സി.പി.എമ്മുമായി സഹകരിക്കാന്‍ തയാറെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി, നിലപാട് മാറ്റം

കാസര്‍കോട്-സി.പി.എമ്മിന് നേരെ വാതില്‍ അടച്ചിട്ടില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. സി.പി.എമ്മുമായി സഹകരിക്കാന്‍ പാര്‍ട്ടി തയാറാണെന്നും കാലം അതാവശ്യപ്പെടുന്നുവെന്നും സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
ഒന്നിപ്പ് എന്ന പേരില്‍ നടത്തുന്ന സംസ്ഥാന രാഷ്ട്രീയ യാത്രയുടെ ഭാഗമായിനടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി പുതിയ നിലപാട് വ്യക്തമാക്കിയത്.
സി.പി.എം അവരുടെ നിലപാട് മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് റസാഖ് പാലേരി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നേരെ സി.പി.എം വാതില്‍ ചാരിയിരിക്കുകയാണ്. അത് മാറ്റുമെന്നാണ് പ്രതീക്ഷ. തങ്ങള്‍ വാതില്‍ അടച്ചിട്ടില്ല.

എല്‍.ഡി.എഫും യു.ഡി.എഫുമായി സഹകരണത്തിന് എപ്പോഴും വെല്‍ഫെയര്‍ പാര്‍ട്ടി തയാറാണ്. തങ്ങള്‍ക്ക് രാഷ്ട്രീയ ശത്രു ഒന്നേയുള്ളു. അത് സംഘ് പരിവാറാണ്. അവര്‍ വംശീയ രാഷ്ട്രീയമാണ് പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളും ഒരുമിച്ചുനില്‍ക്കണം. അതിനാല്‍ സി.പി.എമ്മുമായും തങ്ങള്‍ക്ക് സഹകരിക്കാന്‍ പ്രയാസമില്ല. താല്‍ക്കാലികമായ കാരണങ്ങളുടെ പേരില്‍ അവര്‍ ഞങ്ങള്‍ക്കെതിരെ വാതില്‍ ചാരിയിരിക്കുകയാണ്. അത് തുറക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ സി.പി.എമ്മുമായി സഹകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിനെതിരെ ശക്തമായ നിലപാടുകളാണ് ഇതുവരെ വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരിച്ചിരുന്നത്. ഇതിലാണ് മാറ്റം വരുന്നത്. സംസ്ഥാന സര്‍ക്കാരിനേയും വിവിധ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി രൂക്ഷമായി വിമര്‍ശിക്കുകയും നിരവധി സമരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

 

 

 

 

Latest News