മണിപ്പൂരില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധത്തിനിടെ വീണ്ടും സംഘര്‍ഷം, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

ഫയല്‍ ചിത്രം

ഇംഫാല്‍ -  ഇംഫാലില്‍ മെയ്‌തെയ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ നടത്തിയ പ്രതിഷേധത്തിനിടെ വീണ്ടും സംഘര്‍ഷം. ഇംഫാലിലെ ഗരി മേഖലയില്‍ നൂറുകണക്കിന് സ്ത്രീകളാണ് പ്രകടനമായെത്തി റോഡ് ഉപരോധിച്ചത്. നടുറോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരെയാണ് ഗരിയില്‍ സ്ത്രീകളുടെ പ്രതിഷേധം നടന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥലത്ത് പൊലീസിനെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും നിയോഗിച്ചു. ഉപരോധിച്ചവരെ പിരിച്ചു വിടാനായി പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാര്‍ പോലീസിന് നേരെ തിരിയുകയായിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് പലയിടത്തും ഫ്ളാഗ് മാര്‍ച്ച് നടത്തി. 
അതേസമയം മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. 45കാരിയെ നഗ്‌നയാക്കി തീകൊളുത്തിക്കൊന്നുവെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നത്. മെയ് ആറിന് മണിപ്പൂരിലെ തൗബാലിലാണ് സംഭവം നടന്നത്. യുവതിയുടെ കത്തിക്കരിഞ്ഞ ശരീരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവതിയെ നഗ്നയാക്കി തീകൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

Latest News