വേട്ടയാടിയവർക്കുള്ള മറുപടിയല്ലേ കേരളത്തിലെ ജനങ്ങൾ ഉമ്മൻ ചാണ്ടിക്ക് മരണാനന്തരം നൽകിയ വലിയ ആദരവെന്ന ചോദ്യത്തിനും മകൻ ചാണ്ടി ഉമ്മൻ ഉത്തരം നൽകിയിട്ടുണ്ട്. ജനങ്ങൾ വിലയിരുത്തി നൽകിയ ആദരവായി ഇതിനെ കാണണമെന്ന ചാണ്ടി ഉമ്മന്റെ വാക്കുകൾ ഒരുപാട് അർഥമുള്ളതാണ്. വരുംനാളുകളിലും കേരളം ഈ പറഞ്ഞ കാര്യം വിലയിരുത്തുക തന്നെ ചെയ്യും. ഉമ്മൻ ചാണ്ടിയെ ആദരിച്ചവരും അനാദരിച്ചവരും എന്ന വിഭജനം പോലും കേരള രാഷ്ട്രീയത്തിൽ നിലവിൽ വന്നുകഴിഞ്ഞു.
പുതുപ്പള്ളിയിൽ പ്രതിപക്ഷം എതിർസ്ഥാനാർഥിയെ നിർത്തരുതെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നിർദേശം വന്ന ഉടൻ തന്നെ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ പ്രതികരണം വരികയുണ്ടായി- ആദരവ് വേറെ, രാഷ്ട്രീയം വേറെ എന്നതാണ് മറുപടിയുടെ ചുരുക്കം. ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് കത്തിനിൽക്കുന്ന ഘട്ടത്തിൽ കെ. സുധാകരൻ മുന്നോട്ട് വെച്ച ആശയത്തിന് ജനമനസ്സിൽ സ്വീകാര്യത കിട്ടുക സ്വാഭാവികമായിരുന്നു. അതൊന്നും പക്ഷേ എല്ലാ വിഷയത്തിലും രാഷ്ട്രീയം മാത്രം ചിന്തിക്കുന്ന സി.പി.എമ്മിന് ഉൾക്കൊള്ളാനാകില്ലെന്ന് ആ പാർട്ടിയെയും അതിന്റെ നയങ്ങളും അറിയുന്നവർക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ ഉമ്മൻ ചാണ്ടിയുടെ മരണം കാരണം ഒഴിവുവന്ന പുതുപ്പള്ളിയിൽ നടക്കുന്ന മത്സരത്തിൽ കുടുംബത്തിൽ നിന്ന് ആരെങ്കിലുമായിരിക്കും മത്സര രംഗത്തുണ്ടാവുക എന്നാണ് മനസ്സിലാക്കേണ്ടത്. ഉമ്മൻ ചാണ്ടിക്ക് ആദ്യമായി വോട്ട് ചെയ്ത പുതുപ്പള്ളിക്കാരന് ഇപ്പോൾ പ്രായം 74 ആയിട്ടുണ്ടാകും. 74 പിന്നിടുന്ന അത്തരം മനുഷ്യർക്കും ഉമ്മൻ ചാണ്ടിയുടെ പിന്മുറക്കാർക്ക് വോട്ടു ചെയ്യുന്നതിൽ മനസ്സ് നിറഞ്ഞ് അഭിമാനിക്കാനാകും. അവർ അര നൂറ്റാണ്ടായി ചെയ്തത് എത്രയോ ശരിയായിരുന്നുവെന്നതിന് ജനലക്ഷങ്ങൾ സാക്ഷ്യം നിന്നുകഴിഞ്ഞ നാളുകളാണ് ഇപ്പോൾ കടന്നു പോകുന്നത്. കോൺഗ്രസിലെ രീതിയനുസരിച്ച് സിറ്റിങ് അംഗം മരിച്ചാൽ കുടുംബത്തിൽ നിന്ന് തന്നെ പകരം ആളെ നിർദേശിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. വയനാട്ടിൽ രാഘവൻ മാസ്റ്റർക്ക് പകരമായി രാധാരാഘവനും ജി. കാർത്തികേയൻ മരിച്ചപ്പോൾ മകൻ ശബരീനാഥനും വന്നതും ഏറ്റവും അവസാനം പി.ടി. തോമസിന്റെ സഹധർമിണി ഉമ തോമസ് തൃക്കാക്കരയിൽ പോരാടി ജയിച്ചതും സമീപകാല അനുഭവം. ഉമ്മൻ ചാണ്ടിയുടെ മക്കളെല്ലാം പിതാവിന്റെ പിൻഗാമികളാകാൻ യോഗ്യരാണ്. ചാണ്ടി ഉമ്മൻ യൂത്ത് കോൺഗ്രസിന്റെ ദേശീയ ഭാരവാഹി. ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ അർഹത ചാണ്ടി ഉമ്മന് തന്നെയെന്ന് പഴയ സന്തത സഹചാരി ചെറിയാൻ ഫിലിപ്പ് ആവേശ ഭരിതനായിട്ടുണ്ട്. അദ്ദേഹത്തെ കോൺഗ്രസ് സർവാത്മനാ വരവേൽക്കും. കോൺഗ്രസിന്റെ സംസ്കാരവും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന രീതിയും അറിയുന്ന ചാണ്ടി ഉമ്മൻ സ്വന്തം അധ്വാനവും കഴിവും കൊണ്ടാണ് ദേശീയ - സംസ്ഥാന തലങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാവായതെന്നും ചെറിയാൻ സാക്ഷ്യപ്പെടുത്തുന്നു.
മകൾ അച്ചു വിദ്യാർഥി നേതാവാണ്. പിതാവിനെ നിലത്ത് വെക്കണോ, തലയിൽ വെക്കണോ എന്ന മട്ടിൽ സ്നേഹം കൊണ്ട് മൂടിയ മകൾ. മറിയ തൊഴിൽ രംഗത്താണെങ്കിലും അപ്പയുടെ കഴിവുകളുടെ വെട്ടത്ത് തന്നെയുണ്ട്. നിലപാടുണ്ടെന്നും ചില അഭിമുഖങ്ങളിലൂടെ കേരളം കേട്ടു. ആരു വരണമെന്ന് തീരുമാനിക്കാനുള്ള കരുത്തും പുതുപ്പള്ളി ഹൗസിനുണ്ടെന്നതാണ് മറ്റൊരു സവിശേഷത.
കടുംബത്തെയും കോൺഗ്രസാക്കി കൂടെ നിർത്തി എന്നത് ഉമ്മൻ ചാണ്ടിയുടെ നന്മയുടെ ഭാഗം തന്നെയായി കാണുന്നതായിരിക്കും നല്ലത്. പിതാവ് വിശ്വസിക്കുന്ന ആദർശ നിലപാടുകളിൽ മക്കളെയും വഴി നടത്താൻ കഴിയുക എന്നത് പലർക്കും കഴിയാതെ പോകുന്ന അനുഭവമാണ് സമൂഹത്തിൽ നിലവിലുള്ളത്. പിതാവ് കാണിച്ചു കൊടുക്കുന്ന മാതൃക ശരിയല്ലെങ്കിൽ മക്കൾ അവരുടെ മാർഗത്തിൽ മനസ്സറിഞ്ഞ് നിൽക്കുകയെന്നത് അസാധ്യമായിരിക്കും. ജീവിച്ചിരിക്കുമ്പോൾ മക്കളെയും ബന്ധുക്കളെയും പദവികളിലെത്തിക്കാൻ ആർത്തിയോടെ ശ്രമിക്കുന്നതും അവർ സ്വാഭാവിക വഴിയിൽ പ്രിയ പിതാക്കളുടെ രാഷ്ട്രീയ വഴിയിലെത്തുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ബന്ധുത്വ രാഷ്ട്രീയത്തിനെതിരെ സംസാരിക്കാൻ ഇക്കാലത്ത് ആർക്കും സാധിക്കില്ല. എല്ലാ പാർട്ടികളിലും അത് വേണ്ടുവോളമുണ്ട്. പണ്ടൊക്കെ ജനാധിപത്യ കക്ഷികളെ പഴിക്കാനായിരുന്നു മക്കൾ രാഷ്ട്രീയം എടുത്തു പ്രയോഗിച്ചതെങ്കിൽ ഇന്ന് അതെല്ലം മാറിമറിഞ്ഞു. 2021 ലെ തെരഞ്ഞെടുപ്പിൽ 23 മക്കളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ആ ലിസ്റ്റ് ഇങ്ങനെ- കരണാകരന്റെ മക്കളായ കെ. മുരളീധരൻ (നേമം), പത്മജ വേണുഗോപാൽ (തൃശൂർ). സി.എച്ച്. മുഹമ്മദ് കോയയുടെ മകൻ ഡോ. എം.കെ. മുനീർ (കൊടുവള്ളി). ജി. കാർത്തികേയന്റെ മകൻ കെ.എസ്. ശബരീനാഥ് (അരുവിക്കര), ബേബി ജോണിന്റെ മകൻ ഷിബു ബേബിജോൺ (ചവറ), ടി.കെ. ദിവാകരന്റെ മകൻ ബാബു ദിവാകരൻ (ഇരവിപുരം), പി. സീതി ഹാജിയുടെ മകൻ പി.കെ. ബഷീർ (ഏറനാട് -ലീഗ്) എം.സി. ചെറിയാൻ എം.എൽ.എയുടെ മകൻ റിങ്കു ചെറിയാൻ (റാന്നി -കോൺഗ്രസ്), കെ. അച്യുതൻ എം.എൽ.എയുടെ മകൻ സുമേഷ് അച്യുതൻ (ചിറ്റൂർ -കോൺഗ്രസ്) ചെറിയാൻ ജെ. കാപ്പൻ എം.പിയുടെ മകൻ മാണി സി. കാപ്പൻ (പാല- എൻ.സി.കെ.), മന്ത്രി കെ.എം. ജോർജിന്റെ മകൻ ഫ്രാൻസിന് ജോർജ് (ഇടുക്കി- കേരള കോൺഗ്രസ് ജോസഫ്) കെ.കെ. തോമസ് എം.എൽ.എയുടെ മകൻ സിറിയക് തോമസ് (പീരുമേട് -കോൺഗ്രസ്), മുൻമന്ത്രി ടി.എം. ജേക്കബിന്റെ മകൻ അനൂപ് ജേക്കബ് (പിറവം-കേരള കോൺഗ്രസ് ജേക്കബ്) മുൻമന്ത്രി വി.കെ. ഇബ്രാഹം കുഞ്ഞിന്റെ മകൻ വി. അബ്ദുൽ ഗഫൂർ (കളമശ്ശേരി -മുസ്ലിം ലീഗ്) എന്നിവരായിരുന്നു യു.ഡി.എഫ് പക്ഷത്ത്.
മുൻമന്ത്രി കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണി (പാല-കേരള കോൺഗ്രസ് -എം), ആർ. ബാലകൃഷ്ണപിള്ളയുടെ മകൻ കെ.ബി. ഗണേഷ് കുമാർ (പത്തനാപുരം-കേരള കോൺഗ്രസ്-ബി) എം.പി. വീരേന്ദ്രകുമാറിന്റെ മകൻ എം.വി. ശ്രേയാംസ് കുമാർ (കൽപറ്റ-എൽ.ജെ.ഡി) പി.ആർ. കുറുപ്പിന്റെ പുത്രൻ കെ.പി. മോഹനനൻ (കൂത്തുപറമ്പ്-എൽ.ജെ.ഡി) മുൻ ന്ത്രി കെ. നാരായണക്കുറുപ്പിന്റെ മകൻ എൻ. ജയരാജ്
(കാഞ്ഞിരപ്പള്ളി-കേരള കോൺഗ്രസ്), സി.പി.ഐ നേതാവ് പി.കെ. ശ്രീനിവാസന്റെ മകൻ പി.എസ്. സുപാൽ (പുനലൂർ-സി.പി.ഐ), മുൻമന്ത്രി വി.കെ. രാജന്റെ മകൻ വി.ആർ. സുനിൽ കുമാർ (കൊടുങ്ങല്ലൂർ-സി.പി.ഐ), സി.പി.എം നേതാവ് മുൻ എം.എൽ.എ ഇ. പത്മനാഭന്റെ മകൻ സി.പി. പ്രമോദ് (പാലക്കാട്-സി.പി.എം), മുൻ എം.എൽ.എ എൻ. വിജയൻ പിള്ളയുടെ മകൻ ഡോ. വി. സുജിത് (ചവറ-സി.പി.എം-സ്വതന്ത്രൻ) എന്നിവർ ഇടതുപക്ഷത്ത് നിന്ന് മക്കൾ രാഷ്ട്രീയ പക്ഷത്ത് അണി നിരന്ന് തങ്ങളുടെ മുൻകാല വിമർശനങ്ങൾക്ക് സ്വയം തിരുത്തെഴുതി.
ഉമ്മൻ ചാണ്ടി തന്റെ പിതാവിനെ എങ്ങനെയാണ് സ്നേഹിച്ചതെന്നും പരിഗണിച്ചതെന്നും മകൻ ചാണ്ടി ഉമ്മൻ ഏറ്റവും പുതിയ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വല്യപ്പച്ചൻ മരിച്ചപ്പോൾ അടക്കം കഴിയുന്നതുവരെ അദ്ദേഹം അടുത്തു തന്നെ ഉണ്ടായിരുന്നു. ഉറങ്ങിയില്ല. ഇക്കാര്യത്തിലും പിതാവ് തന്നെയാണ് തന്റെ മാതൃകയെന്ന് മണിക്കൂറുകൾ പിതാവിന്റെ മൃതദേഹത്തിനരികിൽ ജലപാനമില്ലാതെ നിൽപ് നിന്ന ചാണ്ടി ഉമ്മൻ പറയുന്നു.
വേട്ടയാടിയവർക്കുള്ള മറുപടിയല്ലേ കേരളത്തിലെ ജനങ്ങൾ ഉമ്മൻ ചാണ്ടിക്ക് മരണാനന്തരം നൽകിയ വലിയ ആദരവെന്ന ചോദ്യത്തിനും മകൻ ചാണ്ടി ഉമ്മൻ ഉത്തരം നൽകിയിട്ടുണ്ട്. ജനങ്ങൾ വിലയിരുത്തി നൽകിയ ആദരവായി ഇതിനെ കാണണമെന്ന ചാണ്ടി ഉമ്മന്റെ വാക്കുകൾ ഒരുപാട് അർഥമുള്ളതാണ്. വരുംനാളുകളിലും കേരളം ഈ പറഞ്ഞ കാര്യം വിലയിരുത്തുക തന്നെ ചെയ്യും. ഉമ്മൻ ചാണ്ടിയെ ആദരിച്ചവരും അനാദരിച്ചവരും എന്ന വിഭജനം പോലും കേരള രാഷ്ട്രീയത്തിൽ നിലവിൽ വന്നുകഴിഞ്ഞു.






