ഗീര്‍ വനിത്തിലെ റെയില്‍ പാളത്തില്‍ സിംഹം ട്രെയിന്‍ തട്ടി ചത്തു; മറ്റൊന്നിന് പരുക്ക്

അമ്രേലി- ഗീര്‍വനത്തോടു ചേര്‍ന്നുള്ള അമ്രേലി ജില്ലയിലെ റെയ്ല്‍ പാളത്തില്‍ ട്രെയ്ന്‍ ഇടിച്ച് ഒരു സിംഹം ചത്തു. മറ്റൊരു സിംഹത്തിന് പരുക്കേറ്റു. 

രജുലയ്ക്കു സമീപം ഉച്ചയ ഗ്രാമത്തില്‍ പുലര്‍ച്ചെയാണ്  സംഭവം. വനത്തോടു ചേര്‍ന്നു റവന്യൂ ഭൂമിയിലൂടെ കടന്നു പോകുന്ന പാളത്തില്‍ ഗുഡ്‌സ് ട്രെയ്ന്‍ ഇടിച്ചാണു സിംഹങ്ങള്‍ അപകടത്തില്‍പ്പെട്ടത്. പിപവാവ് തുറമുത്തു നിന്നു രജുല നഗരത്തിലേക്കുള്ളതാണു പാത. 35 കിലോമീറ്റര്‍ നീളുന്ന പാളം ചരക്കുഗതാഗതത്തിനു വേണ്ടിയാണ് നിര്‍മിച്ചതാണ്.

റവന്യൂ ഭൂമിയാണെങ്കിലും ഷേത്രുഞ്ജി വനം ഡിവിഷനു കീഴിലുള്ള പ്രദേശമാണിത്. ദീര്‍ഘകാലമായി ഇവിടെ സിംഹങ്ങള്‍ ചുറ്റിനടക്കുന്നതു പതിവാണെന്നും അവ റെയ്ല്‍പാളം മുറിച്ചു കടക്കാറുണ്ടെന്നും രജുല റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ യോഗ്രാജ് സിങ് രാത്തോഡ് പറഞ്ഞു. ലോകത്ത് ഏഷ്യന്‍ സിംഹങ്ങള്‍ അവശേഷിക്കുന്ന ഏക വനമാണു ഗുജറാത്തിലെ ഗീര്‍.

പാളത്തിനു സമീപം നാലു സിംഹങ്ങള്‍ ചുറ്റിനടക്കുന്നുവെന്ന് അറിഞ്ഞതോടെ പട്രോളിങ് സംഘം ഇവിടെയെത്തിയിരുന്നു. അവര്‍ ചരക്കുവണ്ടിയുടെ ഡ്രൈവര്‍ക്ക് ടോര്‍ച്ച് തെളിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചെങ്കിലും ഒരു സിംഹത്തിന്റെ ശരീരത്തിലൂടെ എന്‍ജിന്റെ ചക്രങ്ങള്‍ കയറിയെന്ന് യോഗ്രാജ് സിങ് രാത്തോഡ് പറഞ്ഞു. കൂട്ടത്തിലുണ്ടായിരുന്ന രണ്ടു പെണ്‍സിംഹങ്ങളെ പാളത്തില്‍ നിന്നു വിരട്ടിയോടിച്ച് രക്ഷപ്പെടുത്തി. പരുക്കേറ്റ സിംഹത്തെ ചികിത്സയ്ക്കായി ജുനാഗഡിലെ സക്കര്‍ബാഗ് മൃഗശാലയിലേക്കു കൊണ്ടുപോയി.

ഇവിടെ പാളത്തിനിരുവശവും വേലിയും സിംഹങ്ങളുടെ നീക്കം നിരീക്ഷിക്കാന്‍ നിരവധി വാച്ച് ടവറുകളും നിര്‍മിച്ചിരുന്നു. 2021ലെ ചുഴലിക്കാറ്റില്‍ ഇവയെല്ലാം തകര്‍ന്നു. ഏഴു വാച്ച് ടവറുകള്‍ പുനര്‍നിര്‍മിച്ചിട്ടുണ്ട്. മറ്റുള്ളവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. വേലി നിര്‍മാണവും നടക്കുന്നുണ്ട്. പട്രോളിങ് സംഘം ലോകോപൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അപകടമൊഴിവാക്കാറുണ്ടെന്നും കഴിഞ്ഞ വര്‍ഷം 36 വ്യത്യസ്ത പ്രദേശങ്ങളിലായി 106 സിംഹങ്ങള്‍ക്ക് സുരക്ഷിതമായി പാളം മുറിച്ചു കടക്കാന്‍ അവസരമൊരുക്കിയെന്നും രാത്തോഡ് വിശദമാക്കി.

Latest News