നിർമ്മിത ബുദ്ധി ഉപയോഗിച്ച് പല രീതിയിലുള്ള തട്ടിപ്പുകൾക്ക് സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും പറഞ്ഞ് കേരള പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ചെറിയ തട്ടിപ്പായത് കൊണ്ടു മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.
ലോകത്തെ ഞെട്ടിച്ചു കൊണ്ട് മുന്നേറുകയാണ് അതിനൂതന സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി. ഇതിന്റെ ഗുണദോഷങ്ങളെക്കുറിച്ചാണ് ഇപ്പോൾ ലോകം ചർച്ച ചെയ്തുകൊണ്ടിരുക്കുന്നത്. നിർമ്മിത ബുദ്ധിയിലൂടെ ഒരു വലിയ സാങ്കേതിക വിപ്ലവം തന്നെ ലോകത്ത് നടക്കാൻ പോകുകയാണെന്നാണ് ഇതിനെ അനുകൂലിക്കുന്ന സാങ്കേതിക വിദഗ്ധർ പറയുന്നത്. എന്നാൽ ലോകത്തെ നാശത്തിലേക്കാണ് നിർമ്മിത ബുദ്ധി കൊണ്ടു പോകുകയെന്നും അത് മനുഷ്യ വംശത്തിന്റെ തന്നെ നിലനിൽപ്പിനെ ബാധിക്കുമെന്നും, മനുഷ്യൻ യന്ത്രങ്ങളായി മാറുമെന്നും, ഇപ്പോഴുള്ള ലോകക്രമത്തെ ഭീകരമായ രീതിയിൽ അത് കീഴ്‌മേൽ മറിയ്ക്കുമെന്നൊക്കെ നിർമ്മിത ബുദ്ധിയെ എതിർക്കുന്നവർ പറയുന്നു.
എന്നാൽ സാങ്കേതിക വിദ്യകളുടെ വികാസങ്ങളെ എങ്ങനെ ഫലപ്രദമായി തട്ടിപ്പിന് ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ഹൈടെക് തട്ടിപ്പുകാർ. നിർമ്മിത ബുദ്ധി ഉപയോഗിച്ച് എങ്ങനെ വലിയ തട്ടിപ്പുകൾ നടത്താമെന്നാണ് അവരുടെ ഇപ്പോഴത്തെ ചിന്ത. തട്ടിപ്പിന് ഏറ്റവും പറ്റിയതാണ് നിർമ്മിത ബുദ്ധിയെന്നാണ് സൈബർ കള്ളൻമാരുടെ പക്ഷം. അവർ അത് ഉപയോഗിച്ച് ലോകമാകെ തട്ടിപ്പും തുടങ്ങിയിട്ടുണ്ട്. ലോകത്ത് ഏതോ മൂലയിൽ നടക്കുന്ന സംഭവമാണ് ഇതെന്ന് ആരും കരുതേണ്ട. ഇരുപത്തിനാല് മണിക്കൂറും സൈബർ ഇടങ്ങളിൽ ചുറ്റിത്തിരിയുന്ന മലയാളികളെത്തേടി നിർമ്മിത ബുദ്ധി കള്ളൻമാർ പല വിദ്യകളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. കോഴിക്കോട്ടുകാരനായ വിരമിച്ച ഒരു ഉദ്യോഗസ്ഥനാണ് നിർമ്മിത ബുദ്ധിയുടെ തട്ടിപ്പിന് കഴിഞ്ഞ ദിവസം ഇരയായത്. 40,000 രൂപയാണ് ഇയാൾക്ക് നഷ്ടപ്പെട്ടത്.
കോൾ ഇന്ത്യ കമ്പനിയിൽ കൂടെ ജോലി ചെയ്ത ആന്ധ്രാ സ്വദേശിയാണെന്ന് പറഞ്ഞ് വാട്‌സാപ്പ് കോളിലൂടെ വന്നായിരുന്നു തട്ടിപ്പ്. പണ്ട് ജോലി ചെയ്ത അനുഭവങ്ങളും അന്നുണ്ടായ കാര്യങ്ങളുമെല്ലാം അതേ രീതിയിലും ഭാവത്തിലും സുഹൃത്തിന്റെ ശബ്ദത്തിലും വിവരിക്കുകയായിരുന്നു. വാട്‌സാപ്പ് ഡിപിയായി പഴയ ഫോട്ടോയും ഉണ്ടായിരുന്നു. പഴയ സുഹൃത്തുക്കളെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള സുഖവിവരം ആരാഞ്ഞതോടെ സുഹൃത്ത് തന്നെയാണിതെന്ന് ഉറപ്പിച്ചു. പിന്നാലെയാണ് ഭാര്യാ സഹോദരിയുടെ ശസ്ത്രക്രിയയ്ക്കായി 40,000 രൂപ അയക്കാൻ ആവശ്യപ്പെടുന്നത്. താൻ ദുബായിലാണെന്നും മുംബൈയിൽ എത്തിയാലുടൻ പണം തിരികെ നൽകുമെന്നുമായിരുന്നു വാഗ്ദാനം. ഒന്നും നോക്കാതെ പണം അയച്ചു കൊടുക്കുകയും ചെയ്തു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് മണത്തത്. കൂടെ ജോലി ചെയ്ത ആന്ധ്രക്കാരന്റെ നമ്പർ സംഘടിപ്പിച്ച് വിളിച്ചു നോക്കിയപ്പോഴാണ് ഇയാളുടെ പേരിൽ പലരെയും തട്ടിപ്പിനിരയാക്കിയ കാര്യം അറിയുന്നത്. പോലീസിൽ പരാതി നൽകിയപ്പോഴാണ് മഹാരാഷ്ട്രയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് 40,000 രൂപ പോയതെന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.
നിർമ്മിത ബുദ്ധി ഉപയോഗിച്ച് പല രീതിയിലുള്ള തട്ടിപ്പുകൾക്ക് സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും പറഞ്ഞ് കേരള പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ചെറിയ തട്ടിപ്പായത് കൊണ്ടു മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.
നിർമ്മിത ബുദ്ധി കള്ളൻമാർ വലിയ സാമ്പത്തിക സ്ഥാപനങ്ങളും ട്രേഡിംഗ് പ്ലാറ്റുഫോമുകളുമൊക്കെയാണ് പ്രധാനമായും ലക്ഷ്യമിടാൻ പോകുന്നത്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഡീപ് ഫേക്ക് വീഡിയോകൾ നിർമ്മിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഇതിനായി ആപ്പുകളും സോഫ്റ്റ്‌വെയറുകളുമുണ്ട്. അതായത് ക്യാമറയിൽ ഒരാളുടെ ഫോട്ടോയോ വീഡിയോയോ എടുത്ത് നിമിഷങ്ങൾക്കുള്ളിൽ അതിനെ മറ്റൊരാളാക്കി മാറ്റാൻ കഴിയും. ശബ്ദവും ചലനങ്ങളുമെല്ലാം ഈ രീതിയിൽ മാറ്റാനാകും. ആർക്കും ആരെയും വിശ്വസിക്കാൻ പോലും സാധിക്കാത്ത രീതിയിലേക്കാണ് നിർമ്മിത ബുദ്ധി മുന്നോട്ട് പോകുന്നത്. പണം ആവശ്യപ്പെട്ടും മറ്റും വരുന്ന ഫോൺ വിളികളിലും വീഡിയോ കോളുകളിലും മറ്റും ഒറ്റയടിക്ക് വീഴാതെ ജാഗ്രത പാലിക്കുക മാത്രമാണ് തട്ടിപ്പിനിരയാകാതിരിക്കാനുള്ള പോംവഴി. ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലും ബാങ്ക് അക്കൗണ്ടുകളിലും മറ്റും നിർമ്മിത ബുദ്ധി കള്ളൻമാർ നുഴഞ്ഞുകയറാനുള്ള സാധ്യത വളരെയേറെയാണ്. എല്ലാത്തിലും ചാടിയിട്ട് ഒടുവിൽ കീശ കാലിയായതിന് ശേഷം വിലപിച്ചിട്ട് കാര്യമില്ല.