ഉപഭോക്താക്കളെ പിടിച്ചു നിർത്താനുതകുന്ന ഉദ്ദേശിച്ച രീതിയിലുള്ള കാര്യമായ ഫീച്ചറുകളൊന്നും ത്രെഡ്‌സിൽ ഇല്ലെന്നതാണ് ജനപ്രീതി താഴ്ന്നുകൊണ്ടിരിക്കുന്നതിന്റെ കാരണമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതൊന്നും വലിയ പ്രശ്‌നമല്ലെന്നും ഉപഭോക്താക്കൾ സ്ഥിരത നിലനിർത്തിക്കൊണ്ട് തിരിച്ചെത്തുമെന്നുമാണ് ത്രെഡ്‌സിന്റെ ഉടമയായ മെറ്റയും അതിന്റെ മേധാവിയായ മാർക്ക് സക്കർബർഗും പറയുന്നത്.
ലോകം കീഴടക്കുമെന്ന് പറഞ്ഞ് എത്തിയതാണ് മെറ്റയുടെ പുതിയ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ്. വരവ് തന്നെ വലിയൊരു ആഘോഷമായിരുന്നു. മറ്റൊരു സേഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിനും കിട്ടാത്ത വൻ വരവേൽപ്പ് ത്രെഡ്‌സിന് ലഭിക്കുകയും ചെയ്തു. ആളുകൾ മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ത്രെഡ്‌സിലേക്ക് കൂട്ടത്തോടെ ചേക്കേറി. കോടിക്കണക്കിന് ആരാധകരുള്ള ലോകത്തെ സെലിബ്രിറ്റികളിൽ പലരും ത്രെഡ്‌സിന്റെ ഭാഗമായി. അത്ഭുതകരവും വ്യത്യസ്തവുമായ ഫീച്ചറുകൾ ഇല്ലാതെ ഇറങ്ങുന്ന പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളൊന്നും വിജയിക്കാൻ പോകുന്നില്ലെന്ന് പ്രവചനം നടത്തിയ ടെക്‌ലോകത്തെ 'ജ്യോതിഷികൾ ' പോലും ത്രെഡ്‌സിന്റെ ജനപ്രീതി കണ്ട് അന്തം വിട്ടുപോയി.
എന്നാൽ കാര്യങ്ങൾ ഇപ്പോൾ അത്ര പന്തിയല്ലെന്നാണ് ടെക്‌ലോകത്ത് നിന്നുള്ള വർത്തമാനം. ദാ വന്നു ദേ പോയി എന്ന അവസ്ഥയിലാണ് ത്രെഡ്‌സിലെ ഉപഭോക്താക്കൾ. ത്രെഡ്‌സ് അവതരിപ്പിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പത്ത് കോടി ഉപഭോക്താക്കളാണ് ഇതിലേക്കെത്തിയത്. മറ്റൊരു സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിനും ലഭിക്കാത്ത സ്വീകരണമായിരുന്നു ത്രെഡ്‌സിന് ഉണ്ടായിരുന്നത്. എന്നാൽ സജീവ ഉപഭോക്താക്കളുടെ എണ്ണം ഇപ്പോൾ കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പഴയ ആവേശമൊന്നും ഇപ്പോഴില്ല.
കഴിഞ്ഞ ജൂലായ് ഏഴിനാണ് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ത്രെഡ്‌സിലെത്തിയതെന്നാണ് വിവിധ ആപ്ലിക്കേഷനിലേക്കും വെബ്ബുകളിലേക്കുമെല്ലാമുള്ള ട്രാഫിക്കിനെക്കുറിച്ച് ഗവേഷണം നടത്തുന്ന സിമിലർ വെബ്ബ് എന്ന സ്ഥാപനം നൽകുന്ന വിവരം. ജൂലായ് ഏഴിന് 4.9 കോടി ആളുകളാണ് ത്രെഡ്‌സിൽ കയറിയത്. എന്നാൽ ഒരാഴ്ച കഴിഞ്ഞ് ജൂലായ് 14 ന് ത്രെഡ്‌സിലെത്തിയവരുടെ എണ്ണം 2.36 കോടിയായി കുറഞ്ഞു. അതായത് ഇതിൽ കയറി നോക്കുകയെങ്കിലും ചെയ്യുന്ന ഉപഭോക്താക്കളുടെ എണ്ണം പകുതിയിലധികം കുറഞ്ഞുവെന്നർത്ഥം. ഉപഭോക്താക്കൾ ചെലവഴിക്കുന്ന സമയവും കുത്തനെ ഇടിഞ്ഞു. നേരത്തെ 21 മിനിട്ടുണ്ടായിരുന്നത് ഇപ്പോൾ ആറ് മിനിട്ടായി കുറഞ്ഞിരിക്കുകയാണ്.
ഉപഭോക്താക്കളെ പിടിച്ചു നിർത്താനുതകുന്ന ഉദ്ദേശിച്ച രീതിയിലുള്ള കാര്യമായ ഫീച്ചറുകളൊന്നും ത്രെഡ്‌സിൽ ഇല്ലെന്നതാണ് ജനപ്രീതി താഴ്ന്നുകൊണ്ടിരിക്കുന്നതിന്റെ കാരണമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതൊന്നും വലിയ പ്രശ്‌നമല്ലെന്നും ഉപഭോക്താക്കൾ സ്ഥിരത നിലനിർത്തിക്കൊണ്ട് തിരിച്ചെത്തുമെന്നുമാണ് ത്രെഡ്‌സിന്റെ ഉടമയായ മെറ്റയും അതിന്റെ മേധാവിയായ മാർക്ക് സക്കർബർഗും പറയുന്നത്. ത്രെഡ്‌സിലേക്ക് തുടക്കത്തിൽ തന്നെ ഇത്രയധികം ഉപഭോക്താക്കൾ കുതിച്ചെത്തുമെന്ന് സക്കർബർഗ് പോലും പ്രതീക്ഷിച്ചിരുന്നില്ല. ഉപഭോക്താക്കളുടെ എണ്ണം കുത്തനെ ഇടിഞ്ഞെങ്കിലും സ്ഥിരത കൈവരിച്ച് മുന്നോട്ട് പോകാൻ എങ്ങനെ കഴിയുമെന്നതിനെക്കറിച്ച് തലപുകയ്ക്കുകയാണ് മെറ്റയുടെ മേധാവികൾ. പുതിയ ഫീച്ചറുകൾ കൊണ്ട് വന്ന് ഉപഭോക്താക്കളെ പിടിച്ചു നിർത്താനായിരിക്കും കമ്പനി ശ്രമിക്കുക. അത് സാധ്യമാകുമോയെന്നാണ് ടെക്‌ലോകം ഉറ്റു നോക്കുന്നത്.