Sorry, you need to enable JavaScript to visit this website.

സ്വീഡിഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ അറബ് മുസ്ലിം ലോകത്ത് ആഹ്വാനം

ജിദ്ദ - വിശുദ്ധ മുസ്ഹഫ് കോപ്പി അഗ്നിക്കിരയാക്കാനും അവഹേളിക്കാനും ആവർത്തിച്ച് അനുമതി നൽകുന്നതിലുള്ള കടുത്ത പ്രതിഷേധം പ്രകടിപ്പിച്ച് സ്വീഡിഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആവശ്യം അറബ്, മുസ്‌ലിം ലോകത്ത് ശക്തമാകുന്നു. ഖുർആൻ കോപ്പി അവഹേളനത്തിന് സ്വീഡിഷ് അധികൃതർ ആവർത്തിച്ച് അനുമതി നൽകുന്നതിൽ അറബ്, മുസ്‌ലിം രാജ്യങ്ങളിൽ പ്രതിഷേധം തുടരുകയാണ്. സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധിക്കുന്നവരും സ്വീഡിഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. വ്യാഴാഴ്ച ഇറാഖിൽ പ്രതിഷേധക്കാർ സ്വീഡിഷ് എംബസിക്ക് തീയിട്ടത് പ്രതിഷേധങ്ങൾക്ക് മറ്റൊരു മാനം നൽകി. 
സ്വീഡിഷ് അധികൃതരുടെ മേൽ സമ്മർദം ചെലുത്താനുള്ള ശക്തമായ പ്രതിഷേധ ഉപകരണമാണ് ഉൽപന്ന ബഹിഷ്‌കരണമെന്ന് ഇതിനെ അനുകൂലിക്കുന്ന ഇസ്‌ലാമിക് സ്ഥാപനങ്ങൾ പറയുന്നു. സ്വീഡിഷ് ഉൽപന്ന ബഹിഷ്‌കരണം തുടരണമെന്ന് അൽഅസ്ഹർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സ്വീഡിഷ് ഉൽപന്ന ബഹിഷ്‌കരണത്തിൽ ലോകത്തുള്ള മുഴുവൻ സ്വതന്ത്ര ചിന്താഗതിക്കാരും ചേരണം. മതങ്ങളുടെ പവിത്രതയെ മാനിക്കാത്ത, പണത്തിന്റെയും ഭൗതിക താൽപര്യങ്ങളുടെയും ഭാഷ മാത്രം മനസ്സിലാകുന്ന സ്വീഡന്റെ ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള പ്രാകൃതവും വിദ്വേഷപരവുമായ നയങ്ങൾക്കെതിരെ ഏകീകൃത നിലപാടുകൾ സ്വീകരിക്കുന്നത് തുടരണമെന്നും അൽഅസ്ഹർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 
അറബ്, മുസ്‌ലിം ലോകത്ത് സ്വീഡിഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് സാമൂഹികമാധ്യമങ്ങളിൽ ആരംഭിച്ച കാമ്പയിനുകൾക്ക് അൽഅസ്ഹർ പ്രസ്താവന കരുത്തു പകർന്നു. ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കാറുകളും ആപ്പുകളും മറ്റും അടക്കം സ്വീഡിഷ് ഉൽപന്നങ്ങളുടെ പേരുവിവരങ്ങൾ അടങ്ങിയ പട്ടിക ആക്ടിവിസ്റ്റുകൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. 
2005 ൽ ഡാനിഷ് പത്രം പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഡാനിഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനങ്ങളുണ്ടാവുകയും നിരവധി മുസ്‌ലിം രാജ്യങ്ങളിൽ ഇത് ജനകീയ കാമ്പയിൻ ആയി മാറുകയും ചെയ്തിരുന്നു. ബഹിഷ്‌കരണം കാരണം ഡെന്മാർക്കിന് കോടിക്കണക്കിന് യൂറോയുടെ നഷ്ടം നേരിട്ടതായി അന്ന് കണക്കാക്കപ്പെട്ടിരുന്നു. മധ്യപൗരസ്ത്യദേശത്തേക്കുള്ള ഡാനിഷ് ഉൽപന്നങ്ങളുടെ കയറ്റുമതി പകുതിയായി കുറഞ്ഞു. ഇസ്‌ലാമിക ലോകത്ത് ഡാനിഷ് ഉൽപന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായ സൗദിയിലേക്കുള്ള ഇറക്കുമതി 40 ശതമാനം തോതിൽ കുറഞ്ഞു. ഇസ്‌ലാമിക ലോകത്ത് ഡാനിഷ് ഉൽപന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമായ ഇറാനിലേക്കുള്ള ഇറക്കുമതി 47 ശതമാനം തോതിലും കുറഞ്ഞു. ലിബിയ, സിറിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങൾ ഡാനിഷ് ഉൽപന്നങ്ങളുടെ ഇറക്കുമതി പൊടുന്നനെ പൂർണമായും നിർത്തിവെച്ചു. 
അറബ്, ഇസ്‌ലാമിക് ലോകത്ത് ഫ്രഞ്ച് ഉൽപന്ന ബഹിഷ്‌കരണ ആഹ്വാനം ഫ്രഞ്ച് നയങ്ങളിൽ വലിയ സ്വാധീനം ചെലുത്തി. പ്രവാചകനെ അപകീർത്തിപ്പെടുന്ന കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഫ്രാൻസ് പിന്നോക്കം പോകില്ലെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചതോടെയാണ് ഫ്രഞ്ച് ഉൽപന്ന ബഹിഷ്‌കരണം ആരംഭിച്ചത്. അറബ്, മുസ്‌ലിം ലോകത്ത് ഫ്രഞ്ച് ഉൽപന്ന ബഹിഷ്‌കരണ ആഹ്വാനം വ്യാപകമായതോടെ ഉൽപന്ന ബഹിഷ്‌കരണം ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് വിദേശ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. 
ന്യൂനപക്ഷമായ തീവ്രവാദികളാണ് ഉൽപന്ന ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് പറഞ്ഞ ഫ്രഞ്ച് വിദേശ മന്ത്രാലയം ബഹിഷ്‌കരണ ആഹ്വാനങ്ങളിൽ നിന്നും ഫ്രാൻസിനെതിരായ ആക്രമണങ്ങളിൽ നിന്നും രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നും വിദേശങ്ങളിലെ ഫ്രഞ്ച് കമ്പനികൾക്കും പൗരന്മാർക്കും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. 
പാരമ്പര്യേതര ആയുധങ്ങൾ ഉപയോഗിച്ച് യുദ്ധങ്ങൾ നിയന്ത്രിക്കപ്പെടുന്ന കാലത്ത് സാമ്പത്തിക ബഹിഷ്‌കരണം ഫലപ്രദമായ ആയുധമായി മാറിയിട്ടുണ്ടെന്ന് ഈജിപ്ഷ്യൻ സാമ്പത്തിക വിദഗ്ധൻ ഡോ. ഇസ്‌ലാം ജമാലുദ്ദീൻ ശൗഖി പറഞ്ഞു. വിശുദ്ധ മുസ്ഹഫ് അഗ്നിക്കരയാക്കുന്നതു പോലുള്ള ഹീനകൃത്യങ്ങൾ അവസാനിപ്പിക്കാനുള്ള നിർണായക നടപടിയാണ് ഉൽപന്ന ബഹിഷ്‌കരണ ആഹ്വാനങ്ങൾ. ഉൽപന്ന ബഹിഷ്‌കരണം ഇരുതല മൂർച്ചയുള്ള ആയുധമാണ്. ഇത് ശക്തമായ സമ്മർദ ഉപകരണമാണെന്നതോടൊപ്പം തന്നെ ബഹിഷ്‌കരണം നടപ്പാക്കുന്ന രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അത്തരം കമ്പനികളുടെ ശാഖകളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ നഷ്ടത്തിനും നികുതി വരുമാനം കുറയാനും ഇടയാക്കിയേക്കും. ഇത്തരം നഷ്ടങ്ങൾ കൈപ്പേറിയ മരുന്നായി കണ്ടാൽ മതിയെന്നും ഡോ. ഇസ്‌ലാം ജമാലുദ്ദീൻ ശൗഖി പറഞ്ഞു. 
യു.എൻ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം അറബ് രാജ്യങ്ങളിലേക്ക് സ്വീഡൻ 400 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ കയറ്റി അയച്ചു. ഒന്നാം സ്ഥാനത്തുള്ള സൗദിയിലേക്ക് 130 കോടി ഡോളറിന്റെയും രണ്ടാം സ്ഥാനത്തുള്ള ഈജിപ്തിലേക്ക് 80.3 കോടി ഡോളറിന്റെയും ഉൽപന്നങ്ങൾ കയറ്റി അയച്ചതായാണ് കണക്ക്.
 

Latest News