വീട്ടമ്മയെ ഭര്‍തൃ സഹോദരങ്ങള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മൂന്നാംപ്രതി കീഴടങ്ങി

തിരുവനന്തപുരം - വര്‍ക്കല അയിരൂരില്‍ വീട്ടമ്മയെ ഭര്‍തൃ സഹോദരങ്ങള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്നാംപ്രതിയും കീഴടങ്ങി. ഇതോടെ കേസിലെ നാല് പ്രതികളും അറസ്റ്റിലായി. അയിരൂര്‍ കളത്തറ സ്‌കൂളിനു സമീപം എം എസ് വില്ലയില്‍ ലീനാമണി(53) വീടിനുള്ളില്‍ അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഒളിവിലായിരുന്ന ഭര്‍തൃ സഹേദരന്‍ മുഹ്‌സിന്‍ പോലീസില്‍ കീഴടങ്ങിയത്.  വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരങ്ങളായ ഷാജി, അബ്ദുല്‍ അഹദ്, മുഹ്സിന്‍, അഹദിന്റെ ഭാര്യ റഹീന എന്നിവരെ പ്രതികളാക്കി അയിരൂര്‍ പോലീസ് കേസെടുത്തിരുന്നു. സംഭവം നടന്നതിന്റെ പിറ്റേദിവസം റഹീനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നും രണ്ടും പ്രതികളായ അയിരൂര്‍ കളത്തറ ഷഹാന മന്‍സിലില്‍ ഷാജി(46), അയിരൂര്‍ എസ് എന്‍ വില്ലയില്‍ അബ്ദുല്‍ അഹദ്(41) എന്നിവര്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു.ലീനാമണിയുടെ ഭര്‍ത്താവ് സിയാദ് ഒന്നര വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 

Latest News