Sorry, you need to enable JavaScript to visit this website.

മണിപ്പൂരിലെ ആദ്യ ആള്‍ക്കൂട്ട ഇര കോളജ് വിദ്യാര്‍ഥി; മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് തല്ലിക്കൊന്നു 

ഇംഫാല്‍- വംശീയ കലാപത്തിന്റെ പേരില്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. പോലീസ് കസ്റ്റഡിയിലായിരിക്കെയാണ് യുവാവ് കൊല്ലപ്പെട്ടത്. 

കോളജ് വിദ്യാര്‍ഥിയായ ഹങ്‌ലാല്‍മുവാന്‍ വായ്‌പേയ് (21) ആണ് ചുരാചന്ദ്പൂര്‍ ജില്ലയില്‍ കൊല്ലപ്പെട്ടതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്ണൂറോളം വരുന്ന ജനക്കൂട്ടമാണ് ഇയാളെ കൊലപ്പെടുത്തിയത്. എഫ്. ഐ. ആര്‍ സഹിതമാണ് ഹിന്ദു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

രണ്ട് കുക്കി സ്ത്രീകളെ പീഡിപ്പിച്ച് നഗ്നരാക്കി നടത്തിക്കുകയും രണ്ടു സ്ത്രീകളെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്ത മെയ് നാലാം തിയ്യതി തന്നെയാണ് വായ്‌പേയും ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടുപോകവെയാണ് ആക്രമണമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എണ്ണൂറോളം പേര്‍ പോലീസ് വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വായ്‌പേയിയെ പിടിച്ചിറക്കി തല്ലിക്കൊല്ലുകയായിരുന്നു. 

പൊറോംപത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മണിപ്പൂര്‍ വംശഹത്യയിലെ ആദ്യത്തെ ആള്‍ക്കൂട്ട കൊലയാണ് ഇതെന്നാണ് കരുതുന്നത്. പോലീസ് വാഹനം തടഞ്ഞു നിര്‍ത്തിയ ആള്‍ക്കൂട്ടം ആയുധങ്ങള്‍ ഉള്‍പ്പെടെ കൈക്കലാക്കിയിരുന്നു. ആള്‍ക്കൂട്ടത്തെ കണ്ടതോടെ പോലീസുകാര്‍ ഓടി രക്ഷപ്പെട്ടുവെന്നും എഫ്. ഐ. ആറില്‍ പറയുന്നു. 

വായ്‌പേയുടെ മൃതദേഹം പോലും കണ്ടെടുക്കാനായില്ലെന്നാണ് എഫ്. ഐ. ആറില്‍ പറയുന്നതെന്നും ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് സംഭവങ്ങള്‍ വലിയ വിവാദങ്ങളായതിന് പിന്നാലെ മാത്രമാണ് വായ്‌പേയുടെ കൊലപാതകത്തില്‍ പോലീസ് എഫ്. ഐ. ആര്‍ റജിസ്റ്റര്‍ ചെയ്തത്. 

Latest News