റിയാദ്- ഫാര്‍മസികളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാരെ ആക്രമിച്ച് പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിച്ച രണ്ടംഗ സൗദി സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ റിയാദിലെ ഏതാനും ഡിസ്ട്രിക്ടുകളിലെ ഫാര്‍മസികളിലും വ്യാപാര സ്ഥാപനങ്ങളിലും കയറി ആയുധം ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് സംഘം പിടിച്ചുപറികളും കവര്‍ച്ചകളും നടത്തിയിരുന്നത്. സംഘത്തിന്റെ ആക്രമണത്തിനിരയായവര്‍ പോലീസില്‍ പരാതികള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. സൗദി യുവാക്കളാണ് അറസ്റ്റിലായതെന്നും ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ ഇരുവരെയും അറസ്റ്റ് ചെയ്ത വിവരം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ടെന്നും റിയാദ് പോലീസ് അറിയിച്ചു.