ആഭ്യന്തര വിദേശ ഓർഡറുകൾ ചുക്ക് വിപണിയെയും നാടൻ കുരുമുളക് ലഭ്യത ഉറപ്പ് വരുത്താൻ വ്യവസായികൾ കുരുമുളകിന്റെയും വില ഉയർത്തി. മഞ്ഞളും വൻ മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ്. ചുക്ക് മാർക്കറ്റ് ഈ വർഷത്തെ ആദ്യ കുതിച്ചു ചാട്ടത്തിന് സാക്ഷ്യം വഹിച്ചു. ഒറ്റയടിക്ക് ക്വിന്റലിന് 7500 രൂപയാണ് വില ഉയർന്നത്. പച്ച ഇഞ്ചിയുടെ വിലക്കയറ്റം വിരൽ ചൂണ്ടുന്നത് രൂക്ഷമായ ചുക്ക് ക്ഷാമത്തിലേയ്ക്കാണെന്ന് മുൻവാരം സൂചന നൽകിയിരുന്നു. ബെസ്റ്റ് ചുക്ക് വില 24,000 രൂപയിൽ നിന്നും 31,500 ലേയ്ക്ക് കയറി. മീഡിയം ചുക്ക് വില 30,000 രൂപയായി. മാർക്കറ്റിൽ ചുക്ക് വരവ് കുറഞ്ഞു, വില വീണ്ടും ഉയരുമെന്ന പ്രതീക്ഷ കാർഷിക മേഖലയിൽ ഉടലെടുത്തു. അറബ് രാജ്യങ്ങളിൽ നിന്നും പുതിയ അന്വേഷണങ്ങളെത്തി. കേരളത്തിൽ ചുക്ക് ക്ഷാമത്തിന്റെ വിവരം പുറത്ത് വന്നതോടെ ദക്ഷിണേന്ത്യൻ സുഗന്ധവ്യഞ്ജന കയറ്റുമതിക്കാരുമായി ഗൾഫ് മേഖലയിലെ ഇറക്കുമതിക്കാർ കൂടുതൽ വിവരങ്ങൾ ആരാഞ്ഞ് തുടങ്ങി. ഗൾഫ് ഓർഡറുകൾക്ക് ചുക്കിനെ 34,000-42,000 ലേയ്ക്ക് ഉയർത്താനാവുമെന്ന മുൻവാരം ഇതേ കോളത്തിൽ നൽകിയ സൂചനകൾ താഴ്ന്ന വിലയ്ക്ക് ചരക്ക് കൈക്കാലാക്കാൻ നിന്നവരെ അസ്വസ്ഥരാക്കുന്നു. തിരക്കിട്ട് പുതിയ വിദേശ കച്ചവടങ്ങൾ കഴിഞ്ഞ ദിവസം ഉറപ്പിച്ചെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങൾ കയറ്റുമതിക്കാർ രഹസ്യമാക്കുകയാണ്. ആഭ്യന്തര വില വീണ്ടും ഉയർന്നാൽ കണക്കു കൂട്ടലിന് ഒത്ത് ചരക്ക് സംഭരിക്കാൻ പലരും ക്ലേശിക്കേണ്ടി വരും.
ചുക്കിന് പിന്നാലെ മഞ്ഞൾ വിപണിയും റെക്കോർഡിലേയ്ക്ക്. സത്ത് നിർമാതാക്കൾക്ക് ഒപ്പം വിദേശ ഓർഡർ ലഭിച്ചവരും മഞ്ഞൾ സംഭരിക്കാൻ ഇറങ്ങിയതോടെ ചരക്ക് ക്ഷാമം രുക്ഷമായി. പിന്നിട്ട രണ്ടാഴ്ചകളിലെ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ഉത്തരേന്ത്യയിൽ വ്യാപകമായ കൃഷിനാശം മഞ്ഞളിന് സംഭവിച്ചത് വ്യവസായികളെ അസ്വസ്ഥരാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ മഞ്ഞൾ കൃഷി ദക്ഷിണേന്ത്യയിലാണ്. ഇതിൽ തമിഴ്‌നാട്ടിലാണ് ഇപ്പോൾ വ്യാപകമായി മഞ്ഞൾ കൃഷിയുള്ളത്. നേരത്തെ കേരളത്തിൽ നിന്നുള്ള ആലപ്പി ഫിങ്കർ ടെർമറിക്കിന് അമേരിക്കയിൽ വൻ ഡിമാന്റായിരുന്നു. കാർഷിക കേരളം കൃഷിയിൽ നിന്നും പിന്നോക്കം വലിഞ്ഞതോടെ മഞ്ഞളിനെ അയൽ സംസ്ഥാനം വാരിപ്പുണർന്നു. തമിഴ്‌നാട്ടിൽ മഞ്ഞൾ ഉയർന്ന നിരക്കായ 13,251 രൂപയിലെത്തി. കൊച്ചിയിൽ വില 7800-8400 രൂപ.
മഴയ്ക്ക് ഇടയിൽ കുരുമുളക് കൊടികൾക്ക് നേരിട്ട നാശനഷ്ടം സംബന്ധിച്ച് വ്യക്തമായ കണക്കെടുപ്പ് ഇനിയും പുരോഗമിച്ചിട്ടില്ല. കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള ഈ വീഴ്ച മൂലം കൃത്യമായ നഷ്ടത്തിന്റെ കണക്കുകൾക്ക് കാത്തിരിക്കേണ്ടിവരും. പല ഭാഗങ്ങളിലും കൃഷിക്ക് നേരിട്ട തിരിച്ചടികൾ വിലയിരുത്തിയാൽ അടുത്ത സീസണിലും ഉൽപാദനം ഉയരാൻ സാധ്യയില്ലെന്നാണ് ഒരു വിഭാഗം ചെറുകിട കർഷകരുടെ വിലയിരുത്തൽ. ഇത് സംബന്ധിച്ച് വൻകിട തോട്ടങ്ങളിൽ നിന്നുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
ഉത്സവവേളയായ ഓഗസ്റ്റ്, ഒക്ടോബറിൽ കുരുമുളക് വില കുതിച്ചു ചാട്ടം കാഴ്ചവെക്കുമെന്ന നിഗമനത്തിലാണ് വ്യാപാരികളും മധ്യവർത്തികളും. ജൂണിൽ മരവിച്ചു കിടന്ന കുരുമുളക് വില ചുരുങ്ങിയ ദിനങ്ങൾക്കിടയിൽ മുന്നേറി. പോയ വാരം ക്വിന്റലിന് 2000 രൂപ വർധിച്ച് ഗാർബിൾഡ് 54,000 രൂപയായി.
ഏലം സീസൺ അടുത്തതോടെ പല അവസരത്തിലും ലേലത്തിന് അര ലക്ഷം കിലോയ്ക്ക് മുകളിൽ ചരക്ക് വിൽപനയ്ക്ക് വന്നു. വരവ് ഉയർന്ന അവസരത്തിലും കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും രംഗത്ത് സജീവമായിരുന്നു. വാരാവസാനം നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 1888 രൂപയിലും ശരാശരി ഇനങ്ങൾ 1424 രൂപയിലുമാണ്.
കാലാവസ്ഥ മാറ്റം കണ്ട് ചെറുകിട കർഷകർ റബർ ടാപ്പിങിന് ഉത്സാഹിച്ചു. പരമാവധി വേഗത്തിൽ ലാറ്റക്‌സ് വിൽപനയ്ക്ക് ഇറക്കാൻ തിടുക്കം കാണിച്ചെങ്കിലും ലാറ്റക്‌സ് ക്ഷാമം രൂക്ഷമായതിനാൽ വ്യവസായികൾ 12,000 രൂപയിൽ വിപണിയെ പിടിച്ചു നിർത്തി. നാലാം ഗ്രേഡ് റബർ 15,300 രൂപയിലും അഞ്ചാം ഗ്രേഡ് 14,400-14,900 രൂപയിലുമാണ്.
റബർ അവധി വിലകൾ ഏഷ്യൻ മാർക്കറ്റുകളിൽ ഉണർന്നു തുടങ്ങി. വിപണിയുടെ സാങ്കേതിക വശങ്ങൾ ബുള്ളിഷ് മൂഡിലേയ്ക്ക് തിരിക്കാനുള്ള ശ്രമത്തിലാണ് ജപ്പാൻ, സിംഗപ്പൂർ വിപണികൾ. ജപ്പാനിൽ ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബർ സെപ്റ്റംബർ അവധിയിൽ ഇരുന്നൂറ് യെന്നിലെ പ്രതിരോധം തകർത്തു. മാർച്ചിന് ശേഷം ആദ്യമായാണ് റബർ കിലോ 200 യെന്നിന് മുകളിൽ ഇടപാടുകൾ നടക്കുന്നത്.
ഓണം അടുത്തതോടെ നാളികേര വിപണിയിൽ ഉണർവ് കണ്ടു തുടങ്ങി. മുഖ്യ വിപണികളിൽ എണ്ണ, കൊപ്ര വിലകൾ കയറി. കൊപ്ര ശേഖരിക്കാൻ മില്ലുകാർ രംഗത്ത് ഇറങ്ങിയതോടെ 8000 രൂപയായും കൊച്ചിയിൽ വെളിച്ചെണ്ണ 12,300 രൂപയായും ഉയർന്നു. സ്വർണവില പവൻ 44,000 രൂപയിൽ നിന്നും 44,560 ലേയ്ക്ക് ഉയർന്ന ശേഷം ശനിയാഴ്ച്ച 44,120 രൂപയിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1954 ഡോളറിൽ നിന്നും 1960 ഡോളറായി.