തെഹ്‌റാൻ- ഇറാനിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സ്‌കൂൾ സൂപ്പർവൈസർക്ക് 10 വർഷം ജയിലും 80 അടിയും ശിക്ഷ വിധിച്ചു. തലസ്ഥാനത്തെ സ്വകാര്യ ബോയ്‌സ് ഹൈസ്‌കൂളിലെ നിരവധി കൂട്ടികളെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് കേസെന്ന് ഇറാൻ അർധ ഔദ്യോഗിക വാർത്താ ഏജൻസി ഇസ്‌ന റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മേയിൽ വാർത്ത പുറത്തു വന്നതിനു ശേഷം ഈ സംഭവം ഇറാൻ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. കുറ്റവാളിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ഇറൻ നേതാവ് അലി ഖാംനഇ ജുഡീഷ്യറിയോട് ആവശ്യപ്പെട്ടിരുന്നു. ബലാത്സംഗത്തിനു തെളിവില്ലാത്തതിനാലാണ് പ്രതിക്ക് വധശിക്ഷ ഒഴിവായത്. കുട്ടികളുടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചാണ് ബലാത്സംഗ ആരോപണം കോടതി തള്ളിയത്. ഇറാനിൽ ബലാത്സംഗത്തിന് വധശിക്ഷയാണ് വിധിക്കാറുള്ളത്. മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ചാണ് സ്‌കൂൾ സൂപ്പർവൈസർ കുട്ടികളെ ചൂഷണം ചെയ്തിരുന്നതെന്ന് കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു.