മഹരാഷ്ട്രയില്‍ സ്‌കൂള്‍ അടുക്കളയില്‍ 60 അണലികള്‍

ഔറംഗാബാദ്- മഹാരാഷ്ട്രയിലെ സ്‌കൂള്‍ അടുക്കളയില്‍ 60 അണലികളെ കണ്ടെത്തി. ഹിംഗോളി ജില്ലയിലെ ജില്ലാ പരിഷത്ത് സ്‌കളിലെ കിച്ചണിലായിരുന്നു ഇത്രയും വിഷപ്പാമ്പുകള്‍. മറാത്ത്‌വാഡയില്‍നിന്ന് 225 കി.മീ അകലെയുള്ള പാംഗ്ര ബൊഖാരെ ഗ്രാമത്തില്‍ ജില്ലാ പരിഷത്ത് നടത്തുന്ന സ്‌കുളില്‍ ഒരിടത്ത് ഇത്രയധികം പാമ്പുകളെ കണ്ടത് അധ്യാപകരിലും കുട്ടികളിലും ഭീതിക്ക് കാരണമായി.
വിറക് പുരക്കു സമീപം പാചകക്കാരിയാണ് ആദ്യം രണ്ട് അണലികളെ കണ്ടത്. കൂടുതല്‍ വിറക് നീക്കിയപ്പോഴാണ് 58 പാമ്പുകളെ കൂടി കണ്ടെത്തിയത്. വിവരമറിഞ്ഞ ഗ്രാമീണര്‍ വടികളുമായി എത്തിയെങ്കിലും പാമ്പുകളെ കൊല്ലാന്‍ അനുവദിച്ചില്ലെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ത്രയമ്പക് ഭോസ്‌ലെ പറഞ്ഞു. പിന്നീട് പാമ്പ് പിടിത്തക്കാരന്‍ വിക്കി ദയാല്‍ സ്ഥലത്തെത്തി രണ്ട് മണിക്കൂറെടുത്താണ് മുഴുവന്‍ പാമ്പുകളെയും പിടികൂടിയത്. തുടര്‍ന്ന് ഇവയെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ജെ.ഡി കച്ച്‌വെക്ക് കൈമാറിയതായി സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭീംറാവും ബൊഖാറെ അറിയിച്ചു.

Latest News