മലയാളി വനിത യു. കെയില്‍ കുഴഞ്ഞുവീണു മരിച്ചു

ലണ്ടന്‍- പല്ലു വേദനയെ തുടര്‍ന്ന് ചികിത്സിക്കാനെത്തിയ മലയാളി വനിത യു. കെയില്‍ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിയും യു. കെ മലയാളിയുമായ മെറീന ജോസഫ് (46) ആണ് മരിച്ചത്. 

ജോലി സ്ഥലത്തുവെച്ച് കഠിനമായ പല്ലുവേദന അനുഭവപ്പെട്ട മെറീന ബ്ലാക്ക്പൂള്‍ ജിപിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സ തുടരവെയാണ് കുഴഞ്ഞുവീണത്. ഉടന്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ച്ചയായി ഹൃദയാഘാതമുണ്ടാവുകയും വെന്റിലേറ്ററിലാവുകയുമായിരുന്നു. സര്‍ജറിക്കുള്ള ഒരുക്കങ്ങള്‍ നടക്കവേ ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു.

സീനിയര്‍ കെയറര്‍ വിസയില്‍ ഒരു വര്‍ഷം മുമ്പാണ് മെറീന യു. കെയില്‍ എത്തിയത്. ജോലിയുമായി ബന്ധപ്പെട്ട് സഹോദരി എല്‍സമ്മ സ്റ്റീഫനൊപ്പം ബ്ലാക്ക്പൂളിലാണ് താമസിച്ചിരുന്നത്. 

രണ്ട് പെണ്‍മക്കളുടെ മാതാവായ മെറീനയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നുണ്ട്. സംസ്‌ക്കാരം പിന്നീട് നാട്ടില്‍ നടത്തും. പിതാവ്: കണ്ണങ്കര ഏറനാട്ടുകളത്തില്‍ കൊച്ചൗസേഫ്.

Latest News