ന്യൂറോ സർജറി വിഭാഗത്തിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രി. കടുത്ത നടുവേദനക്കും കാലുകളുടെ മരവിപ്പിനും ബലക്ഷയത്തിനും കാരണമാകുന്ന നട്ടെല്ലിലെ ഡിസ്‌ക് തള്ളലിനുള്ള സങ്കീർണ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ ആരംഭിച്ച മിനിമലി ഇൻവേസീവ് ഡിസെക്ടമി എന്ന സർജറി രീതി പരാമ്പരാഗത ന്യൂറോ ശസ്ത്രക്രിയയെ അപേക്ഷിച്ച് സവിശേഷമായ നിരവധി ഗുണങ്ങൾ ഉൾക്കൊള്ളുന്നതാണ്.
തലച്ചോറിനെയും നട്ടെല്ലിനെയും ബാധിക്കുന്ന പരിക്കുകൾ, അണുബാധ, രക്തസ്രാവം, ട്യൂമർ തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രധാന ശസ്ത്രക്രിയകൾക്കുള്ള സൗകര്യങ്ങൾ എറണാകുളം ജനറൽ ആശുപ്രതി ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ അറിയിച്ചു. സർജിക്കൽ മൈക്രോസ്‌കോപി, സി-ആം, സി.യു.എസ്.എ തുടങ്ങിയ നൂതന സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ശാസ്ത്രക്രിയകൾ രോഗികൾക്ക് ഗുണപ്രദമാവുമെന്നും സൂപ്രണ്ട് പറഞ്ഞു. ന്യൂറോ സർജൻ ഡോ. കെ.കെ. വിനീത്, അനസ്‌തെറ്റിസ്മാരായ ഡോ. മധു, ഡോ. ടെസ്സി ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ ന്യൂറോ സർജറി വിഭാഗം പ്രവർത്തിക്കുന്നത്.
പൊതുമേഖല ആശുപത്രികളിൽ ഇത്തരം ശസ്ത്രക്രിയ ചെയ്യുന്നത് വളരെ വിരളമാണ്. എറണാകുളം ജനറൽ മിനിമലി ഇൻവേസീവ് ഡിസെക്ടമി സർജറി പ്രോഗ്രാമിന്റെ ആരംഭത്തോടെ ജില്ലയിലെ നിർധനരായ ന്യൂറോ രോഗികൾക്ക് ചെലവു കുറഞ്ഞ നിരക്കിൽ ഈ സേവനം ലഭ്യമാണ്. എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും ന്യൂറോ സർജറി ഒ.പിയും വ്യാഴാഴ്ചകളിൽ ഓപറേഷനുകളും ഉണ്ടായിരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.