ശശി തരൂരിന്റെ ഓഫീസിനു നേരെ ആക്രമണം; ബിജെപിയുടെ വധഭീഷണിയുണ്ടെന്ന് എം.പി

തിരുവനന്തപുരം-  കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന്റെ ഓഫീസിനു നേര്‍ക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ആക്രമം. പുളിമൂടിനു സമീപത്തെ ഓഫീസിനു നേര്‍ക്ക് കരി ഓയില്‍ ഒഴിക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കി ഓഫീസിലെത്തിയവരെ തുരത്തുകയും ചെയ്തു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകുമെന്ന തരൂരിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. ഹിന്ദു പാക്കിസ്ഥാന്‍ ഓഫീസ് എന്ന ബാനറും ആക്രമികള്‍ കെട്ടി. വിവാദ പരാമര്‍ശം പിന്‍വലിച്ച് തരൂര്‍ മാപ്പു പറയണെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

ബിജെപി യുവമോര്‍ച്ച ആക്രമികള്‍ തന്റെ ഓഫീസ് ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരിക്കുകയാണെന്ന് തരൂര്‍ പറഞ്ഞു. പരാതികളുമായി ഓഫീസിലെത്തിയ സാധാരണക്കാരെ ആക്രമികള്‍ വിരട്ടിയോടിച്ചുവെന്നും ഇത് ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരായ അതിക്രമമാണെന്നും തരൂര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ തരൂര്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല.

പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി തരൂര്‍ വീണ്ടും വ്യക്തമാക്കി. ഹിന്ദു രാഷ്ട്രമെന്ന സ്വപനം ബിജെപി ഉപേക്ഷിച്ചിട്ടുണ്ടോ എന്ന ലളിതമായ  ചോദ്യത്തിന് മറുപടി ആക്രമണവും  ഗുണ്ടായിസവുമാണെന്ന് ഈ സംഭവം ചൂണ്ടിക്കാട്ടി തരൂര്‍ ട്വീറ്റിലൂടെ പ്രതികരിച്ചു. ഇവരുടെ മുഖമാണ് ഇന്ന് തിരുവനന്തപുരത്ത് കണ്ടതെന്നും ഈ സംഘി ഗുണ്ടകള്‍ തങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് ഭൂരിപക്ഷം ഹൈന്ദവരും പറയുമെന്നും തരൂര്‍ ട്വീറ്റില്‍ പറഞ്ഞു.

യുവമോര്‍ച്ചാ ആക്രമത്തിത്തെ കോണ്‍ഗ്രസ് അപലപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ എന്നിവര്‍ തരൂരിന്റെ ഓഫീസ് സന്ദര്‍ശിച്ചു.

Latest News