Sorry, you need to enable JavaScript to visit this website.

മമത ബാനർജിയുടെ വസതിയിലേക്ക് ആയുധവുമായി എത്തിയ ആൾ പിടിയിൽ

കൊൽക്കത്ത- പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കാളിഘട്ടിലെ വസതിയിലേക്ക് ആയുധങ്ങളും മയക്കുമരുന്നുമായി വാഹനത്തിൽ കടക്കാൻ ശ്രമിച്ച ഒരാളെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോൾ മമത ബാനർജി ഈ വസതിയിലുണ്ടായിരുന്നു. ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള മമത ബാനർജിയുടെ വസതിയിലേക്ക് 'പോലീസ്' സ്റ്റിക്കർ പതിച്ച കറുത്ത കാറും ഓടിച്ചാണ് ഇയാൾ എത്തിയത്. കറുത്ത കോട്ട് ധരിച്ചിരുന്ന ഇയാളെ പരിശോധനയ്ക്കിടെയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

''ആയുധങ്ങൾ, ഒരു കുക്രി, കഞ്ചാവ്, ബി.എസ്.എഫ് തുടങ്ങിയ വിവിധ ഏജൻസികളുടെ നിരവധി തിരിച്ചറിയൽ കാർഡുകൾ എന്നിവയും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇയാൾ എത്തിയ സംഭവത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇയാളുടെ യഥാർത്ഥ ഉദ്ദേശം എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കുന്നുവെന്നും കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ കൂടിയായ മമത ബാനർജി കാളിഘട്ടിലെ വസതിയിൽ നിന്ന് സെൻട്രൽ കൊൽക്കത്തയിലെ രക്തസാക്ഷി ദിന റാലി വേദിയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം.

സംഭവത്തിൽ കൊൽക്കത്ത പോലീസ് കമ്മീഷണറെയും കാളിഘട്ട് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്‌പെക്ടറെയും സസ്‌പെൻഡ് ചെയ്യണമെന്ന് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
ഇതാണ് പോലീസിന്റെ യഥാർത്ഥ ജോലി. വി.ഐ.പികളുടെ കർശന സുരക്ഷ അവർ ഉറപ്പാക്കണം. ഇത്തരമൊരു സംഭവം തടയുകയാണ് ഇവരുടെ ചുമതല. പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് അതിക്രമം കാണിക്കലല്ല ജോലി. തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ ഏർപ്പെടാൻ ടി.എം.സി പ്രവർത്തകരെ സഹായിക്കുകയല്ല പോലീസ് ഉദ്യോഗസ്ഥരുടെ ജോലി. മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ചയുടെ പേരിൽ കൊൽക്കത്ത പോലീസ് കമ്മീഷണറെയും കാളിഘട്ട് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്‌പെക്ടറെയും ഉടൻ സസ്പെൻഡ് ചെയ്യണമെന്നും സുവേന്ദു അധികാരി പറഞ്ഞു.

Latest News