റായ്പൂര്‍ - ചത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബി ജെ പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ അവസാന ദിവസമാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. 13 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് നിയമസഭയില്‍ ശബ്ദവോട്ടോടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 71 അംഗങ്ങളും ബിജെപിക്ക് 13 എം എല്‍ എമാരുമാണുള്ളത്. അഴിമതി ആരോപണങ്ങള്‍, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തത്, ക്രമസമാധാന തകര്‍ച്ച തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചാണ് ബി ജെ പി അവിശ്വാസ പ്രമേയം കൊണ്ടു വന്നത്.






