Sorry, you need to enable JavaScript to visit this website.

രാമപാതയിൽ തടസ്സം, അയോധ്യയിൽ പള്ളി മിനാരം പൊളിക്കാനൊരുങ്ങി അധികൃതർ; കേസ് കോടതിയിൽ

ലഖ്നൗ- അയോധ്യയിൽ പതിനെട്ടാം നൂറ്റാണ്ടിൽ ശിയാ പള്ളിയുടെ ഒരു മിനാരം പൊളിക്കാനൊരുങ്ങി ഉത്തർപ്രദേശ് പൊതുമരാമത്ത് വകുപ്പ്. ക്ഷേത്ര നഗരത്തിലെ ആറ് വരി പാതയുടെ വീതി കൂട്ടുന്നതിന് തടസ്സമായതിനാലാണ് പള്ളിയുടെ മിനാരങ്ങളിലൊന്ന് പൊളിക്കാനുള്ള നടപടി. 
ലഖ്‌നൗ-അയോധ്യ ഹൈവേയിലെ ഷഹാദത്ഗഞ്ച് പ്രദേശത്തെ അയോധ്യാ നഗരത്തിലെ നയാ ഘട്ടുമായി ബന്ധിപ്പിക്കുന്ന  നിർദിഷ്ട റോഡിന്റെ മൂന്ന് മീറ്ററോളം വീതി കൂട്ടുന്നതിനായാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനം.

നഗരത്തിലെ ഗുദ്രി ബസാറിലുള്ള മസ്ജിദ് ഖജൂർ വാലി പള്ളിയുടെ മിനാരം പൊളിക്കുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. മസ്ജിദ് കേടുകൂടാതെ സൂക്ഷിക്കാൻ ബീം നിർമിക്കാനും മിനാരം നീക്കം ചെയ്യാനും മസ്ജിദ് അധികൃതർക്ക് സമയം നൽകിയിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
അതിനിടെ, പൊളിക്കൽ നോട്ടീസിനെതിരെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയിൽ ഹരജി നൽകി. ശിയാ വഖഫ് ബോർഡ്, അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ്, പിഡബ്ല്യുഡി എന്നിവരിൽ നിന്ന് മറുപടി ആവശ്യപ്പെട്ട് മാർച്ച് മൂന്നിനാണ്  കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. .
എല്ലാ കക്ഷികളുടെയും മറുപടികൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് മസ്ജിദ് കമ്മിറ്റിയുടെ ലീഗൽ ടീമിലെ അംഗമായ അഡ്വ. ഇൻതസാർ ഹുസൈൻ പറഞ്ഞു. പള്ളി ഒരു ചരിത്ര ഘടനയാണെന്നും ശിയാ സമുദായത്തിന്റെ പ്രതീകമാണെന്നും ഹർജിയിൽ കോടതിയെ അറിയിച്ചിട്ടുണ്ട്. മിനാരം പൊളിക്കരുതെന്ന് ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകണമെന്നാണ്  കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് മൂന്നിന് അവസാനമായി കേസ് പരിഗണിച്ചെങ്കിലും സമയക്കുറവ് കാരണം വാദം കേട്ടില്ല- ഹുസൈൻ പറഞ്ഞു.
യുപി ശിയ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പള്ളിയുടെ ഒരു ഭാഗം പൊളിക്കാൻ അധികൃതർ  മസ്ജിദ് മാനേജ്മെന്റിൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് മസ്ജിദ് കെയർടേക്കർ പർവേസ് ഹുസൈൻ പറഞ്ഞു.
 

Latest News