കാലടി- സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമികമായും ഭരണപരമായും ഭൗതികമായും കാലാനുസൃതമായി ശാക്തീകരിച്ച് നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലൂടെ കേരള മോഡല്‍ നോളജ് സൊസൈറ്റിയാക്കി ഉയര്‍ത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. നാല് വര്‍ഷ ബിരുദ പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശ്രീ ശങ്കരാചാര്യ, കുസാറ്റ് എന്നീ സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ പഠന ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നയ വിശദീകരണ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നൂതന ശൈലികളിലൂടെ നിലവിലുളള അധ്യയന രീതി കാലാനുസൃതമായി പരിഷ്‌കരിക്കും. ബിരുദ കോഴ്‌സുകളുടെ കരിക്കുലം പരിഷ്‌കരണത്തോടൊപ്പം നിലവിലുള്ള പരീക്ഷാ രീതികളും പരിഷ്‌കരിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ജനപക്ഷ ബദലാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വൈജ്ഞാനിക മേഖലയുടെ അതിരുകള്‍ വികസിക്കുന്നതിനനുസരിച്ച് വിവിധ ഇന്റര്‍ഡിസിപ്ലിനറി, മള്‍ട്ടിഡിസിപ്ലിനറി കോഴ്‌സുകള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ലഭ്യമാക്കും. ഓരോ സര്‍വകലാശാലയും കോളജും അവരവരുടെ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ക്കനുസൃതമാണ് നാല് വര്‍ഷ ബിരുദ കോഴ്‌സുകളുടെ കരിക്കുലം ആവിഷ്‌കരിക്കേണ്ടത്. ഇതിന് പര്യാപ്തമായ ഒരു മാതൃക മാത്രമാണ് സര്‍ക്കാര്‍ തയ്യാറാക്കി നല്‍കുക. കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് അനുസൃതമായ കരിക്കുലമാണ് രൂപപ്പെടുത്തണ്ടത്. ആഗോള തൊഴില്‍ മാര്‍ക്കറ്റിലെ മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബിരുദ തലത്തിലെ വിടവ് നികത്തും. വിദ്യാര്‍ഥികളുടെ ഗവേഷണ സംരംഭകത്വ താത്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള കരിക്കുലം പരിഷ്‌കരണമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. തുറന്നതും സംവാദാത്മകവുമായ അന്തരീക്ഷം സൃഷ്ടിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ സര്‍ഗാത്മകവും ചലനാത്മകവുമാക്കും. കാലത്തിന്റെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് ബിരുദതലത്തില്‍ തന്നെ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുവാന്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
വൈസ് ചാന്‍സിലര്‍ പ്രൊഫ. എം വി നാരായണന്‍ അധ്യക്ഷനായി. സംസ്ഥാന ഹയര്‍ എജൂക്കേഷന്‍ റിഫോംസ് ഇംപ്ലിമെന്റേഷന്‍ സെല്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. വി ഷഫീഖ് പദ്ധതി അവതരണം നടത്തി.