Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മണിപ്പൂരിൽ നഗ്നയാക്കി നടത്തിയ യുവതിയുടെ അച്ഛനെയും സഹോദരനെയും നേരത്തെ കൊന്നു

ഇംഫാൽ- മണിപ്പൂരിൽ ജനക്കൂട്ടത്തിന് ഇടയിലൂടെ നഗ്നരായി നടത്തിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയ യുവതികളിൽ ഒരാളുടെ അച്ഛനെയും സഹോദരനെയും മെയ്തി വിഭാഗത്തിലെ ആക്രമികൾ നേരത്തെ കൊലപ്പെടുത്തി. യുവതിയുടെ അമ്മയാണ് ഇക്കാര്യം  പറഞ്ഞത്. തന്റെ പ്രതീക്ഷയായ ഇളയ മകനെയും അവരുടെ അച്ഛനെയുമാണ് ആക്രമികൾ കൊലപ്പെടുത്തിയത്. 'അവർ അവളുടെ അച്ഛനെയും സഹോദരനെയും ക്രൂരമായി കൊന്നു. അവളോടും ക്രൂരത കാണിച്ചു. എനിക്ക് വളരെ വേദനയുണ്ട്. മണിപ്പൂർ സർക്കാർ ഒന്നും ചെയ്യുന്നില്ല. ഇന്ത്യയിലെ അമ്മമാരും അച്ഛൻമാരുമെല്ലാം എല്ലാം നഷ്ടപ്പെട്ടവരായി മാറിയിരിക്കുന്നു. ഒരു സമൂഹമെന്ന നിലയിൽ ഇനി എന്ത് ചെയ്യണമെന്ന് ചിന്തിക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ലെന്നും അവർ പറഞ്ഞു. അക്രമം തടയുന്നതിനോ ആളുകളെ സംരക്ഷിക്കുന്നതിനോ മണിപ്പൂർ സർക്കാർ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നും ബലാത്സംഗത്തിന് ഇരയായ കുട്ടികളുടെ അമ്മ ആരോപിച്ചു.

'എന്റെ മുഴുവൻ പ്രതീക്ഷയായിരുന്ന എന്റെ ഇളയമകനെ എനിക്ക് നഷ്ടപ്പെട്ടു. അവൻ 12-ാം ക്ലാസ് പൂർത്തിയാക്കി. വളരെ പ്രയാസപ്പെട്ട് അവനെ സ്‌കൂളിൽ അയച്ചു, ശരിയായ വിദ്യാഭ്യാസം നൽകുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അവനെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. ഇപ്പോൾ അവന്റെ അച്ഛനും ഇല്ല. എന്റെ മൂത്തമകന് ജോലിയില്ല, അതിനാൽ, ഞങ്ങളുടെ കുടുംബത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് ഒരു പ്രതീക്ഷയും ഇല്ലെന്ന് തോന്നുന്നു. എനിക്ക് നിരാശയും നിസ്സഹായതയും തോന്നുന്നു എന്നല്ലാതെ, എന്റെ മനസ്സിൽ ഒന്നുമില്ലെന്നും അവർ പറഞ്ഞു. തന്റെ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള ചിന്തയില്ല. നമുക്ക് ഞങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങാൻ ഒരു സാധ്യതയുമില്ല, ആ ചിന്ത എന്റെ മനസ്സിൽ പോലും കടന്നിട്ടില്ല. ഞങ്ങളുടെ വീടുകൾ കത്തിച്ചു, ഞങ്ങളുടെ വയലുകൾ നശിപ്പിച്ചു. ഞാൻ എന്തിലേക്ക് മടങ്ങും? എന്റെ ഗ്രാമം കത്തിനശിച്ചു. എന്റെയും എന്റെ കുടുംബത്തിന്റെയും ഭാവി എന്താണെന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് തിരിച്ചുപോകാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
 

Latest News