Sorry, you need to enable JavaScript to visit this website.

പോപ്പുലര്‍ സാമ്പത്തിക തട്ടിപ്പ്: നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി- പോപ്പുലര്‍ ധന ഇടപാട് സ്ഥാപന ഉടമകള്‍ മൂന്നു ലക്ഷത്തി അയ്യായിരം രൂപ നിക്ഷേപകന് നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

എറണാകുളം തൃപ്പൂണിത്തുറ വിന്‍ഡ് പേള്‍ അപ്പാര്‍ട്ട്‌മെന്റിലെ സുജ ആര്‍. വര്‍മ്മ സമര്‍പ്പിച്ച പരാതിയില്‍ ഉപഭോക്തൃ കോടതി അധ്യക്ഷന്‍ ഡി. ബി. ബിനു, വി. രാമചന്ദ്രന്‍, ടി. എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ എറണാകുളം  ഉപഭോക്തൃ കോടതിയുടെതാണ് ഉത്തരവ്.

പോപ്പുലര്‍ ട്രേഡേഴ്‌സ് മാനേജിങ് പാര്‍ട്ടണര്‍ തോമസ് ഡാനിയേല്‍, പോപ്പുലര്‍ ഡീലേഴ്‌സ് പാര്‍ട്ടണര്‍ പ്രഭാ തോമസ്, റിയ ആന്‍ തോമസ്, റിനു മറിയം തോമസ് എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍.

വിദ്യാസമ്പന്നരായവര്‍ പോലും വന്‍ സമ്പത്തിക തട്ടിപ്പുകളുടെ ഇരകളാകുന്നുവെന്നും ദരിദ്രരും ദുര്‍ബലരുമായവരാണ് ഇതില്‍ ഏറെ കഷ്ടതകള്‍ അനുഭവിക്കുന്നതതെന്നും ഈ മേഖലയില്‍ കൂടുതല്‍ ജാഗ്രതയും ബോധവത്കരണവും അനിവാര്യമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ വിലയിരുത്തി.

12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് പരാതിക്കാരിയില്‍ നിന്നും രണ്ട് ലക്ഷം രൂപ നിക്ഷേപം സ്വീകരിച്ചുവെങ്കിലും നിക്ഷേപ തുകയും പലിശയും നല്‍കാതെ സ്ഥാപനം അടച്ചുപൂട്ടിയെന്നാണ് പരാതി.

സാമ്പത്തിക സ്ഥാപനം നല്‍കിയ വാഗ്ദാനം പാലിക്കാത്തതു മൂലം സേവനത്തില്‍ ഗുരുതരമായ അപര്യാപ്തതയാണ് ഉണ്ടായത്. പരാതിക്കാരിക്ക് വലിയ മന:ക്ലേശവും നഷ്ടവും സംഭവിച്ചുവെന്ന് കമ്മീഷന്‍ ഉത്തരവില്‍ വിലയിരുത്തി.

വിധി തുക 9.5 ശതമാനം പലിശ സഹിതം 30 ദിവസത്തിനകം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പരതികാരനു വേണ്ടി അഡ്വ. രാജ രാജ വര്‍മ ഹാജരായി.

Latest News