Sorry, you need to enable JavaScript to visit this website.

ട്രെയിൻ കേടായി മരുഭൂമിയിൽ കുടുങ്ങിയവർക്ക് നഷ്ടപരിഹാരം

ജിദ്ദ - ട്രെയിൻ കേടായി അഞ്ചു മണിക്കൂറോളം നേരം മരുഭൂമിയിൽ കുടുങ്ങിയവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഹറമൈൻ ഹൈസ്പീഡ് റെയിൽവെ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. സംഭവത്തിൽ ക്ഷമാപണം നടത്തി യാത്രക്കാർക്ക് അഡ്മിനിസ്‌ട്രേഷൻ എസ്.എം.എസ്സുകൾ അയച്ചു. ബുധനാഴ്ച ഉച്ചക്ക് മക്കയിൽ നിന്ന് ജിദ്ദ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള സർവീസിനിടെയാണ് മാർഗമധ്യേ ട്രെയിൻ കേടായി മരുഭൂമിയിൽ കുടുങ്ങിയത്. അഞ്ചു മണിക്കൂറിനു ശേഷം എത്തിച്ച മറ്റൊരു ട്രെയിനിലേക്ക് യാത്രക്കാരെ മാറ്റി പിന്നീട് ലക്ഷ്യസ്ഥാനത്തെത്തിക്കുകയായിരുന്നു. 
മക്ക റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 20 മിനിറ്റിനു ശേഷം ട്രെയിൻ കേടാവുകയായിരുന്നെന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞു. ജിദ്ദയിൽ നിന്ന് 40 മിനിറ്റ് യാത്രാ ദൂരമുള്ള മരുഭൂപ്രദേശത്താണ് ട്രെയിൻ കേടായത്. പലതവണ നിർത്തിയും നന്നാക്കിയും സാവകാശം യാത്ര തുടർന്ന ട്രെയിൻ പിന്നീട് പൂർണമായും നിർത്തുകയായിരുന്നു. ദീർഘനേരം വഴിയിൽ കുടുങ്ങിയത് സ്ത്രീകളും കുട്ടികളും വികലാംഗരും അടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കി. അഞ്ചു മണിക്കൂർ പിന്നിട്ട ശേഷമാണ് മറ്റൊരു ട്രെയിൻ എത്തിച്ച് യാത്രക്കാരെ അതിലേക്ക് മാറ്റി ലക്ഷ്യസ്ഥാനത്തെത്തിച്ചതെന്നും യാത്രക്കാരൻ പറഞ്ഞു.
വിമാനത്താവളത്തിൽ എത്താൻ കാലതാമസം നേരിട്ടതിനാൽ വിമാന സർവീസുകൾ നഷ്ടപ്പെട്ടതായി യാത്രക്കാർ പറഞ്ഞു. യാത്രക്കാരിൽ ഭൂരിഭാഗവും ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവരായിരുന്നു. കൃത്യസമയത്ത് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ ഇവർക്ക് സർവീസുകൾ നഷ്ടപ്പെടുകയായിരുന്നു. ട്രെയിൻ സർവീസ് മുടങ്ങിയതു മൂലം നേരിട്ട കഷ്ട നഷ്ടങ്ങൾക്ക് ബന്ധപ്പെട്ടവർ മതിയായ നഷ്ടപരിഹാരം നൽകണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. 

Latest News