Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയ സംഗീതോത്സവ കാലം!

'അനന്തമജ്ഞാതമവർണനീയം' എന്നേ പറയേണ്ടൂ; ഇന്ത്യൻ രാഷ്ട്രീയ വികാസങ്ങളെക്കുറിച്ച്. ഇനി ഒരു കൊല്ലം ഉത്സവ കാലമായിട്ടാകും ആചരിക്കുക. അതിനിടയിൽ സംഭവിക്കാവുന്നയെക്കുറിച്ച് ഒരു 'നോസ്ത്രഡാമസി'നും പാഴൂർ കണിയാർക്കും മുൻകൂട്ടി കാണാനാകില്ല. ഉത്സവം 18 ന് ദില്ലിയിലും ബംഗളൂരുവിലുമായി രണ്ടു കൊടിയേറി. ഇനി നെഞ്ചിൽ 'ബാഡ്ജ്' ധരിച്ചവർക്ക് കുശാലായ ഊണു റെഡി. കഴിച്ചു മുഷിഞ്ഞവർക്ക് ബിരിയാണി, ചപ്പാത്തിയും ദാലും, ലസ്സിക്കു ലസ്സി, തൈരിനു തൈര്.


അത്താഴ  വരുന്നാണ് മുഖ്യം. പല സംസ്ഥാന മുഖ്യന്മാർക്കും അതാണ് പഥ്യം. പകൽ സമയത്തു കഴിക്കാത്ത പലതിനു വേണ്ടിയും രാത്രിയിൽ ധൈര്യമായി വാതുറക്കാം. മാധ്യമ-ക്യാമറ പരിഷകളെ ഏഴയലത്ത് അടുപ്പിക്കാതിരുന്നാൽ സംഗതി മംഗളം. 28 പാർട്ടികളെ പ്രതിപക്ഷം തയാറാക്കിയിട്ടുണ്ട്. വാശിക്കു 38 എണ്ണമുണ്ട് മോഡിയുടെ കൈയിൽ. പേരു കേട്ടാൽ 'ഫോറിൻ' ആണെന്നു തോന്നാവുന്ന കക്ഷികളുമുണ്ട് ഇരുചേരിയിലും. ഒരേ ദിവസം ചേരുന്ന ഈ ചേരി സമ്മേളനത്തിൽ രണ്ടിടത്തും പങ്കെടുക്കാൻ കഴിയുന്ന 'അദ്ഭുത മായാവി' കളുണ്ടോ എന്ന് പിന്നീട് മാത്രമേ അറിയാൻ കഴിയൂ. ആകെ കണക്കെടുക്കുമ്പോൾ വിദ്യാഭ്യാസ വിചക്ഷണ ധുരന്ധരന്മാരും കുഴഞ്ഞു വീഴും. മൊത്തം ഇന്ത്യൻ പാർട്ടികളുടെ എത്ര ഇരട്ടിയുണ്ടാകുമെന്നതാണ് ഭയപ്പെടേണ്ട വസ്തുത. ഇവർ ഇത്രയും കാലം ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നവോ, അഥവാ അങ്ങനെയെങ്കിൽ, എവിടെയെങ്കിലും ഗുഹാവാസികളായി ജീവിച്ചു പോകുകയായിരുന്നുവോ, വിശേഷ ദിവസങ്ങളിൽ മാത്രം പിരിവു കൂപ്പണുകളുമായി സൂര്യപ്രകാശത്തിലേക്ക് സഞ്ചരിച്ചിരുന്നുവോ എന്നുള്ള ചോദ്യങ്ങൾ തികച്ചും പ്രസക്തം. എന്തായാലും ഗണിത ശാസ്ത്രം ഐഛിക വിഷയമായോ ഒട്ടും ഇഛിക്കാതെയോ പഠിക്കേണ്ടി വന്നവർക്ക് അതിന്റെ 'ഗുട്ടൻസ്' അറിയാം. 'പെരുക്ക സംഖ്യ'യാണത്, ബീജഗണിതത്തിൽ ആൾജിബ്ര എന്ന് ആംഗലം- അങ്ങനെയാണ്. പൂജ്യത്തിൽ നിന്നു തുടങ്ങും കളി. അനന്തതയിൽ- ഇൻഫിനിറ്റി എന്ന് ആംഗലം ചെന്നിട്ടേ കളി തീരൂ. ഗ്രൂപ്പും കോപ്പുമെല്ലാം കൂടി അത്താഴ വിരുന്നിനു പോകുന്നത് സങ്കൽപിക്കുക. നോഹയുടെ പെട്ടകം തോറ്റുപോകും. കഷണ്ടിയില്ലാത്തവർക്ക് രോമാഞ്ചം ഉറപ്പ്. 'സൂകരപ്രസവം പോലെ' എന്ന് ആക്ഷേപിക്കരുത്; രാഷ്ട്രീയ പ്രസവങ്ങൾ തടയാൻ ഒരു ആസൂത്രണ മാർഗവുമില്ല.
'ജനാധിപത്യം അപകടത്തിൽ' എന്ന മുദ്രാവാക്യം ഇരുസമ്മേളനക്കാർക്കും ഒരു പോലെ ശോഭിക്കും. ബംഗാളിലും ഒഡീഷയിലും മഹാരാഷ്ട്രയിലും അത്യാവശ്യം കേരളത്തിലുമൊക്കെ ടി സമ്പ്രദായം ഉച്ചസ്ഥായിയിലാണ്. ഒരിടത്തു ദളിതനും മഹിളയുമാണ് ഫലം അനുഭവിക്കുന്നതെങ്കിൽ മറ്റൊരിടത്തു ന്യൂനപക്ഷം എന്നേ അഭിപ്രായ വ്യാത്യാസമുള്ളൂ.


ഇനിയൊരിടത്താകട്ടെ, കോളേജിൽ ചേരാത്തവർക്ക് ബിരുദവും ബിരുദാനന്തര ബിരുദവും കൂട്ടിന് ഡോക്ടറേറ്റും. സ്വന്തം നാട്ടിൽ പൊടിപൊടിക്കുന്ന ജനാധിപത്യം കാണാൻ മനക്കട്ടി കുറയുമ്പോൾ മോഡിജി വിദേശങ്ങളിലേക്ക് സ്ഥലം വിടുന്നു. ലഭ്യമാകുന്ന പരമോന്നത ബഹുമതികളൊക്കെ നേടി മടങ്ങിയെത്തി സ്വസ്ഥമായി ഉറങ്ങുന്നു.
നേതൃയോഗങ്ങൾ നിമിത്തം 'സദ്യ' പൊടിപൊടിക്കുന്നതിനാൽ, വരും കാലങ്ങളിൽ 'ഹോട്ടൽ വ്യവസായം' ഇന്ത്യയിൽ കുതിച്ചുയരും. എട്ടു മാസം കൂടി കഴിഞ്ഞാൽ നിരന്തരം തെരഞ്ഞെടുപ്പുകളാണ് ഇനിയങ്ങോട്ട്. ഉപരിപഠനം കൊതിക്കുന്ന ന്യൂജെൻ പയ്യൻസും പെൺകുഴന്തകളും 'ഹോട്ടൽ മാനേജ്‌മെന്റ്' പഠിക്കുന്നതാണ് ഉത്തമം. പണ്ടത്തെപ്പോലെ 'രാഷ്ട്രീയ'ത്തിനു വലിയ 'സ്‌കോപി'ല്ല. എല്ലാവർക്കും വേണ്ടി മലർക്കെ തുറക്കപ്പെടുന്ന വലിയ ഗേറ്റുകളും ആ മേഖലയിലില്ല. അതിന് പ്രത്യേക വർഗം തന്നെ ജന്മമെടുത്തിട്ടുണ്ട്. ജനാധിപത്യം അതുവരെ എത്തിക്കഴിഞ്ഞു അസ്സേ!


****                                 ****                     ****


മിഥുനം - കർക്കടക മാസങ്ങൾ മനുഷ്യ ശരീരത്തെ 'ഇളപ്പ'മാക്കി മാറ്റുമെന്ന് ആയുർവേദം. ചികിത്സയ്ക്ക് ഇതിലും നല്ല സമയം ഇനിയും കണ്ടെത്തിയിട്ടില്ല; ഗവേഷണങ്ങൾ നടക്കുന്നുണ്ട്. പതിവായി തല്ലുകൊള്ളുന്ന മോഷ്ടാക്കൾക്കും അവരിൽ നിന്നു തിരിച്ചു കൊള്ളുന്ന പോലീസുകാർക്കും സമയം നോക്കേണ്ടതില്ല. 'തടി കേടാക്കുന്നതിനു' തത്സമയ ചികിത്സ' എന്നാണ് ഭരണം കൈയിലുള്ളപ്പോൾ തന്നെ, അപമാനവും ക്ഷതവും ഏൽക്കുന്ന നേതാക്കൾക്കും പറ്റിയ കാലം മലയാള വർഷത്തിന്റെ അവസാന മാസങ്ങൾ തന്നെ.
മുന്നണി കൺവീനറുടെയോ മുഖ്യമന്ത്രിയുടെയോ പ്രോഗ്രാം ഡയറി കണ്ടാലറിയാം. ഒന്നാമൻ, കഠിന പരിശ്രമം ചെയ്തു ഗോവിന്ദൻ മാഷ് കോഴിക്കോട്ടു വിളിച്ചുചേർത്ത യു.സി.സി വിരുദ്ധ സമ്മേളന കാലത്ത് തെക്കോട്ടു വെച്ചുപിടിച്ചു. 'ക്ഷണിക്കാത്ത സദ്യക്ക് ഉണ്ണാൻ പോകുന്ന' പതിവ് ഇ.പി സഖാവിനില്ല. സ്വന്തം വീട്ടുകാരെ ക്ഷണിക്കുന്ന പതിവ് ഗോവിന്ദൻ സഖാവിനും ഇല്ല. ഇടതു കൺവീനർക്കു പക്ഷേ തന്റെ ബാല്യകാല സഖാവിനെ നേരിൽ ദർശിക്കാനും അനുഗ്രഹം വാങ്ങാനും രണ്ടു ദിവസം കാത്തു നിൽക്കേണ്ടി വന്നു. മുഖ്യനും ആയുർവേദത്തിലാണ്. ഒരു കാലിലെ വേദന മറ്റൊന്നിലേക്കു മാറ്റാനുളള വിദ്യയൊന്നും പ്രത്യയശാസ്ത്രത്തിലില്ലാത്തതിനാൽ, പഴഞ്ചൻ 'വേദ'ത്തിലേക്കു മാറിയെന്നേയുള്ളൂ. ഏതായാലും ഇരു സഖാക്കളും 'ചികിത്സ'യിലായതുകൊണ്ട് മുന്നണിക്കോ ഭരണത്തിനോ  നഷ്ടമൊന്നുമുണ്ടായില്ല; ലാഭമുണ്ടാവുകയും ചെയ്തു.
കായികാധ്യാപകനാണെങ്കിലും 'ആശാനും അടവു തെറ്റാം' എന്നാണ് പഴമൊഴി. 'ഏക വ്യക്തിനിയമം' ഒരു കരടു രേഖ പോലും ആകും മുമ്പേ 'കോഴിക്കോട് സമ്മേളനം' ചേർന്നത് ശരിയായോ എന്ന ചർച്ചയും നടക്കന്നുണ്ടത്രേ! കാടടച്ചു വെടിവെച്ചതു പോലെയായി. ഒന്നിനെയും കിട്ടിയില്ല. പഴയ ശവകുടീരങ്ങളിൽ നിന്നും ചില അസ്ഥികൂടങ്ങൾ പൊന്തിവരികയും ചെയ്തു. 'അവയുടെ വർത്തമാന കാലത്തെ പ്രസക്തി'യാണ് പാർട്ടിക്കുള്ളിൽ ഇപ്പോൾ രഹസ്യ ചർച്ചാ വിഷയമെന്നും കേൾക്കുന്നു. ശശി തരൂരിനും സതീശനാശാനും കുറച്ചു ചോദ്യങ്ങൾ എഴുതിയുണ്ടാക്കാൻ അവസരം കിട്ടി. കോൺഗ്രസിനു അതു ലാഭമാണ്; 'എള്ളു കൊറിച്ചാൽ എള്ളോള'മെങ്കിൽ അത്രയുമായിക്കോട്ടെ!


****                             ****                        ****


മുഖ്യമന്ത്രി സഖാവ് ഭൂഗോളത്തിൽ കാണാവുന്ന എവിടേക്ക് യാത്ര പോകുന്നതിലും വകുപ്പു ജീവനക്കാർക്കെങ്കിലും സന്തോഷമാണ്. ഓഫീസിൽ ഇല്ലാതിരുന്നാൽ സന്തോഷം ഇരട്ടിക്കുമെന്നതാണ് സർക്കാർ ജീവനക്കാരുടെ പ്രത്യേകത. ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുമെന്നു പറഞ്ഞതു പോലെ ഇനി പൊതുഭരണ വകുപ്പിലെ ജീവനക്കാർക്കു പാട്ടുകേട്ടിരുന്നു ജോലി ചെയ്യാം. 'മ്യൂസിക് സിസ്റ്റം' റെഡി! വിശേഷ ദിവസങ്ങളിൽ ജീവനക്കാർ തന്നെ പാടാൻ ആഗ്രഹിച്ചെന്നും വരാം.'മൈക്ക്' കൂടി ടി സംഗീത സംവിധാനത്തിൽ ഉൾപ്പെടുത്തിയാൽ നന്ന്. ഇതൊരു 'ഭരണ നേട്ട'മായി കണക്കിലെഴുതരുതേ എന്നൊരപേക്ഷ. പക്ഷേ പൊതുമോഖലാ സ്ഥാപനങ്ങളിലും മേൽപടി പരിപാടി മുമ്പേ തന്നെ നിലവിലുണ്ട്.
ആനവണ്ടി കോർപറേഷൻ വക 'സ്ഫിട്' വണ്ടി സംഗീതമുണ്ടെങ്കിൽ മാത്രമേ ഓടൂ  എന്നാണറിവ്. ജീവനക്കാരിൽ 1243 പേർ ഓഫീസിൽ ചെന്ന് ഒപ്പിട്ട ശേഷം മുങ്ങുകയാണെന്നാണ് മറ്റൊരു വാർത്ത. അവർക്കായി ഹാജർ ബുക്ക് സൂക്ഷിക്കുന്ന മുറിയിൽ സംഗീത പരിപാടികൾ കേൾപ്പിക്കണം. 'സംഗീത ചികിത്സ' കൊണ്ട് രോഗികൾ സുഖം പ്രാപിച്ചിട്ടുണ്ടെന്നാണ് കേൾവി. 'ഒഴപ്പ'ന്മാർക്കും അതു പരീക്ഷിക്കാവുന്നതാണ്. വിജയിച്ചാൽ ആനവണ്ടി കേർപറേഷന്റെ നാമം പല 'വേൾഡ് റെക്കോർഡ്' ബുക്കുകളിലും ഇടംപിടിക്കും. കോർപറേഷന്റെ സി.എം.ഡി ഒരു ശോകഗാനവും മൂളിയാണ് പടിയിറങ്ങാൻ പോകുന്നതത്രേ 'ഏകാന്ത പഥികൻ ഞാൻ, ഏതോ സ്വപ്ന വസന്ത വനത്തിലെ / ഏകാന്ത പഥികൻ ഞാൻ!
അദ്ദേഹത്തെ തിരിച്ചു വിളിക്കാൻ പറ്റിയ ഒരു നാടക ഗാനവും കേൾപ്പിക്കാൻ അവസരമുണ്ടാകും- 'വരു കലാകാരാ, ഭാവനാ ലോക ദേവ കുമാര....' ശ്രമിച്ചു നോക്കണം. ഒത്താൽ ഒരു മല, പോയാൽ.....

Latest News