Sorry, you need to enable JavaScript to visit this website.

മുൻനിര ഇൻഡക്‌സുകൾ ഇടിവിലെങ്കിലും സെൻസെക്‌സും നിഫ്റ്റിയും പ്രതിവാര നേട്ടത്തിൽ

റെക്കോർഡുകളുടെ പൂക്കാലത്തിനിടയിൽ ഓഹരി വിപണിയിൽ വാരാന്ത്യം വിൽപനക്കാർ സൃഷ്ടിച്ച പ്രളയം നിക്ഷേപകരെ മുൾ മുനയിലാക്കി. ഇന്ന് ഇടപാടുകളുടെ ആദ്യ മണിക്കൂറിൽ തളർച്ചയിൽ നിന്നും സൂചിക ഉണർവ് കണ്ടെത്തിയാൽ വിപണി വീണ്ടും സജീവമാകും. വാരാന്ത്യ ദിനം വിദേശ ഓപറേറ്റർമാർ വിൽപനക്കാരന്റെ മേലങ്കി അണിഞ്ഞ് രംഗത്ത് ഇറങ്ങിയത് മുൻനിര ഇൻഡക്‌സുകളെ ഒരു ശതമാനം ഇടിച്ചു. എന്നാൽ സെൻസെക്‌സ് 623 പോയന്റും നിഫ്റ്റി സൂചിക 180 പോയന്റും പ്രതിവാര നേട്ടത്തിലാണ്. തുടർച്ചയായ നാലാം വാരമാണ് ഇന്ത്യൻ മാർക്കറ്റ് മികവ് നിലനിർത്തുന്നത്.  
സെൻസെക്‌സ് വാരത്തിന്റെ ആദ്യ നാല് ദിവസങ്ങളിൽ 1559 പോയന്റും നിഫ്റ്റി 427 പോയന്റും ഉയർന്നിരുന്നു. വിപണി  സാങ്കേതികമായി ഓവർ ബ്രോട്ടായതിനിടയിലാണ് വിദേശ ഓപറേറ്റർമാർ വെളളിയാഴ്ച ലാഭമെടുപ്പിന് ഇറങ്ങിയത്. 6723 കോടി രൂപയാണ് ആദ്യ നാല് ദിനങ്ങളിൽ അവർ നിക്ഷേപിച്ചത്. വെള്ളിയാഴ്ച അവർ 1999 കോടി രൂപയുടെ ഓഹരികൾ വിറ്റു. മൂന്നാഴ്ചകളിൽ രണ്ടാം തവണയാണ് അവർ ലാഭമെടുപ്പ് നടത്തുന്നത്. ഈ മാസം വിദേശ നിക്ഷേപം 43,804 കോടി രൂപയാണ്. ജനുവരി, ജൂലൈ 20 വരെ അവർ 1,20,211 കോടി രൂപ ഇന്ത്യയിൽ ഇറക്കി. 
നിഫ്റ്റിയുടെ ദൃഷ്ടി 20,034 ലേയ്ക്കാണങ്കിലും ഒറ്റയടിക്ക് ഈ നേട്ടം കൈപ്പിടിയിൽ ഒതുക്കാനാവില്ലെന്ന് കഴിഞ്ഞ വാരം സൂചിപ്പിച്ചതിനാൽ പ്രദേശിക ഇടപാടുകാർ പലരും ഉയർന്ന തലത്തിൽ ലാഭമെടുപ്പ് നടത്തി. 19,564 ൽ നിന്നും റെക്കോർഡായ 19,991.85 പോയന്റ് വരെ ഉയർന്ന സൂചിക 20,000 നെ തൊട്ടുതൊട്ടില്ലെന്ന ഭാവത്തിൽ നിൽക്കേ ഫ്യൂചേഴ്‌സ് ആന്റ് ഓപ്ഷൻസിൽ ശക്തമായ ലോങ് കവറിങിന് ഊഹക്കച്ചവടക്കാർ നീക്കം നടത്തി. മാർക്കറ്റ് ക്ലോസിങിൽ 19,764 ന് മുകളിൽ പിടിച്ചു നിൽക്കാനാവാഞ്ഞത് 19,745 ലാണ്. ഈ വാരം വീണ്ടും ഒരു തിരുത്തൽ സംഭവിച്ചാൽ 19,542, 19,339 ൽ സപ്പോർട്ട് പ്രതീക്ഷിക്കാം. തിരിച്ചുവരവിന് ശ്രമിച്ചാൽ 19,969 ൽ ആദ്യ പ്രതിരോധം തല ഉയർത്തും. ഇത് മറികടന്നാൽ 20,193 വരെ മുന്നേറാം. 
ബോംബെ സെൻസെക്‌സ് 66,060 ൽ നിന്നും സർവകാല റെക്കോർഡായ 67,619 വരെ ഉയർന്നു. വ്യാപാരാന്ത്യം സൂചിക 66,684 പോയന്റിലാണ്. ഈ വാരം സെൻസെക്‌സ് 65,926 ലെ താങ്ങ് നിലനിർത്തി 67,530 ലേയ്ക്ക് ഉയരാൻ ശ്രമിക്കാം, ഈ നീക്കം വിജയിച്ചാൽ വീണ്ടും റെക്കോർഡ് തകർത്ത് 68,168 നെ ലക്ഷ്യമാക്കി നീങ്ങും. തിരുത്തൽ ശക്തമായാൽ 65,168 ൽ താങ്ങുണ്ട്. 
കാലവർഷം അനുകൂലമെന്ന വിലയിരുത്തലിൽ ഓപറേറ്റർമാർ കാണിച്ച ഉത്സാഹം നിഫ്റ്റി എഫ്.എം.സി.ജി സൂചികയെ സർവകാല റെക്കോർഡായ 54,308 ലേയ്ക്ക് ഉയർത്തി. നിഫ്റ്റിയിൽ എസ്ബിഐ, ഐറ്റിസി, എൽ ആന്റ് റ്റി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ സി, ഇൻഡ് ബാങ്ക്, ആർഎഎൽ, സിപ്ല, ഡോ. റെഡീസ്, സൺ ഫാർമ്മ, ബിപിസിഎൽ, മാരുതി, വിപ്രോ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടപ്പോൾ വിൽപന സമ്മർദവും ലാഭമെടുപ്പും മൂലം ആറ് ശതമാനം തകർച്ചയെ ഇൻഫോസീസ് ടെക്‌നോളജി അഭിമുഖീകരിച്ചു. ടിസിഎസ്, എച്ച്‌സി.എൽ, ടെക് മഹീന്ദ്രയ്ക്ക് കനത്ത തിരിച്ചടി നേരിട്ടു.  
വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 82.16 ൽ നിന്നും 81.86 ലേയ്ക്ക് കരുത്ത് കാണിച്ച ശേഷം 82.16 ലാണ്. യുഎസ് ഫെഡ് റിസർവ് ബുധനാഴ്ച യോഗം ചേരും. പലിശ നിരക്കിൽ 25 ബേസീസ് പോയന്റ് വർധനക്ക് സാധ്യത.
അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1954 ഡോളറിൽ നിന്നും 1984 വരെ കയറിയതിനിടയിൽ ഡോളർ കരുത്ത് കാണിച്ചതോടെ വാരാവസാനം ഫണ്ടുകൾ സ്വർണത്തിൽ ലാഭമെടുപ്പ് നടത്തിയതിനാൽ 1960 ഡോളറായി. യുഎസ് തൊഴിൽ മേഖലയിലെ ഉണർവ് മഞ്ഞ ലോഹത്തിന്റെ തിളക്കത്തിന് മങ്ങൽ ഏൽപിച്ചു. 
റഷ്യ ക്രൂഡ് ഓയിൽ കയറ്റുമതിക്ക് നിയന്ത്രണം വരുത്താനുള്ള നീക്കം ഇന്ത്യക്ക് കനത്ത പ്രഹരമാവും. ഓഗസ്റ്റ് മുതൽ പ്രതിദിനം കയറ്റുമതിയിൽ അഞ്ച് ലക്ഷം ബാരലിന്റെ കുറവാണ് ലക്ഷ്യമിടുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 76.58 ഡോളർ. അതായത് രാജ്യാന്തര എണ്ണ വില ഉയരാനുള്ള സാധ്യതകൾ രൂപയുടെ വിനിമയ നിരക്കിൽ ചാഞ്ചാട്ടമുളവാക്കും. 

Latest News