സഹപാഠിയുടെ സ്വകാര്യദൃശ്യം പകർത്തി, മൂന്നു വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

ഉഡുപ്പി- സഹപാഠിയുടെ സ്വകാര്യദൃശ്യങ്ങൾ റസ്റ്റ്‌റൂമിൽ മൊബൈൽ ക്യാമറ ഒളിപ്പിച്ചുവെച്ച് ചിത്രീകരിച്ച സംഭവത്തിൽ മൂന്നു വിദ്യാർത്ഥിനികൾക്ക് സസ്‌പെൻഷൻ. ബംഗളൂരുവിലെ ഒരു കോളേജിൽ ഒപ്റ്റോമെട്രി കോഴ്സ് പഠിക്കുന്ന മൂന്ന് വിദ്യാർത്ഥിനികളെയാണ് സസ്‌പെന്റ് ചെയ്തത്. ബുധനാഴ്ചയാണ് സംഭവം നടന്നതെന്നും തൊട്ടടുത്ത ദിവസം തന്നെ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതായും നേത്ര ജ്യോതി കോളേജ് ഡയറക്ടർ രശ്മി കൃഷ്ണ പ്രസാദ് പറഞ്ഞു.

തങ്ങളുടെ ലക്ഷ്യം മറ്റ് ചില പെൺകുട്ടികളാണെന്നും തെറ്റായി വീഡിയോ പകർത്തിയതാണെന്നും മൂന്ന് പെൺകുട്ടികൾ ഇരയോട് പറഞ്ഞതായി കോളേജ് മേധാവി പറയുന്നു. അവളുടെ മുന്നിൽ വെച്ചാണ് സംഘം വീഡിയോ ഡിലീറ്റ് ചെയ്തത്. 
എന്നാൽ പീഡനത്തിനിരയായ പെൺകുട്ടി സംഭവത്തെക്കുറിച്ച് മറ്റ് സുഹൃത്തുക്കളോട് പറയുകയും അവർ ഇക്കാര്യം മാനേജ്‌മെന്റിനെ അറിയിക്കുകയുമായിരുന്നു. 
'ഞങ്ങൾ മൂന്ന് പെൺകുട്ടികളെ ഉടനടി സസ്പെൻഡ് ചെയ്തു. ചില കാരണങ്ങളാൽ ഇര പോലീസിൽ പരാതിപ്പെടാൻ വിമുഖത കാണിച്ചെങ്കിലും, സംഭവം അറിയിച്ച് ഞങ്ങൾ പോലീസിൽ പരാതി നൽകി. വീഡിയോഗ്രാഫിക്ക് ഉപയോഗിച്ച മൊബൈൽ ഫോണുകളും ഫോറൻസിക് പരിശോധനയ്ക്കായി കൈമാറിയെന്നും അവർ പറഞ്ഞു. 
പരാതി ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ചുവരികയാണെന്നും മാൽപെ സ്റ്റേഷൻ ഹൗസ് ഓഫീസർ വ്യക്തമാക്കി.
 

Latest News