Sorry, you need to enable JavaScript to visit this website.

ഉമ്മൻ ചാണ്ടി: പ്രവാസികളുടെ ഹൃദയത്തിൽ ഇടം നേടിയ നേതാവ് 

സൗദി സന്ദർശന വേളയിൽ ഉമ്മൻ ചാണ്ടി സാമൂഹ്യ പ്രവർത്തകരോടൊപ്പം തർഹീൽ (നാടുകടത്തൽ കേന്ദ്രം) സന്ദർശിക്കുന്നു.
റിയാദിലെ ഇന്ത്യൻ മീഡിയ ഫോറം പ്രവർത്തകരോടൊപ്പം ഉമ്മൻ ചാണ്ടി.

സൗദിയിൽ അബഹയിലെ ജയിലിലും റിയാദിലേയും ദമാമിലെയും ജയിലുകളിലും വിവിധ കേസുകളിലായി വധശിക്ഷ വിധിക്കപ്പെട്ട് കഴിഞ്ഞിരുന്ന നിരവധി മലയാളികളെയാണ് ഉമ്മൻചാണ്ടി ഇടപെട്ട് പ്രമുഖ പ്രവാസി വ്യവസായികളുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്തോടെ മോചനദ്രവ്യം നൽകി മോചിപ്പിച്ചിട്ടുള്ളത്. അതിനായി അദ്ദേഹം നേരിട്ട് സൗദിയിൽ വന്നും  അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ശിവദാസനെ സൗദിയിലേക്ക് അയച്ചും നടത്തിയ പരിശ്രമങ്ങൾ നിസ്തുലമാണ്.

 

 

സാധാരണ പ്രവാസികളുടെ പ്രിയങ്കരനായ നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നത്. തങ്ങളുടെ വേവലാതികളും പരാതികളും സങ്കടങ്ങളും ബോധിപ്പിക്കാനും അതിന് പരിഹാരം കാണാനും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ അടുത്തെത്താൻ പ്രവാസി സമൂഹത്തിന് യാതൊരു മാർഗവും ഇല്ലാതിരിക്കുമ്പോഴാണ് കാരുണ്യത്തിന്റെ സാന്ത്വനസ്പർശവുമായി ഉമ്മൻ ചാണ്ടി അവരിലേക്ക് അടുത്തത്. അദ്ദേഹം എം.എൽ.എ ആയിരിക്കുമ്പോഴും മന്ത്രിയും മുഖ്യമന്ത്രിയും ആയപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും പ്രവാസലോകത്തെ പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ സാധാരണക്കാരായ പ്രവാസി മലയാളികൾക്ക് അദ്ദേഹം നൽകിയിരുന്ന ആശ്വാസം ചെറുതായിരുന്നില്ല.
സൗദിയിലോ യു എ ഇ യിലോ ഒമാനിലോ മറ്റെവിടെയെങ്കിലും ഒരു മലയാളി നിരപരാധിത്വം തെളിയിക്കാനാവാതെ ജയിലിൽ കഴിയുന്നു എന്നറിഞ്ഞാൽ ഉടനെ ആ പ്രദേശത്തെ എൻ. ആർ. ഐ പ്രമുഖരെയോ സാമൂഹ്യപ്രവർത്തകരെയോ സംഘടനാ ഭാരവാഹികളെയോ ബന്ധപ്പെട്ട് അവർ മോചിതരാകുന്നത് വരെ അദ്ദേഹം അവരോടൊപ്പം ഉണ്ടാകുമായിരുന്നു. യു.എ.ഇ യിലെയും സൗദിയിലെയും ബഹ്‌റൈനിലെയുമെല്ലാം നാടുകടത്തൽ കേന്ദ്രത്തിലും ജയിലുകളിലും ഇത്രയേറെ സന്ദർശനം നടത്തിയ മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാകാൻ സാധ്യതയില്ല.
സൗദിയിൽ അബഹയിലെ ജയിലിലും റിയാദിലേയും ദമാമിലെയും ജയിലുകളിലും വിവിധ കേസുകളിലായി വധശിക്ഷ വിധിക്കപ്പെട്ട് കഴിഞ്ഞിരുന്ന നിരവധി മലയാളികളെയാണ് ഉമ്മൻചാണ്ടി ഇടപെട്ട് പ്രമുഖ പ്രവാസി വ്യവസായികളുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്തോടെ മോചനദ്രവ്യം നൽകി മോചിപ്പിച്ചിട്ടുള്ളത്. അതിനായി അദ്ദേഹം നേരിട്ട് സൗദിയിൽ വന്നും  അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ശിവദാസനെ സൗദിയിലേക്ക് അയച്ചും നടത്തിയ പരിശ്രമങ്ങൾ നിസ്തുലമാണ്. ഇതിനായി പ്രവാസി ഭാരതീയ സമ്മാൻ ജേതാവും നോർക്ക പ്രതിനിധിയുമായിരുന്ന ശിഹാബ് കൊട്ടുകാടുമായും നാസ് വക്കം, സിറാജ് പുറക്കാട്, അഷ്‌റഫ് കുറ്റിച്ചൽ തുടങ്ങിയ സാമൂഹ്യ പ്രവർത്തകരുമായും അദ്ദേഹം നിരന്തരം ബന്ധപ്പെടുമായിരുന്നു.
2012 ഫെബ്രുവരിയിൽ സൗദി ജയിലിൽ ശിക്ഷ കാലാവധി കഴിഞ്ഞും നാട്ടിലേക്ക് മടങ്ങാനാകാതെ കഴിയുന്ന പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാൻ കേരള സർക്കാരും നോർക്കയും ചേർന്ന് പ്രഖ്യാപിച്ച പ്രത്യേക പദ്ധതി ആയിരുന്നു സ്വപ്ന സാഫല്യം. ഈ പദ്ധതിയുമായി സൗദിയിലെ പ്രമുഖ ട്രാവൽ കമ്പനിയായ ഐ ടി എൽ വേൾഡ് ചെയർമാനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഡോ. സിദ്ദീക്ക് അഹമ്മദ് സഹകരിക്കാമെന്ന് അറിയിച്ചതോടെ നൂറിലധികം മലയാളികളെയാണ് സൗജന്യ വിമാന ടിക്കറ്റ് നൽകി നാട്ടിലെത്തിക്കാൻ ഉമ്മൻ ചാണ്ടി സർക്കാരിന് സാധിച്ചത്.
സൗദിയിലെയും യു ഇ യിലേയും പൊതുമാപ്പ് സമയത്തും ഉമ്മൻ ചാണ്ടി സർക്കാർ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാനും  അവർക്ക് പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിച്ചു നടപ്പിലാക്കാനും നടത്തിയ ശ്രമങ്ങൾ സമാനതകളില്ലാത്തതായിരുന്നു.
പ്രവാസി വ്യവസായികളായ ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. സി കെ മേനോൻ, ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ്, ഗൾഫാർ മുഹമ്മദലി, ആലുങ്ങൽ മുഹമ്മദ് ( അൽ അബീർ) തുടങ്ങിയവരെയെല്ലാം സാധാരണ പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ ഇടപെടുവിപ്പിക്കുവാൻ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രത്യേകം താൽപര്യമെടുത്തിരുന്നു.
അദ്ദേഹത്തിന്റെ വിയോഗവാർത്ത അറിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ പ്രവാസി സമൂഹം അനുശോചനം രേഖപ്പെടുത്താനും അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോ പങ്ക് വെക്കാനുമുള്ള മത്സരത്തിലാണ്. ഇത്രയേറെ ഫോട്ടോകൾ പ്രവാസലോകത്തെ സാധാരണക്കാരോടൊപ്പം അദ്ദേഹം എടുത്തിരുന്നു എന്ന് ഇന്ന് സോഷ്യൽ മീഡിയയിലും വാട്ട്‌സാപ്പിലെ പ്രൊഫൈൽ ഫോട്ടോയും കണ്ടാൽ നമ്മൾ അത്ഭുതപ്പെടും. പ്രവാസലോകത്ത് ഇത്രയേറെ സ്വാധീനമുണ്ടായിരുന്ന മറ്റൊരു നേതാവുണ്ടായിരുന്നോ എന്ന് സംശയമാണ്.

Latest News