്പോൾ അവർ എന്നെ കമ്യൂണിസ്റ്റ് എന്ന് മുദ്ര കുത്തുന്നു.  കേൾക്കാൻ ഇമ്പം തോന്നുന്ന ആ വ്യാഖ്യാനം പ്രചരിച്ചിട്ടും കുരിശിൻ മുകളിൽ ചെങ്കൊടി കെട്ടാൻ പറ്റിയില്ല. ഇക്കാലമത്രയും മെനക്കെട്ടിട്ടും പാർട്ടിയിൽ ചേർക്കാൻ പറ്റിയ ന്യൂനപക്ഷ നേതൃത്വം മുസഫർ അഹമ്മദ് മുതൽ പാലോളി മുഹമ്മദ് കുട്ടി വരെയുള്ളവരിൽ ഒതുങ്ങുമെന്ന് സിനിക്കായ ഒരു മുൻ സഖാവ് പറയാറുള്ളതോർക്കുന്നു. 
ഇതൊക്കെയായിട്ടും മതത്തിന്റെ 'കറുപ്പി'നടിപ്പെട്ടു പോയവരെ വിപ്ലവത്തിലേക്കു കൈ പിടിച്ചു കയറ്റാനുള്ള സംരംഭം നിലച്ചിട്ടില്ല.  അതിന് ആക്കം കൂടിയെന്നു തന്നെ പറയണം. ആവുന്നിടത്തെല്ലാം അമ്പലക്കമ്മിറ്റികളിൽ ആധിപത്യത്തിനുള്ള അങ്കം നടക്കുന്നു. മറ്റൊരിടത്തും അങ്ങനെയൊരങ്കത്തിന് സാധ്യത കാണാത്തതുകൊണ്ട് അവിടെ അതുണ്ടാകുന്നില്ലെന്നേയുള്ളൂ.  ആളെക്കൂട്ടാൻ പറ്റിയ വഴി എവിടന്നായാലും പഠിക്കാമെന്ന മാർക്‌സിസ്റ്റ് തന്ത്രം അനുസരിച്ച്, രാഷ്ട്രീയ സ്വയം സേവക സംഘം മുമ്പു കാണിച്ച വഴിയേ കണ്ണൂരിലെ സഖാക്കൾ നടന്നു നോക്കിയിരുന്നു. അവിടെ കൃഷ്ണ ജയന്തി ആഘോഷം മാർക്‌സിസ്റ്റ് മുറക്ക് പൊടി പൊടിച്ചു. യുക്തിപരമായി നോക്കുമ്പോൾ ദാമോദർ കോസാംബിയെ ഉദ്ധരിക്കാമായിരുന്നു.  ഇന്ത്യൻ ചരിത്രത്തിനും മതപഠനത്തിനും ഒരിടതുവഴി വെട്ടിയെടുത്ത പ്രതിഭാശാലിയായിരുന്നു കോസാംബി. വിശ്വാസങ്ങളും ആചാരങ്ങളും അദ്ദേഹം അവയുടെ സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലത്തിൽ അപഗ്രഥിച്ചു. വിശ്വാസികൾക്ക് അതത്ര രസിച്ചില്ല. അതുകൊണ്ടോ എന്തോ, കോസാംബിയുടെ അയാഥാസ്ഥിതികത്വം അമ്പലപ്പറമ്പുകളിൽനിന്ന് ആളെക്കൂട്ടാൻ സഖാക്കളെ സഹായിച്ചില്ല.
രാമായണത്തോടുള്ള സമീപനത്തിലെ പുതിയ ആശകൾക്കും ആശങ്കകൾക്കും നിദാനം അതു തന്നെ. രാമനെ വിമർശിക്കാൻ കോസാംബിയെ എഴുന്നള്ളീക്കണമെന്നില്ല.  വാൽമീകി തന്നെ ഏറെ സാധ്യത തുറന്നു വെച്ചിട്ടുണ്ട്. നമ്മുടെ മാരാരും ആശാനും ആ വഴിയേ നീങ്ങിയവരാാണ്. പക്ഷേ മാർക്‌സിസ്റ്റ് പാർട്ടി അവരെ പിന്തുടരുമായിരിക്കില്ല രാമായണ മാസം ആചരിക്കുമ്പോൾ. അങ്ങനെയൊരു രാമഭർത്സനത്തിനൊരുങ്ങിയാൽ എതിർക്കുമെന്ന് പലയിടങ്ങളിൽനിന്നും മുന്നറിയിപ്പും വന്നു കഴിഞ്ഞു.
വാസ്തവത്തിൽ മാർക്‌സിസത്തിന്റെ, അല്ലെങ്കിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ, ഭഗ്‌നഭാവന ഉദാഹരിക്കുന്നതാണ് രാമായണ മാസാചരണത്തിനുള്ള സന്നാഹം.  പണ്ടേക്കു പണ്ടേ സന്ധ്യക്കും പ്രഭാതത്തിലും എത്രയോ വീടുകളിൽ നിയമേന ഉച്ചരിച്ചുവരുന്നതാണ് രാമായണം. മരണ നേരത്ത് കേൾക്കാൻ ഉതകുന്നതത്രേ ആ പുണ്യ വചനം. അതിനു വേണ്ടി അടുത്ത കാലം വരെ പ്രത്യേകമായി മാസാചരണം പതിവുണ്ടായിരുന്നില്ല.  സംഘ പരിവാർ അതിനെ ഒരു പ്രസ്ഥാനമാക്കി മാറ്റാൻ ഇറങ്ങിയപ്പോൾ സഖാക്കൾക്ക് രാഷ്ട്രീയമായ അസൂയ തോന്നിക്കാണും. അതാകണം ചുവപ്പൻ ചിട്ടയിലുള്ള ആചരണം. 
പാർട്ടി ആചരണം ഏർപ്പെടുത്തുന്നില്ലെന്നു സ്ഥാപിക്കാൻ സഖാക്കളുടെ നേതൃത്വം തിടുക്കം കൂട്ടുന്നു.  മതപരമോ ആധ്യാത്മികമോ ആയ ഒരു ചടങ്ങുമായി നേരിട്ടു ബന്ധപ്പെട്ടാൽ, വർഗശത്രുക്കൾ പഴയ വിമർശനം വാരിയെറിയും എന്നാകും പേടി.  ശരി തന്നെ. എന്നാലും ആ വഴിക്കു കിട്ടാവുന്ന ആളുകളെ മുഴുവൻ വർഗീയവാദികളുടെ നാൾ വഴി പേരേടിൽ എഴുതിച്ചേർക്കേണ്ടതില്ലല്ലോ. അതിനുള്ള വൈരുധ്യാധിഷ്ഠിത മാർഗമാണ് പാരായണം ആചരണമാക്കുക, പക്ഷേ പാർട്ടിയെ അതുമായി കൂട്ടിക്കെട്ടാതിരിക്കുക എന്ന രാഷ്ട്രീയ വിശിഷ്ടാദൈ്വതം.  
കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു, പാർട്ടി രാമായണ മാസം ആചരിക്കുന്നില്ല. പാർട്ടിയുമായി ബന്ധപ്പെട്ട ചിലർ രൂപീകരിച്ചിട്ടുള്ള സംസ്‌കൃത സംഘം അങ്ങനെയെന്തെങ്കിലും ചെയ്യുന്നുണ്ടാകാം.  അതിനു പാർട്ടിയെ പഴിക്കാൻ നോക്കേണ്ട. തൊട്ടവനെ തൊട്ടാൽ തൊട്ടുകൂടായ്മയുടെ ലംഘനമാവില്ലെന്ന് പഴയ നാടുവാഴി വഴക്കം ഉദ്ധരിച്ചുകൊണ്ട് പറയാം. സഖാക്കൾ ഏതു ഗ്രന്ഥം ഏറ്റെടുക്കുമെന്നറിയില്ല.  പലതുണ്ട് രാമായണം. സീത തന്നെ പറഞ്ഞതാണ്, 'രാമായണങ്ങൾ പലതും മുനിവരർ /ആമോദമോടെ പറഞ്ഞു കേൾപ്പുണ്ടു ഞാൻ. 'അപ്പോൾ രാമനു മുമ്പേ രാമായണം ഉണ്ടായിരുന്നോ എന്നൊക്കെ ചോദ്യം വരും. അതിലൊക്കെ കുടുങ്ങിപ്പോയാലും ഇല്ലെങ്കിലും,  ഈ പുതിയ സപര്യയിൽനിന്ന് മാർക്‌സിസത്തിന്റെ പുതിയ പാഠങ്ങൾ പഠിക്കാനാവുമോ എന്നതാണ് ക്രമപ്രശ്‌നം. 

Latest News